FootballISL

ബ്ലാസ്റ്റേഴ്‌സിന് കൊല്‍ക്കത്തയിലെ പഞ്ചാബ് പരീക്ഷണത്തില്‍ തോല്‍വി; എങ്കിലും കോച്ച് ഹാപ്പിയാണ്!!

ഡ്യൂറന്റ് കപ്പിലെ ആദ്യ റൗണ്ട് പരാജയത്തിനു ശേഷം കൊല്‍ക്കത്തയില്‍ തന്നെ തുടര്‍ന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പരിശീലന മല്‍സരത്തിലും അപ്രതീക്ഷിത റിസല്‍ട്ട്. ഐലീഗില്‍ നിന്ന് പ്രമോഷന്‍ കിട്ടി ഇത്തവണ ഐഎസ്എല്ലില്‍ അരങ്ങേറുന്ന പഞ്ചാബ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ 3-2ന് തോല്‍പ്പിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിനായി ബിദ്യാസാഗറും മിലോസും ഗോള്‍ നേടി. എന്നിട്ടും പരാജയം ഒഴിവാക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ഇനി ഒരു മല്‍സരം കൂടി കൊല്‍ക്കത്തയില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിക്കുന്നുണ്ട്. മിക്കവാറും മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബായിരിക്കും എതിരാളികള്‍.

ഈ മല്‍സരത്തിനു ശേഷം ടീം യുഎഇയില്‍ പ്രീസീസണിനായി പോകും. പഞ്ചാബ് എഫ്‌സിയോട് തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ടീമിലെ ഒരുവിധം താരങ്ങള്‍ക്കൊക്കെ അവസരം നല്‍കാന്‍ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന് സാധിച്ചു.

പരിശീലന മല്‍സരങ്ങളെ ടീമിന്റെ കരുത്തും ബലഹീനതയും അളക്കാനുള്ള അവസരമായി മാത്രമാണ് ടീം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ റിസല്‍ട്ടിനെ പേടിക്കാതെയാണ് കളിക്കുന്നതും. യുവതാരങ്ങള്‍ക്ക് പരമാവധി അവസരം നല്‍കുകയാണ് കോച്ചിന്റെ രീതി.

ഡ്യൂറന്റ് കപ്പിലും പരിശീലന മല്‍സരങ്ങളിലും മികവ് തെളിയിക്കുന്ന യുവതാരങ്ങളെ ഐഎസ്എല്‍ ടീമിലേക്ക് പ്രമോഷന്‍ നല്കുകയാണ് വുക്കുമനോവിച്ചിന്റെ പദ്ധതി. പല താരങ്ങളും കോച്ചിന്റെ പ്രശംസ ഏറ്റുവാങ്ങുന്ന പ്രകടനമാണ് നടത്തുന്നത്.

അതേസമയം, ദുബായില്‍ പ്രീസീസണ്‍ മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഐഎസ്എല്‍ ടീമിനെ തന്നെ ഇറക്കാനാണ് സാധ്യത. ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ ശക്തരായ എതിരാളികള്‍ക്കെതിരേയാണ് ടീം ദുബായില്‍ കളിക്കുക.

ഈ മല്‍സരങ്ങള്‍ ടീമിനെ സെറ്റാക്കിയെടുക്കാന്‍ കോച്ചിനെ സഹായിക്കുമെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ 21ന് ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുമെന്നാണ് വിവരം. ആദ്യ മല്‍സരത്തില്‍ ഒരു ടീം കേരള ബ്ലാസ്റ്റേഴ്‌സ് ആയിരിക്കും. എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍ ആകാന്‍ സാധ്യതയുണ്ട്.

 

Related Articles

Back to top button