Cricket

വാങ്കഡയില്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ‘കോയിന്‍’ ഭാഗ്യം; പിച്ചില്‍ പിഴച്ചാല്‍ ദുഷ്‌കരം!! ചങ്കിടിപ്പ് കിവീസ് നിരയിലും

ലോകകപ്പില്‍ നിര്‍ണായക സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലെത്തിയ രോഹിതും സംഘവും ആദ്യം തന്നെ സ്റ്റേഡിയത്തിലെത്തി പിച്ച് പരിശോധിച്ചാണ് പരിശീലനം തുടങ്ങിയത്.

നോക്കൗട്ടിന്റെ സമ്മര്‍ദത്തിലേക്ക് ലോകകപ്പ് എത്തിയതോടെ ആരു വേണമെങ്കിലും ജയിക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇതുവരെയുള്ള പ്രകടനങ്ങള്‍ക്ക് കേവലം ആത്മവിശ്വാസം മാത്രമാകും ബാക്കി.

ആദ്യ ഘട്ടത്തില്‍ എല്ലാ കളികളും ജയിച്ചെങ്കിലും ഇന്ത്യയെ സംബന്ധിച്ച് സെമി പ്രഷര്‍ എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. വാങ്കഡെയിലെ പിച്ചിന്റെ സ്വഭാവം രണ്ടാമത് പന്തെറിയുന്നവരെ കൂടുതലായി തുണയ്ക്കുന്ന തരത്തിലാണ്.

അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം കളി പാതി വിജയിച്ചുവെന്ന തരത്തിലുള്ള വിശകലനങ്ങളാണ് പുറത്തു വരുന്നത്. വാങ്കഡെയിലെ പിച്ചില്‍ ആദ്യം ബാറ്റുചെയ്യുന്നത് തന്നെയാണ് ടോസ് ജയിക്കുന്ന ടീം ചെയ്യാന്‍ സാധ്യത.

ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം രാത്രി ഫ്‌ളഡ്‌ലൈറ്റിനു മുന്നില്‍ പന്തെറിയുന്നത് തന്നെയാണ്. രാത്രി പന്തെറിയുമ്പോള്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ സ്വിംഗ് ലഭിക്കുന്നതാണ് ഈ ലോകകപ്പിലെ വാങ്കഡെയിലെ മല്‍സരങ്ങളില്‍ കണ്ടിട്ടുള്ളത്.

അഫ്ഗാനിസ്ഥാന്‍-ഓസ്‌ട്രേലിയ മല്‍സരം തന്നെ ഇതിനു ഉദാഹരണം. ആദ്യം ബാറ്റുചെയ്ത അഫ്ഗാന്‍ സ്‌കോറിനെതിരേ ഒരുഘട്ടത്തില്‍ 7 വിക്കറ്റിന് 91 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. ജീവന്‍ ലഭിച്ച മാക്‌സ്‌വെല്ലിന്റെ ഒറ്റയാന്‍ ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ അഫ്ഗാന്‍ അവിശ്വസനീയ ജയം സ്വന്തമാക്കിയേനെ.

അഫ്ഗാന്‍ പേസര്‍മാരായ നവീന്‍ ഉള്‍ഹഖും അസ്മത്തുള്ള ഒമറസായിയും ലൈറ്റിനു കീഴെ പന്ത് നന്നായി സ്വിംഗ് ചെയ്യിപ്പിച്ചത് ഓസീസ് ബാറ്റര്‍മാരെ കുഴക്കിയിരുന്നു. സെമിയിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെയും ന്യൂസിലന്‍ഡിന്റെയും ലൈനപ്പില്‍ ഗംഭീര പേസര്‍മാരുണ്ട്.

അതുകൊണ്ട് തന്നെ രണ്ടാമത് ബാറ്റുചെയ്യുന്ന ടീമിന്റെ ജയസാധ്യത കുറവാകുമെന്ന് നിസംശയം പറയാന്‍ സാധിക്കും. ഈ അവസ്ഥയില്‍ ടോസിന് വലിയ നിര്‍ണായക സ്ഥാനം കല്‍പ്പിക്കപ്പെടുന്നതും. ആദ്യം ബാറ്റ് ചെയ്ത് 300ന് മുകളിലുള്ള സ്‌കോര്‍ നേടാനായാല്‍ ജയത്തിനുള്ള അടിത്തറയിട്ടെന്ന് പറയാനാകും.

ഇത്തവണ ന്യൂസിലന്‍ഡ് നന്നായി തുടങ്ങിയെങ്കിലും സെമിയിലെത്തിയ ഒരു ടീമിനെയും അവര്‍ക്ക് തോല്‍പ്പിക്കാന്‍ സാധിച്ചില്ലെന്നത് ടീമിന്റെ ദര്‍ബല്യത്തെയാണ് കാണിക്കുന്നത്. മറ്റ് ടീമുകളുടെ നിര്‍ഭാഗ്യമാണ് കിവീസിനെ സെമിവരെ എത്തിച്ചത്. ഇന്ത്യയാകട്ടെ അജയ്യരായിട്ടാണ് അവസാന നാലിലേക്ക് മാര്‍ച്ച് ചെയ്തതും.

Related Articles

Back to top button