FootballISL

സൂപ്പര്‍ കപ്പ് അടുത്ത സീസണില്‍ കെട്ടിലും മട്ടിലും ‘യൂറോപ്യന്‍’ സ്റ്റൈലില്‍; നീക്കം ഇങ്ങനെ

ഇന്ത്യന്‍ ഫുട്‌ബോള്‍ കൂടുതല്‍ പ്രെഫഷണലാക്കുകയെന്ന ഉദേശത്തോടെയാണ് കല്യാണ്‍ ചൗബെ പ്രസിഡന്റായ പുതിയ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ തുടക്കം മുതലുള്ള നീക്കങ്ങള്‍. 2047 റോഡ് മാപ്പ് അവതരിപ്പിച്ച എഐഎഫ്എഫ് ഈ വര്‍ഷത്തെ ഫുട്‌ബോള്‍ കലണ്ടറും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ഓരോ ദിവസവും വ്യത്യസ്തമായ നല്ല വാര്‍ത്തകള്‍ തന്നെയാണ് ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇപ്പോഴിതാ സൂപ്പര്‍ കപ്പിന്റെ കാര്യത്തിലും സന്തോഷ വാര്‍ത്ത പുറത്തു വന്നിരിക്കുന്നു.

അടുത്ത വര്‍ഷം മുതല്‍ സൂപ്പര്‍ കപ്പിനെ യൂറോപ്യന്‍ സ്റ്റൈലില്‍ പുനരവതരിപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം. ഐഎസ്എല്ലും ഐലീഗും നടക്കുന്നതിനിടെ തന്നെ സൂപ്പര്‍ കപ്പും നടത്താനാണ് പദ്ധതി. സൂപ്പര്‍ കപ്പിലേക്ക് കൂടുതല്‍ ടീമുകളെയും കൊണ്ടുവരും.

ഐലീഗ്, ഐഎസ്എല്‍ ക്ലബുകള്‍ക്കൊപ്പം ഐലീഗ് 2 കളിക്കുന്ന ടീമുകള്‍ക്കും അവസരം ലഭിച്ചേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടോ മൂന്നോ ഐലീഗ്, ഐഎസ്എല്‍ മല്‍സരത്തിനിടയ്ക്ക് ഒരു സൂപ്പര്‍ കപ്പ് മല്‍സരം എന്ന നിലയിലാകും പുതിയ ഘടന.

ഇതുവഴി ഐഎസ്എല്‍, ഐലീഗ് ക്ലബുകള്‍ക്ക് വ്യത്യസ്ത എതിരാളികളെ ലഭിക്കുന്നത് വഴി കൂടുതല്‍ വെല്ലുവിളികളും സവിശേഷ സാഹചര്യങ്ങളും ലഭിക്കും. ഇത്തവണ അടക്കം സീസണിന്റെ ഒടുവിലാണ് സൂപ്പര്‍ കപ്പ് നടക്കുന്നത്.

അതിനാല്‍ തന്നെ പല ടീമുകളും ആരാധകരും സൂപ്പര്‍കപ്പിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. പുതിയ ഘടനയോടെ ആ രീതി മാറും. ടീമുകള്‍ക്ക് കൂടുതല്‍ മല്‍സരം ലഭിക്കും ഇതു വഴിയൊരുക്കും.

പക്വതയുള്ള ഏതൊരു ഫുട്‌ബോള്‍ രാജ്യത്തെയും പോലെ നടക്കേണ്ട ഒരു കപ്പ് മത്സരമാണ് സൂപ്പര്‍ കപ്പെന്ന് എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ പറഞ്ഞു. ഇതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദേഹം വ്യക്തമാക്കി.

ലോവര്‍ ഡിവിഷനുകളില്‍ നിന്നുള്ള കൂടുതല്‍ ടീമുകളെ സൂപ്പര്‍ കപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും ഷാജി പ്രഭാകരന്‍ പറഞ്ഞു, ലോവര്‍ ഡിവിഷന്‍ ടീമുകള്‍ മുന്‍നിര ടീമുകളെ തോല്‍പ്പിക്കുന്നത് മറ്റ് രാജ്യങ്ങളില്‍ കാണുന്നതുപോലെയുള്ള ആവേശം സൃഷ്ടിക്കാന്‍ ഇത് അവസരമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം മുതല്‍ ഐഎസ്എല്ലിന്റെ ടിവി സംപ്രേക്ഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നിന്നും വിയാകോമിലേക്ക് വന്നേക്കും. അങ്ങനെ സംഭവിക്കുന്നത് ടീമുകള്‍ക്കും ഗുണം ചെയ്യും.

Related Articles

Back to top button