FootballTop Stories

ഇടിവെട്ട് ത്രില്ലര്‍; ബാസ്‌കോയെ വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ്

വനിതാ ഫുട്ബോള്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കുതിക്കുന്നു. കരുത്തരായ ബാസ്‌കോ എഫ്സിയെ 3-2ന് തോല്‍പ്പിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് പെണ്‍പടയുടെ മുന്നേറ്റം. ഇതോടെ ഏഴ് കളിയില്‍ ആറ് ജയമായി ബ്ലാസ്റ്റേഴ്സിന്. ആര്യശ്രീയും മാളവികയും മുസ്‌കാനും ഗോള്‍ നേടി.

കെ നിസാറിയായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍. ആര്യശ്രീ, സി സിവിഷ, മുസ്‌കാന്‍ സുബ്ബ, പി മാളവിക, സുനിത മുണ്ട, ടി ജി ഗാഥ, നിധിയ ശ്രീധരന്‍, നിലിമ ഖാക, എം അഞ്ജിത, പി അശ്വതി എന്നിവരും അണിനിരന്നു. ബാസ്‌കോയുടെ ഗോള്‍ കീപ്പര്‍ ബന്റിഷ വഹ്ലാങ്. ഡി സത്യ, വി ഭാഗ്യശ്രീ, എ ടി കൃഷ്ണപ്രിയ, എ ജി ശ്രീലക്ഷ്മി, ടി സൗപര്‍ണിക, ലൂസി ക്വെക്വെ ജിറ, പി അനഘ, എസ് അമൃത, സി കെ ദിവ്യകൃഷ്ണന്‍, ബദരിഷ എന്നിവരും കളത്തിലെത്തി.

കളിയുടെ തുടക്കത്തില്‍തന്നെ സുനിതയുടെ ഗോള്‍ശ്രമം ബാസ്‌കോ ഗോള്‍ കീപ്പര്‍ ബന്റിഷ തടഞ്ഞു. തുടര്‍ന്ന് ബാസ്‌കോ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. പതിനെട്ടാം മിനിറ്റില്‍ മാളവികയുടെ ബാസ്‌കോ ഗോള്‍മുഖത്തേക്കുള്ള മിന്നുന്ന ക്രോസില്‍ കാല്‍വയ്ക്കാന്‍ സുനിതയ്ക്ക് കഴിഞ്ഞില്ല. പിന്നാലെ മാളവികയുടെ മറ്റൊരു മികച്ച നീക്കം കണ്ടു.

ഇക്കുറി കരുത്തുറ്റ ഷോട്ട് ഗോള്‍ കീപ്പര്‍ തടുത്തിട്ടു. തെറിച്ചുവീണ പന്ത് നിധിയ വലയിലാക്കിയെങ്കിലും റഫറി ഫൗള്‍ വിളിച്ചു. 23ാം മിനിറ്റില്‍ സുനിതയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തൊട്ടടുത്ത നിമിഷം ബ്ലാസ്റ്റേഴ്സ് വല തകര്‍ത്തു. ആര്യശ്രീയുടെ ഒന്നാന്തരം ലോങ് റേഞ്ചര്‍ ബാസ്‌കോ ഗോള്‍ കീപ്പറെ മറികടന്ന് വലയില്‍ കയറി. അരമണിക്കൂര്‍ തികയുംമുമ്പ് ബാസ്‌കോ തിരിച്ചടിച്ചു.

ലൂസിയുടെ മനോഹര ഗോള്‍. മധ്യവരയ്ക്ക് മുന്നില്‍നിന്ന് തൊടുത്ത പന്ത് നിസാറിയെയും കടന്ന് വലയിലെത്തി. ലൂസിയിലൂടെ വീണ്ടും ബാസ്‌കോ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്തേക്ക് ആക്രമണം നടത്തി. ഒരു തവണ ലൂസിയുടെ ഷോട്ട് നിസാറി കൈയിലൊതുക്കി. ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആര്യശ്രീയായിരുന്നു. ഇരു ടീമുകളും ലീഡിനായി ആഞ്ഞുശ്രമിച്ചെങ്കിലും ആദ്യപകുതി 1-1ന് അവസാനിച്ചു.

രണ്ടാംപകുതിയിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പംനിന്നു. ബ്ലാസ്റ്റേഴ്സിന്റെ ലോങ് റേഞ്ച് ഷോട്ടുകളൊന്നും ലക്ഷ്യത്തിലെത്തിയില്ല. 62ാം മിനിറ്റില്‍ മാളവികയുടെ മികച്ച നീക്കം ബാസ്‌കോ ഗോള്‍മുഖത്തേക്ക്. സുനിത പാസ് സ്വീകരിച്ച് അടി തൊടുക്കാനാഞ്ഞെങ്കിലും ഗോള്‍ കീപ്പര്‍ പന്ത് പിടിച്ചെടുത്തു. 67ാംമിനിറ്റില്‍ മാളവിക വലതുപാര്‍ശ്വത്തിലൂടെ കുതിച്ചെത്തി ഷോട്ട് പായിച്ചു. പക്ഷേ, പന്ത് വല തൊട്ടില്ല. പിന്നാലെ സുനിതയുടെ ശ്രമം ഗോള്‍ കീപ്പര്‍ തടഞ്ഞു. ബ്ലാസ്റ്റേഴ്സ് നിരന്തരം ബാസ്‌കോ ഗോള്‍മേഖലയില്‍ ആക്രമണം നടത്തി. മറുവശത്ത് ലൂസി ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ നസാറിയെ പരീക്ഷിച്ചു.

73ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ മാളവിക ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. വലതുവശത്തിലൂടെ മുന്നേറിയ മാളവിക ബോക്സില്‍ രണ്ട് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെയാണ് ഷോട്ട് തൊടുത്തത്. ആദ്യപകുതിയിലെന്ന പോലെ ഇക്കുറിയും ഗോള്‍ വീണ് നിമിഷങ്ങള്‍ക്കുള്ളില്‍ ബാസ്‌കോ തിരിച്ചടിച്ചു. ലൂസി രണ്ടാം ഗോളിലൂടെ അവര്‍ക്ക് സമനിലയൊരുക്കി. ഒറ്റയ്ക്ക് മുന്നേറിയ ലൂസി പ്രതിരോധത്തെ മറികടന്ന്, നിലംപറ്റി അടിപായിച്ചപ്പോള്‍ നിസാറിക്ക് തടയാനായില്ല.

എന്നാല്‍ ബ്ലാസ്റ്റേഴ്സ് വിട്ടുകൊടുത്തില്ല. 80ാം മിനിറ്റില്‍ മുസ്‌കാന്റെ അതിമനോഹര ഗോളില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് തിരിച്ചുപിടിച്ചു. ഒന്നാന്തരം ഷോട്ട് ബാസ്‌കോ ഗോള്‍ കീപ്പര്‍ക്ക് എത്തിപ്പിടിക്കാനായില്ല. ആ ഗോളില്‍ ബ്ലാസ്റ്റേഴ്സ് വനിതകള്‍ പിടിച്ചുനിന്നു. അര്‍ഹിച്ച ജയവും സ്വന്തമാക്കി. ഒക്ടോബര്‍ രണ്ടിന് ലൂക്കാ എസ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Related Articles

Back to top button