FootballISL

ഐഎസ്എല്‍ പ്രമോഷനരികെ ഡെക്കാന്‍!! എതിരാളികള്‍ തളരുന്നു!!

ഈ സീസണ്‍ മുതല്‍ ഐലീഗ് ചാമ്പ്യന്മാര്‍ക്ക് ഐഎസ്എല്ലിലേക്ക് പ്രമോഷന്‍ ലഭിക്കുമെന്ന് ഉറപ്പായതോടെ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ഐലീഗ് ചാമ്പ്യന്മാരായി ഒന്നാം നമ്പര്‍ ലീഗില്‍ കളിക്കുകയെന്ന സ്വപ്‌നത്തിലാണ് ഒട്ടുമിക്ക ടീമുകളും.

ഇതിനായി വലിയ തോതില്‍ പണം മുടക്കിയാണ് ടീമുകള്‍ ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. ഐലീഗ് ക്ലൈമാക്‌സിലേക്ക് എത്തി നില്‍ക്കേ ശ്രീനിഥി ഡെക്കാനാണ് ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. 17 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡെക്കാന്‍ 34 പോയിന്റാണ് നേടിയിരിക്കുന്നത്.

ഇനി അവര്‍ക്ക് ബാക്കിയുള്ളത് 6 മല്‍സരങ്ങളാണ്. കിരീടം ഉറപ്പിക്കാവുന്ന അവസ്ഥയില്‍ ഡെക്കാന്‍ എത്തിയില്ലെന്നതാണ് സത്യം. രണ്ടാം സ്ഥാനത്തുള്ള റൗണ്ട്ഗ്ലാസ് പഞ്ചാബാണ് ശ്രീനിഥിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. അവസാനം കളിച്ച രണ്ടിലും സമനില വഴങ്ങിയതാണ് പഞ്ചാബുകാര്‍ക്ക് വലിയ തിരിച്ചടി സമ്മാനിച്ചത്.

അത്രയും നാള്‍ ഒന്നാം സ്ഥാനത്തു നിന്നിരുന്ന പഞ്ചാബിന് നിലവില്‍ 15 കളിയില്‍ നിന്ന് 31 പോയിന്റാണുള്ളത്. അടുത്ത മല്‍സരം ഗോകുലത്തിനെതിരേ കോഴിക്കോടാണ് അവര്‍ കളിക്കേണ്ടത്. ഈ മല്‍സരം ജയിച്ചില്ലെങ്കില്‍ പഞ്ചാബിന്റെ കിരീട മോഹങ്ങള്‍ വെള്ളത്തിലാകും.

അവസാനം കളിച്ച അഞ്ചില്‍ നിന്നും 8 പോയിന്റാണ് പഞ്ചാബ് നേടിയത്. ശ്രീനിഥിയാകട്ടെ 5 ല്‍ നിന്ന് 12 പോയിന്റും സ്വന്തമാക്കി. ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ശക്തരാകുകയാണ് ഡെക്കാന്‍. ഗോകുലം കേരളയ്ക്കും കിരീടത്തിലേക്ക് നേരിയ സാധ്യത ഇപ്പോഴും നിലനില്‍ക്കുണ്ട്.

Related Articles

Back to top button