ISLTop Stories

സൂപ്പര്‍താരത്തിന് വന്‍ ഓഫറുമായി ബ്ലാസ്റ്റേഴ്‌സ്!!

ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു തകര്‍പ്പന്‍ നീക്കത്തിന് ഒരുങ്ങുന്നു. ഇതുവരെ നാലുഗോളുകളുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന അല്‍വാരോ വാസ്‌കസിന്റെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടാണത്. നിലവിലെ കരാര്‍ ഈവര്‍ഷം മേയില്‍ അവസാനിക്കും. വാസ്‌കസിന് പുതിയ ദീര്‍ഘകാല കരാര്‍ നല്കി ടീമിനൊപ്പം തന്നെ നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഇതിനുള്ള നീക്കങ്ങള്‍ ക്ലബ് മാനേജ്‌മെന്റ് തുടങ്ങിയെന്നാണ് അറിയാന്‍ സാധിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം കൂടുതല്‍ കാലം കളിക്കാന്‍ വാസ്‌കസിനും താല്പര്യമാണ്. നിലവിലുള്ള കരാര്‍ത്തുകയില്‍ നിന്നും വളരെ ഉയര്‍ന്ന പ്രതിഫലമാകും പുതിയ കരാറില്‍ താരത്തിന് ലഭിക്കുക. വാസ്‌കസിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റ് വിദേശതാരങ്ങളുടെ കാര്യത്തിലും ടീം മാനേജ്‌മെന്റ് ഹാപ്പിയാണ്. സെറ്റ് ടീമിനെ തന്നെ അടുത്ത സീസണിലും നിലനിര്‍ത്തുകയാണ് ടീം മാനേജ്‌മെന്റിന്റെ ലക്ഷ്യം.

അടുത്ത ഐഎസ്എല്‍ സീസണ്‍ പതിവില്‍നിന്ന് വ്യത്യസ്തമായി വളരെ നേരത്തെ ആരംഭിക്കും. നവംബര്‍ 21ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് സമയത്ത് ലീഗിന് ഇടവേള കൊടുക്കാനാണിത്. അതുകൊണ്ട് തന്നെ ഈ അടുത്ത സീസണില്‍ ഇത്തവണത്തേത് പോലെ കൂടുതല്‍ പ്രീസീസണ്‍ ലഭിക്കാനിടയില്ല. സെറ്റായ ടീമിനെ നിലനിര്‍ത്തുന്നത് ഗുണം ചെയ്യുമെന്ന നിലപാടിലാണ് ടീം മാനേജ്‌മെന്റും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ടീമിന്റെ സാമ്പത്തികസ്ഥിതിയും വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഈ നിലയ്ക്കുപോയാല്‍ അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ടീം ബ്രേക്ക് ഈവനാകും. സാമ്പത്തികമായി ലാഭത്തിലെത്തുന്ന ആദ്യ ഐഎസ്എല്‍ ക്ലബും ബ്ലാസ്റ്റേഴ്‌സാകും. കളിക്കാര്‍ക്കായി കൂടുതല്‍ മികച്ച സാമ്പത്തിക പാക്കേജ് നല്കാനും ബ്ലാസ്റ്റേഴ്‌സിന് സാധിക്കും. നിലവില്‍ കളിക്കുന്ന താരങ്ങളെല്ലാം സംതൃപ്തരാണെന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

മറ്റ് ടീമുകള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിക്കാരെ സമീപിക്കുമെന്നിരിക്കേ കളിക്കാര്‍ക്ക് ദീര്‍ഘകാല കരാര്‍ നല്കി അവരെ നിലനിര്‍ത്തുന്നത് തീര്‍ച്ചയായും നല്ല കാര്യമാണ്. ഇന്ത്യന്‍ യുവതാരങ്ങളുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ഇത്തരത്തിലൊരു നീക്കം നേരത്തെ തന്നെ തുടങ്ങിയിരുന്നു. സഹലും രാഹുലും അടക്കമുള്ള യുവതാരങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വലിയ കരാറാണ് നല്കിയിരിക്കുന്നത്. മികച്ച ഇന്ത്യന്‍ താരങ്ങളുള്ള ക്ലബുകളാകും സമീപഭാവിയില്‍ കൂടുതല്‍ നേട്ടംകൊയ്യുക. ഇത്തവണ വിദേശതാരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ കൂടി തകര്‍ത്തു കളിച്ചതുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് പട്ടികയില്‍ ആദ്യ നാലിലെത്താന്‍ പറ്റിയത്.

Related Articles

Leave a Reply

Back to top button