Football

സമനില നേടി സൈഡ് ബെഞ്ചിലെത്തി; തിരിഞ്ഞു നോക്കിയപ്പോള്‍ പോര്‍ച്ചുഗലിന്റെ ആഘോഷം!!

പോര്‍ച്ചുഗലും ഘാനയും തമ്മിലുള്ള ഗ്രൂപ്പ് എച്ച് മല്‍സരം ആദ്യ പകുതി വിരസമായിരുന്നെങ്കില്‍ രണ്ടാംപകുതി തീപ്പൊരിയായിരുന്നു. ആദ്യം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ വലകുലുക്കിയെങ്കിലും ഘാനയും കൈയടി നേടി തന്നെയാണ് പോരാട്ടം അവസാനിപ്പിച്ചത്. മല്‍സരത്തിന്റെ വേദനയായി മാറിയത് പക്ഷേ ഘാന താരം ആന്ദ്രെ അയുവ് ആയിരുന്നു.

റൊണാള്‍ഡോയുടെ ഗോളിന് 73 മത്തെ മിനിറ്റില്‍ മറുപടി നല്‍കി അയുവ് ഘാന ടീമിനെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ 77 മത്തെ മിനിറ്റില്‍ കോച്ച് ഈ 32കാരനെ പിന്‍വലിച്ചു. ഗോളടിച്ചതിന്റെയും സമനിലയിലായതിന്റെയും സന്തോഷത്തിലാണ് താരം സൈഡ് ബെഞ്ചിലേക്ക് പോയത്. പകരക്കാരുടെ കുപ്പായവും മാറി സൈഡ് ബെഞ്ചിലെ സഹതാരങ്ങളുമായി ഷേക്ക് ഹാന്‍ഡ് നല്‍കി നില്‍ക്കുമ്പോള്‍ പോര്‍ച്ചുഗല്‍ രണ്ടാം വെടി പൊട്ടിച്ചു.

ജാവോ ഫെലിക്‌സിന്റെ ഗോള്‍ ആഘോഷം ആദ്യം മനസിലാകാതെ നിന്ന അയുവിന് പിന്നെയാണ് ഗോള്‍ വന്ന കാര്യം മനസിലാക്കുന്നത്. നിരാശയോടെ ഒരു കുപ്പി വെള്ളവും എടുത്ത് സൈഡ് ബെഞ്ചിലേക്ക് നിരാശയോടെ പോയി ഇരിക്കുമ്പോള്‍ റാഫേലിന്റെ വക അടുത്ത ഗോളും.

നിരാശയും ദേഷ്യവുമെല്ലാം വന്ന അയുവ് കൈയിലെ വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞാണ് വിഷമം തീര്‍ത്തത്. രണ്ട് മിനിറ്റില്‍ നേടിയ ഈ രണ്ടു ഗോളുകളാണ് പോര്‍ച്ചുഗലിന്റെയും ഘാനയുടെയും വിധി നിര്‍ണയിച്ചത്.

ആദ്യത്തെ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ലോകകപ്പില്‍ മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാകുന്നതിനും ഈ മല്‍സരം സാക്ഷ്യം വഹിച്ചു. ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരമെന്ന നേട്ടമാണ് റോണോയ്ക്ക് സ്വന്തമായത്. ഘാനയ്‌ക്കെതിരായ മല്‍സരത്തില്‍ പെനാല്‍റ്റിയിലൂടെ വലകുലുക്കിയതോടെയാണ് നേട്ടം പോര്‍ച്ചുഗീസ് നായകനെ തേടിയെത്തിയത്.

തുടര്‍ച്ചയായ അഞ്ചാം ലോകകപ്പിലാണ് റോണോ സ്‌കോര്‍ ചെയ്യുന്നത്. 2006 ലോകകപ്പിലാണ് റോണോ ആദ്യമായി വലകുലുക്കുന്നത്. പിന്നീട് 2010, 2014, 2018 ലോകകപ്പുകളിലും റൊണാള്‍ഡോയുടെ ബൂട്ടുകള്‍ ഗോള്‍ വര്‍ഷിച്ചു. ഈ ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടറിലേക്ക് എത്താന്‍ പോര്‍ച്ചുഗലിന് ഇനി ഒരു ജയം കൂടി മതിയാകും.

Related Articles

Back to top button