Cricket

ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച് ജസ്പ്രീത് ബുംറ!! ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം

കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഉജ്ജ്വല വിജയം നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി(61), രജത് പട്ടീദാര്‍(50), ദിനേശ് കാര്‍ത്തിക്(53) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ആര്‍സിബിയ്ക്ക് കരുത്തായത്. ടീമിലെ മറ്റാര്‍ക്കും ഇരട്ടയക്കം പോലും കാണാനായില്ല.

ആര്‍സിബി ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മുംബൈയ്ക്കായി ബൗളിംഗില്‍ തിളങ്ങിയത്. നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ബുംറയുടെ അഞ്ചുവിക്കറ്റ് നേട്ടം.

197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 15.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍(69), രോഹിത് ശര്‍മ(38), സൂര്യകുമാര്‍ യാദവ്(52), ഹാര്‍ദിക് പാണ്ഡ്യ(21), തിലക് വര്‍മ(16) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് മുംബൈ അനായാസ ജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ഫൈഫര്‍ നേടിയ ജസ്പ്രീത് ബുംറ കുറിച്ചത് ചരിത്രമാണ്. താരത്തിന്റെ ഐ.പി.എല്‍ കരിയറിലെ രണ്ടാമത് ഫൈഫര്‍ നേട്ടമാണിത്. ഇതിന് പുറമെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഫൈഫര്‍ നേടുന്ന ആദ്യ താരം എന്ന നേട്ടവും ബുംറ സ്വന്തമാക്കി.

മത്സരത്തില്‍ വിരാട് കോഹ്ലിയെ പുറത്താക്കിക്കൊണ്ടാണ് ബുംറ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മുന്‍ ബംഗളൂരു നായകനെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തിക്കുകയായിരുന്നു.

പിന്നാലെ നിലവിലെ നായകന്‍ ഫാഫ് ഡു പ്ലെസി, മഹിപാല്‍ ലോംറോര്‍, സൗരവ് ചൗഹാന്‍, വൈശാഖ് വിജയ്കുമാര്‍ എന്നിവരും ബുംറയ്ക്കു മുമ്പില്‍ വീണു. രണ്ടു തവണ ഹാട്രിക്കിന്റെ വക്കോളമെത്താനും താരത്തിനായി.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ബുംറയെ തേടിയെത്തി. ട്വന്റി20 ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തില്‍ തന്നെ ആദ്യമായൊരു നേട്ടമാണ് താരത്തിന് സ്വന്തമായിരിക്കുന്നത്.

എതിര്‍ ടീമിലെ മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടിയ മത്സരത്തില്‍ ഫൈഫര്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ബുംറയെ തേടിയെത്തിയത്. ട്വന്റി20 ക്രിക്കറ്റില്‍ ഇതുവരെ നടന്ന 13,743 മത്സരത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സ്പെഷ്യല്‍ ഫൈഫര്‍ പിറക്കുന്നത്.

ഈ മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും മുംബൈയ്ക്കായി. തുടര്‍ച്ചയായ നാലു തോല്‍വികളുമായി ഒമ്പതാം സ്ഥാനത്താണ് ആര്‍സിബി.

Related Articles

Back to top button