Cricket

20കാരന്‍ ക്യാപ്റ്റന്റെ അവിശ്വസനീയ ഇന്നിംഗ്‌സ്; നേപ്പാളിന് വന്‍ അട്ടിമറി!!

ലോക ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നിലവിലുള്ള ക്യാപ്റ്റനായ രോഹിത് കുമാര്‍ പൗഡലിന്റെ മികവില്‍ സ്‌കോട്‌ലന്‍ഡിനെതിരേ നേപ്പാളിന് വീണ്ടും അട്ടിമറി ജയം. ലോകക്രിക്കറ്റ് ലീഗിലെ നിര്‍ണായക മല്‍സരത്തില്‍ 2 വിക്കറ്റിനാണ് അവിശ്വസനീയ ജയം ആതിഥേയര്‍ സ്വന്തമാക്കിയത്. സ്‌കോര്‍: സ്‌കോട്‌ലന്‍ഡ് 212-10, നേപ്പാള്‍ 213-8 (44.1).

താരതമ്യേന ചെറുതെന്ന് തോന്നിച്ചതും എന്നാല്‍ ബൗളര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്നതുമായ പിച്ചില്‍ ഒരുഘട്ടത്തില്‍ നേപ്പാള്‍ തോല്‍വി ഉറപ്പിച്ചതാണ്. സ്റ്റാര്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയുടെ (9) രൂപത്തില്‍ എട്ടാം വിക്കറ്റ് നിലംപൊത്തുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ നേപ്പാളിന് വെറും 138 റണ്‍സ് മാത്രം.

സ്‌കോട്‌ലന്‍ഡ് അനായാസ ജയം ഉറപ്പിച്ച നിമിഷം. ആകെയുള്ള പ്രതീക്ഷ ക്യാപ്റ്റന്‍ രോഹിത് ക്രീസില്‍ ഉണ്ടെന്നതു മാത്രമായിരുന്നു. എന്നാല്‍ പേസര്‍ കരണ്‍ കെ.സി രോഹിതിനൊപ്പം ചേര്‍ന്നതേ കളി മാറി.

തുടക്കത്തില്‍ സിംഗിളുകളും ഡബിളുകളും വല്ലപ്പോഴും ബൗണ്ടറികളുമായി സഖ്യം പതിയെ മുന്നേറി. ഈ ഘട്ടത്തിലൊന്നും സ്‌കോട്‌ലന്‍ഡിന് വലിയ ആശങ്ക തോന്നിയതുമില്ല. എന്നാല്‍ കരണ്‍ പതിയെ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ റണ്‍സ് അതിവേഗം കയറാന്‍ തുടങ്ങി.

മറുവശത്ത് സെന്‍സിബിള്‍ ഇന്നിംഗ്‌സുമായി രോഹിത് കളംനിറഞ്ഞതോടെ മറ്റൊരു അവിശ്വസനീയ ജയം നേപ്പാള്‍ തട്ടിയെടുത്തു. 101 പന്തില്‍ നിന്നും 4 സിക്‌സറുകളും 7 ഫോറുമായി പൗഡല്‍ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

കരണ്‍ 37 പന്തില്‍ ഒരു സിക്‌സറും 2 ഫോറും ഉള്‍പ്പെടെ 31 റണ്‍സെടുത്ത് ഉറച്ച പിന്തുണ നല്‍കി. ഗ്യാനേന്ദ്ര മല്ല (21), കുശാല്‍ മല്ല (17) എന്നിവരും ഭേദപ്പെട്ട സംഭാവന നല്‍കി. സ്‌കോട്‌ലന്‍ഡിനായി സ്പിന്നര്‍ മാര്‍ക്ക് വാട്ട് 10 ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി.

നേപ്പാള്‍-സ്‌കോട്‌ലന്‍ഡ് മല്‍സരം കാണാനെത്തിയ വന്‍ ജനക്കൂട്ടം.

നേരത്തെ ആദ്യം ബാറ്റുചെയ്ത സ്‌കോട്‌ലന്‍ഡ് ഒരുഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയിലായിരുന്നു. ജോര്‍ജ് മുന്‍സി 50 പന്തില്‍ 60 റണ്‍സെടുത്ത് പുറത്തായതോടെ അവരുടെ കഷ്ടകാലം തുടങ്ങി.

സ്റ്റാര്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയാണ് സ്‌കോട്ടിഷ് പടയെ തകര്‍ത്തത്. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി 4 മുന്‍നിര വിക്കറ്റുകള്‍ ലാമിച്ചാനെ വീഴ്ത്തി. മറ്റ് സ്പിന്നര്‍മാരും ലാമിച്ചാനെയ്ക്ക് മികച്ച പിന്തുണ നല്‍കിയതോടെ 212ല്‍ സ്‌കോട്‌ലന്‍ഡ് ഒതുങ്ങി.

ലോക ക്രിക്കറ്റ് ലീഗ് രണ്ടിലെ 36 കളികളും പൂര്‍ത്തിയാക്കിയ സ്‌കോട്‌ലന്‍ഡ് ചാമ്പ്യന്മാരായി. 24 കളികള്‍ ജയിച്ച അവര്‍ക്ക് 50 പോയിന്റുണ്ട്. നേപ്പാള്‍ നിലവില്‍ 26 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇനി അവര്‍ക്ക് എട്ടു കളികള്‍ ബാക്കിയുണ്ട്.

Related Articles

Back to top button