Cricket

ഫിക്‌സറിലെ വലിയ ഇടവേള കാത്തു; ഇനി ലോകകപ്പില്‍ മഴ വില്ലനായേക്കില്ല!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ മഴ വില്ലനായെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ത്രില്ലര്‍ മല്‍സരങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടെയാണ് മഴയുടെ കടന്നുവരവ്. എന്നാല്‍ മഴയുടെ വില്ലത്തരം താല്‍ക്കാലികമായി അവസാനിക്കുമെന്ന ആശ്വാസം തന്നെയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇപ്പോഴുള്ളത്.

മഴ മൂലം കളി തടസപ്പെടുത്തിയ മല്‍സരങ്ങളിലേറെയും മെല്‍ബണിലായിരുന്നു നടന്നത്. ലാനിന പ്രതിഭാസത്തെ തുടര്‍ന്നാണ് അപ്രതീക്ഷതമായി മല്‍സരങ്ങള്‍ക്കിടയില്‍ മഴയെത്തിയത്. ഇപ്പോള്‍ മഴയുടെ ശല്യം ഒഴിവാകാന്‍ കാരണം സംഘാടകര്‍ ഫിക്‌സ്ചര്‍ തയാറാക്കുന്ന സമയത്ത് നടത്തിയ ക്രമീകരണം തന്നെയാണ്.

മെല്‍ബണിലാണ് മഴയുടെ ശല്യമേറെ. ഇനി പക്ഷേ നവംബര്‍ ആറിനു മാത്രമാണ് മെല്‍ബണില്‍ അടുത്ത മല്‍സരം നടക്കുക. അന്ന് ഇന്ത്യ-സിംബാബ്‌വെ പോരാട്ടമാകും നടക്കുക. ആറിനു മുമ്പ് നടക്കുന്ന മല്‍സരങ്ങളൊക്കെ സിഡ്‌നി, പെര്‍ത്ത്, അഡ്‌ലെയ്ഡ്, ബ്രിസ്‌ബെയ്ന്‍ എന്നിവിടങ്ങളിലാണ്. ബോധപൂര്‍വമോ അതല്ലാതെയോ സംഘാടകര്‍ നടത്തിയ ഇടപെടല്‍ തന്നെയാണ് മെല്‍ബണില്‍ കൂടുതല്‍ മല്‍സരങ്ങള്‍ വയ്ക്കാതിരിക്കാന്‍ കാരണമായത്.

നവംബര്‍ ആറാം തിയതിയൊക്കെ ആകുമ്പോള്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോഴും മെല്‍ബണില്‍ കടുത്ത മഴയുടെ അവസ്ഥ തന്നെയാണ്. അടുത്തയാഴ്ച്ച മല്‍സരങ്ങള്‍ ആകുമ്പോഴേക്കും മികച്ച കാലാവസ്ഥയാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.

Related Articles

Back to top button