Cricket

ആ നിയമം മാറ്റിയാല്‍ ടെസ്റ്റ് വളരെ വേഗത്തില്‍ തീരും !! പരിഹാസവുമായി സുനില്‍ ഗവാസ്‌കര്‍

ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിലെ അംപയേഴ്‌സ് കോള്‍ പലപ്പോഴും വിവാദമാകാറുണ്ട്. തേര്‍ഡ് അംപയര്‍ക്ക് കൃത്യമായ തീരുമാനം എടുക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് ഫീല്‍ഡ് അംപയറിന് വിടുകയാണ് പതിവ്, ഫീല്‍ഡ് അംപയറുടെ തീരുമാനം അന്തിമമാവുകയും ചെയ്യും.

ഇന്ത്യയ്‌ക്കെതിരെ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ സാക് ക്രാളിയുടെ പുറത്താകലിനെതിരേ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ 434 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്.

ഇപ്പോഴിതാ ബെന്‍ സ്റ്റോക്സ് അമ്പയറുടെ കോളിനെതിരെ സംസാരിച്ചതിനെ പരിഹസിക്കുകയാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍.

ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തില്‍ (ഡിആര്‍എസ്) നിന്ന് അമ്പയറുടെ കോള്‍ നീക്കം ചെയ്താല്‍ ടെസ്റ്റ് മത്സരങ്ങള്‍ രണ്ടര ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നായിരുന്നു ഗവാസ്‌കറുടെ പരിഹാസം.

ഡിആര്‍എസ് ഉപയോഗത്തില്‍ കൂടുതല്‍ സ്ഥിരത വേണമെന്നാണ് സ്റ്റോക്സ് പറയുന്നത്. എന്നിരുന്നാലും, അമ്പയറുടെ കോളിന്റെ കൃത്യതയെ ചോദ്യം ചെയ്യുന്ന ആദ്യ താരമല്ല സ്റ്റോക്സ്. അമ്പയറുടെ കോള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വിരാട് കോഹ്ലിയും രംഗത്തെത്തിയിരുന്നു.

ഈ നിയമം മാറ്റുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഗവാസ്‌കര്‍ അമ്പയറുടെ കോളിനെതിരായ പ്രസ്താവനകള്‍ക്ക് സ്റ്റോക്‌സിനേയും മറ്റുള്ളവരേയും കണക്കറ്റു പരിഹസിച്ചു. അമ്പയറുടെ കോള്‍ ബാറ്ററെ രക്ഷിച്ച ബെന്‍ ഡക്കറ്റിന്റെ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

അമ്പയര്‍ കുമാര്‍ ധര്‍മ്മസേന നോട്ട് ഔട്ട് നല്‍കിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ഡിആര്‍എസ് കോളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. റീപ്ലേകളില്‍ വിക്കറ്റാണെന്ന് വ്യക്തമായിരുന്നു.

”ബെന്‍ ഡക്കറ്റിന്റെ കാര്യം നോക്കൂ. അംപയര്‍ കോള്‍ കാരണമാണ് അവന്‍ രക്ഷപ്പെട്ടത്. അത്തരമൊരു നിയമമില്ലെങ്കില്‍, അവന്‍ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കും. നിങ്ങള്‍ക്ക് അമ്പയറുടെ കോള്‍ സ്‌ക്രാപ്പ് ചെയ്യാന്‍ കഴിയില്ല. അതില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, ടെസ്റ്റ് ക്രിക്കറ്റില്‍ മിക്ക മത്സരങ്ങളും രണ്ടര ദിവസത്തിനുള്ളില്‍ അവസാനിക്കും- ഗവാസ്‌കര്‍ വ്യക്തമാക്കി.

അതേ സമയം റാഞ്ചി ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്തായി. പുറത്താകാതെ 122 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. സാക് ക്രോളി(42), ജോണി ബെയര്‍സ്റ്റോ(38), ബെന്‍ ഫോക്സ(47), ഒല്ലി റോബിന്‍സണ്‍(58) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുമ്പന്‍. മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റെടുത്തു. അശ്വിന് ഒരു വിക്കറ്റുണ്ട്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് എന്ന നിലയിലാണ്. രണ്ടു റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പുറത്തായത്. യശസ്വി ജയ്‌സ്വാള്‍(30), ശുഭ്മാന്‍ ഗില്‍(9) എന്നിവരാണ് ക്രീസില്‍.

Related Articles

Back to top button