Cricket

ആദ്യ മത്സരത്തില്‍ തന്നെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ആകാശ് ദീപ്‌ !!

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ പേസര്‍ ആകാശ് ദീപ്‌ ഇംഗ്ലീഷ് ടോപ് ഓര്‍ഡറിനെ തകര്‍ത്ത് അരങ്ങേറ്റം ഉജ്ജ്വലമാക്കിയിരുന്നു.

ഓപ്പണര്‍മാരായ സാക് ക്രോളി, ബെന്‍ ഡക്കറ്റ്, വണ്‍ഡൗണായ ഒല്ലിപ്പോപ് എന്നിവരുടെ വിക്കറ്റുകളാണ് ആകാശ് ദീപ് പിഴുതത്.

സാക് ക്രോളിയെ മത്സരത്തില്‍ രണ്ടു തവണ ബൗള്‍ഡാക്കാനുള്ള ഭാഗ്യവും താരത്തിനുണ്ടായി. ആദ്യം ബൗള്‍ഡാക്കിയത് നോബോളായിരുന്നുവെങ്കില്‍ രണ്ടാമത്തെ തവണ താരത്തിന് പിഴച്ചില്ല.

അതേസമയം ക്രോളിയെ നോബോളില്‍ ബൗള്‍ഡാക്കിയതു വഴി ഒരു അപൂര്‍വ റെക്കോഡും താരത്തെ തേടിയെത്തി.
നോബോള്‍ കാരണം തങ്ങളുടെ ആദ്യ ടെസ്റ്റ് വിക്കറ്റ് നഷ്ടമായ താരങ്ങളുടെ പട്ടികയിലാണ് ആകാശ് ദീപ് ഇതോടെ ഇടംപിടിച്ചത്.

സ്റ്റുവര്‍ട്ട് ബിന്നി മാത്രമാണ് ഈയൊരു അവസ്ഥയിലൂടെ ഇതിനു മുമ്പ് കടന്നു പോയിട്ടുള്ള ഇന്ത്യന്‍ താരം. ലസിത് മലിംഗ, മൈക്കല്‍ ബിയര്‍, ബെന്‍ സ്‌റ്റോക്‌സ്, മാര്‍ക്ക് വുഡ്, ടോം കറന്‍, മേസണ്‍ ക്രെയിന്‍, സാഖ്വിബ് മഹമൂദ്, സ്റ്റുവര്‍ട്ട് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങള്‍.

അതേ സമയം റാഞ്ചി ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്തായി. പുറത്താകാതെ 122 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. സാക് ക്രോളി(42), ജോണി ബെയര്‍‌സ്റ്റോ(38), ബെന്‍ ഫോക്‌സ(47), ഒല്ലി റോബിന്‍സണ്‍(58) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുമ്പന്‍. മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റെടുത്തു. അശ്വിന് ഒരു വിക്കറ്റുണ്ട്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായി. രണ്ടു റണ്‍സെടുത്ത രോഹിത് ആന്‍ഡേഴ്‌സന്റെ പന്തില്‍ കീപ്പര്‍ ക്യാച്ച് ആവുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍(27), ശുഭ്മാന്‍ ഗില്‍(4) എന്നിവരാണ് ക്രീസില്‍.

Related Articles

Back to top button