Cricket

റെക്കോഡ് ബുക്കില്‍ ഇടംപിടിച്ച് ഐപിഎല്‍ ഉദ്ഘാടന മത്സരം!! ഇക്കുറിയും ചെന്നൈ ഫേവറൈറ്റുകള്‍

ഐപിഎല്‍ 2024 സീസണ് അങ്ങനെ ആവേശോജ്ജലമായി തുടക്കമായിരിക്കുകയാണ്. ചെന്നൈ ചെപ്പോക്കില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആറു വിക്കറ്റിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്.

നാലു വിക്കറ്റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ മുന്നേറ്റ നിരയെ തകര്‍ത്ത മുസ്താഫിസുര്‍ റഹ്‌മാനാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് വിരാട് കോഹ് ലി(21), ഫഫ് ഡുപ്ലെസി(35), അനുജ് റാവത്ത്(48), ദിനേശ് കാര്‍ത്തിക്(38) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ വിജയലക്ഷ്യം 18.4 ഓവറില്‍ മറികടക്കുകയായിരുന്നു. രചിന്‍ രവീന്ദ്ര(37), അജിങ്ക്യാ രഹാനെ(27), ഡാരില്‍ മിച്ചല്‍(22), ശിവം ദുബെ(34), രവീന്ദ്ര ജഡേജ(25) എന്നിവര്‍ സിഎസ്‌കെയ്ക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ആര്‍സിബിയ്ക്കായി കാമറൂണ്‍ ഗ്രീന്‍ രണ്ടു വിക്കറ്റും യാഷ് ദയാല്‍,കാണ്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ചെന്നൈയുടെ തട്ടകത്തില്‍ ആര്‍സിബിയുടെ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണിത്. 2008ല്‍ ഇരുവരും ചെന്നൈയില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തിനു ശേഷം ചെന്നൈയെ ഇവിടെ തോല്‍പ്പിക്കാന്‍ ആര്‍സിബിയ്ക്ക് കഴിഞ്ഞിട്ടില്ല.

അതേ സമയം ഐപിഎല്ലില്‍ ഇരു ടീമുകളിലെ ഒരു താരം പോലും അര്‍ധസെഞ്ചുറി നേടാതെ ഒരു മത്സരത്തില്‍ പിറക്കുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണ് ഇന്നലെ ചെപ്പോക്കില്‍ പിറന്നത്. ഇരു ടീമുകളും കൂടി 349 റണ്‍സാണ് നേടിയത്. 48 റണ്‍സ് നേടിയ ആര്‍സിബി താരം അനുജ് റാവത്താണ് രണ്ടു ടീമിലെയും കൂടി ടോപ് സ്‌കോറര്‍.

2017 സീസണില്‍ ഗുജറാത്ത് ലയണ്‍സും റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സും തമ്മില്‍ രാജ്‌കോട്ടില്‍ നടന്ന മത്സരത്തിന്റെയും 2021ല്‍ അബുദാബിയില്‍ കൊല്‍ക്കട്ട നൈറ്റ് റൈഡേഴ്‌സും ചെന്നൈയും തമ്മില്‍ നടന്ന മത്സരത്തിന്റെയും റെക്കോഡാണ് തകര്‍ന്നത്. ഈ മത്സരങ്ങളില്‍ 343 റണ്‍സായിരുന്നു പിറന്നത്.

ഐപിഎല്ലില്‍ ഒരു ടീമിനെതിരേ ഏറ്റവുമധികം വിജയം നേടുന്ന ടീമുകളുടെ പട്ടികയില്‍ രണ്ടാമതെത്താനും സിഎസ്‌കെയ്ക്കായി. ബംഗളൂരുവിനെതിരേ സിഎസ്‌കെയുടെ 21-ാം ഐപിഎല്‍ വിജയമായിരുന്നു ഇത്. കൊല്‍ക്കത്തയ്‌ക്കെതിരേ 23 വിജയം സ്വന്തമാക്കിയ മുംബൈയാണ് ഇക്കാര്യത്തില്‍ മുമ്പന്‍.

Related Articles

Back to top button