CricketIPL

ബാംഗ്ലൂരിന്റെ ‘തലവേദന’ സ്ലോ ഓവറുകളില്‍ മാറില്ല; ഡുപ്ലിസിക്ക് ഇത്തവണയും പണിമാറില്ല!!

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഐപിഎല്ലിലെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ ബൗളര്‍മാരാണ്. ഇത്രയും സീസണുകളായിട്ടും ഒരു നല്ല ബൗളിംഗ് നിരയെ ആക്രമണത്തിന്റെ നേതൃത്വം ഏല്പിക്കാന്‍ ടീം മാനേജ്‌മെന്റിന് സാധിക്കുന്നില്ലെന്നതാണ് വാസ്തവം.

പതിനേഴാം സീസണിലേക്ക് എത്തിനില്‍ക്കുമ്പോഴും കാര്യങ്ങള്‍ പഴയപടി തന്നെയാണെന്ന് ഉദ്ഘാടന മല്‍സരം തെളിയിക്കുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് അവരുടെ തട്ടകത്തില്‍ കാര്യമായ പ്രതിരോധം ഉയര്‍ത്താതെയാണ് ബാംഗ്ലൂര്‍ തോറ്റമ്പിയത്.

174 റണ്‍സിന്റെ ലക്ഷ്യം വളരെ അനായാസമാണ് റിതുരാജ് ഗെയ്ക്ക്‌വാദും സംഘവും മറികടന്നത്. മുസ്താഫിസൂര്‍ റഹ്‌മാന്‍ ഉള്‍പ്പെടെ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയ പിച്ചിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍മാര്‍ക്ക് യാതൊരു ഇംപാക്ടും ഉണ്ടാക്കാതെ പോയത്.

ബാംഗ്ലൂരിന്റെ സ്‌ട്രൈക്ക് ബൗളറായ മുഹമ്മദ് സിറാജിന് പോലും കാര്യമായ രീതിയില്‍ ചെന്നൈയെ പരീക്ഷിക്കാന്‍ സാധിച്ചില്ല. 4 ഓവറില്‍ വിക്കറ്റൊന്നും നേടാതെ 38 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. വിന്‍ഡീസ് പേസ് സെന്‍സേഷന്‍ അല്‍സാരി ജോസഫിനും കാര്യമായി ബാറ്റര്‍മാരെ പ്രതിരോധത്തിലേക്ക് കൊണ്ടുപോകാനായില്ല. 3.4 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ 38 റണ്‍സാണ് താരം വിട്ടുകൊടുത്തത്.

ബാംഗ്ലൂരിന്റെ വലിയ പ്രശ്‌നം അവരുടെ മധ്യ ഓവറുകളാണ്. വളരെ ശോകമായി പന്തെറിയുന്ന ബൗളര്‍മാരുടെ സാന്നിധ്യമാണ് മധ്യ ഓവറുകളില്‍ ബൗളര്‍മാരുടെ രൂപത്തിലുള്ളത്. കരണ്‍ ശര്‍മ, യാഷ് ദയാല്‍ തുടങ്ങിയ ബൗളര്‍മാരൊന്നും എക്‌സ്ട്ര ഓര്‍ഡിനറി എന്നു പറയാന്‍ സാധിക്കില്ല.

തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചാല്‍ പോലും പിന്നീട് പാര്‍ട്ട് ടൈം രൂപത്തിലുള്ള ബൗളര്‍മാര്‍ വരുമ്പോള്‍ എതിരാളികള്‍ കളിയുടെ നിയന്ത്രണം കൈവശപ്പെടുത്താനാണ് ഇത്തവണയും സാധ്യത. ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കൊന്നും കാര്യമായി ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്നില്ല.

ബാംഗ്ലൂരിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ റണ്‍സൊഴുകുന്ന പിച്ചില്‍ കളിക്കേണ്ടി വരുന്നത് എവേ മല്‍സരങ്ങളില്‍ അവരുടെ ബൗളര്‍മാര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ലൈനും ലെംഗ്തും വലിയ തോതില്‍ മാറ്റേണ്ട അവസ്ഥയാണ് പന്തേറുകാര്‍ക്ക്.

ബാറ്റിംഗില്‍ നിന്ന് മാക്‌സിമം എഫേര്‍ട്ട് വന്നില്ലെങ്കില്‍ ഇത്തവണ ബാംഗ്ലൂരിന് പ്ലേഓഫിലേക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. ബാറ്റിംഗ് കരുത്തു കൊണ്ട് മാത്രം മല്‍സരം ജയിക്കാന്‍ സാധിക്കില്ലെന്നത് തന്നെ കാരണം.

എന്തായാലും ഇത്തവണ ഫഫ് ഡുപ്ലിസിയെ സംബന്ധിച്ച് മുന്നിലുള്ളത് വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യ മല്‍സരത്തിലെ തോല്‍വിയെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഉപേക്ഷിച്ചു പോകുന്ന ബാംഗ്ലൂര്‍ ഇനിയുള്ള മല്‍സരങ്ങള്‍ക്ക് എങ്ങനെ തയാറെടുക്കുമെന്ന് കണ്ടറിയാം.

Related Articles

Back to top button