CricketTop Stories

കുട്ടിക്രിക്കറ്റ് കളിക്കാന്‍ ബോള്‍ട്ടിന് പിന്നാലെ സൂപ്പര്‍ ഓള്‍റൗണ്ടറും വിരമിച്ചു

ന്യൂസിലന്‍ഡ് ക്രിക്കറ്റിന് ഇത് കഷ്ടകാല സമയമാണ്. കളത്തില്‍ അത്ര മികച്ച പ്രകടനമല്ല കഴിഞ്ഞ രണ്ടുമൂന്ന് മാസമായി അവര്‍ നടത്തുന്നത്. ഇതിനിടയില്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്റ്‌ഹോമും കിവി ജേഴ്‌സിയില്‍ കളി മതിയാക്കി.

പരിക്കും പ്രായം കൂടിയതുമാണ് കാരണമായി പറയുന്നതെങ്കിലും ട്വന്റി-20 ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാനാണ് താരം വിരമിക്കുന്നതെന്നാണ് സൂചനകള്‍. ലീഗുകളില്‍ തുടര്‍ന്ന് കളിക്കുമെന്ന് അദേഹം വ്യക്തമാക്കിയിട്ടുണ്ട്. സിംബാബ്‌വെയില്‍ ജനിച്ച് ന്യൂസിലന്‍ഡിലേക്ക് കുടിയേറി പാര്‍ത്ത ഗ്രാന്‍ഡ്‌ഹോം സമീപകാലത്തെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടും. ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീമിന് സംഭാവനകള്‍ നല്‍കാന്‍ താരത്തിന് സാധിച്ചു.

കഴിഞ്ഞ ദിവസം ബിഗ് ബാഷ് പ്ലയേഴ്‌സ് ഡ്രാഫ്റ്റില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് താരത്തെ സ്വന്തമാക്കിയപ്പോള്‍ മുതല്‍ ക്രിക്കറ്റ് വിദഗ്ധരില്‍ ഇത്തരത്തിലൊരു വിരമിക്കല്‍ ആശങ്ക പടര്‍ന്നിരുന്നുവെന്നതാണ് സത്യം. ബിഗ് ബാഷ് നടക്കുന്ന സമയം ന്യൂസിലന്‍ഡ് ദേശീയ ടീമിന് വളരെയധികം തിരക്കളുള്ള സീസണ്‍ കൂടിയാണ്.

36 കാരനായ ഗ്രാന്‍ഡ്‌ഹോം 29 ടെസ്റ്റില്‍ നിന്ന് 1432 റണ്‍സെടുത്തിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 120 റണ്‍സാണ്. രണ്ട് സെഞ്ചുറികളും കൂട്ടായിട്ടുണ്ട്. 49 വിക്കറ്റുകളാണ് ടെസ്റ്റിലെ സമ്പാദ്യം. 41 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് നേടാനും സാധിച്ചു. 45 ഏകദിനത്തില്‍ നിന്ന് 742 റണ്‍സും 30 വിക്കറ്റും നേടി. 41 ട്വന്റി-20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് 509 റണ്‍സും 12 വിക്കറ്റുകളും നേടുകയും ചെയ്തു.

Related Articles

Leave a Reply

Back to top button