Cricket

ഇന്ത്യയ്ക്കിനി പല ക്യാപ്റ്റന്‍മാര്‍!! നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്ക് വെവ്വേറെ ക്യാപ്റ്റന്‍മാരെ തീരുമാനിക്കാന്‍ ബിസിസിഐ. ടെസ്റ്റിലും ഏകദിനത്തിലും ഒരു ക്യാപ്റ്റനും ട്വന്റി-20യ്ക്ക് പ്രത്യേക ക്യാപ്റ്റനുമെന്ന നിലയിലായിരിക്കും ആദ്യ ഘട്ട പരീക്ഷണം. മുമ്പ് ഓസ്‌ട്രേലിയയൊക്കെ പരീക്ഷിച്ച് വിജയിച്ച രീതിയിലേക്കാണ് ഇന്ത്യയും നീങ്ങുന്നത്.

പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ഏകദിനത്തിലും ടെസ്റ്റിലും പതിവുപോലെ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കും. എന്നാല്‍ ട്വന്റി-20യില്‍ ഹര്‍ദിക് പാണ്ഡ്യ സ്ഥിരം നായകനാകും. മാത്രവുമല്ല, ഏകദിനത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ടീമിനെയാകും ട്വന്റി-20യ്ക്കായി തെരഞ്ഞെടുക്കുക.

അടുത്ത വര്‍ഷം ലോകകപ്പ് വരെ രോഹിത് ഏകദിനത്തിലും തുടരും. ഇതിനു ശേഷം ഹര്‍ദിക്കിനെ ഏകദിന ക്യാപ്റ്റനായും അവരോധിച്ചേക്കും. എന്നാല്‍ അതിനു മുമ്പ് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ സാമര്‍ത്ഥ്യം ഹര്‍ദിക് തെളിയിക്കേണ്ടി വരും. നിലവില്‍ ന്യൂസിലന്‍ഡ് പര്യടനത്തില്‍ പാണ്ഡ്യ ആണ് ടീമിനെ നയിക്കുന്നത്.

ചേതന്‍ ശര്‍മ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയെയും ബിസിസിഐ പിരിച്ചു വിട്ടിട്ടുണ്ട്. ലോകകപ്പ് ടീമിലേക്ക് വെറ്ററന്‍ താരങ്ങളെ കുത്തി തിരുകിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശര്‍മയും സംഘവും തെറിച്ചത്. പുതിയ സെലക്ഷന്‍ കമ്മിറ്റിക്കായി ബോര്‍ഡ് പരസ്യം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റത്തിനാണ് ബോര്‍ഡ് തുടക്കം കുറിച്ചിരിക്കുന്നത്. വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ വരുന്നതോടെ കളിക്കാരുടെ ജോലിഭാരവും കുറയുമെന്നാണ് കരുതുന്നത്. കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതു സഹായിക്കും.

Related Articles

Back to top button