Cricket

സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന്‍ പേസര്‍മാരുടെ പല്ലുകൊഴിയും; ‘എക്‌സ്’ ഫാക്ടര്‍ മാറ്റാതെ ജയ് ഷായുടെ നീക്കം!!

ഏഷ്യാകപ്പില്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യയെ വിറപ്പിച്ചാണ് മഴമൂലം ഉപേക്ഷിച്ച കളി പാക്കിസ്ഥാന്‍ അവസാനിപ്പിച്ചത്. ഇന്ത്യയുടെ മുന്‍നിരയെ പിച്ചിച്ചീന്തിയാണ് പാക് ഫാസ്റ്റ് ബൗളര്‍മാര്‍ നിറഞ്ഞാടിയത്. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ഷാഹീന്‍ഷാ അഫ്രീദിയും ഹാരിസ് റൗഫും നസീം ഷായുമെല്ലാം സ്ഥിരമായി 140 കിലോമീറ്ററിലും വേഗത്തില്‍ പന്തെറിഞ്ഞതോടെ ഇന്ത്യ ബാക്ക്ഫുട്ടിലായി.

ഏഷ്യാകപ്പ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതോടെ ഇന്ത്യ-പാക് അടുത്ത മല്‍സരത്തിനും കളമൊരുങ്ങിയിരിക്കുകയാണ്. സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച്ച ഇരുടീമുകളും നേര്‍ക്കുനേര്‍ വീണ്ടും എത്തും. ഇത്തവണ പക്ഷേ പാക് പേസര്‍മാരുടെ പതിവ് മേധാവിത്വം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.

അതിനു കാരണമായി വരുന്നത് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കുന്നതല്ല. മറിച്ച് സൂപ്പര്‍ ഫോര്‍ ഉള്‍പ്പെടെ ബാക്കിയുള്ള ശ്രീലങ്കയിലെ മല്‍സരങ്ങള്‍ കൊളംബോയില്‍ നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ജയ് ഷാ തീരുമാനം എടുത്തതാണ്.

കൊളംബോയിലെ കനത്ത മഴമൂലം സൂപ്പര്‍ ഫോര്‍ മുതലുള്ള മല്‍സരങ്ങള്‍ പല്ലെക്കേലയിലെ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ കൊളംബോയിലെ മല്‍സരങ്ങള്‍ മാറ്റേണ്ടതില്ലെന്ന് എസിസി തീരുമാനിച്ചതോടെ വേദി മാറില്ലെന്ന് ഉറപ്പായി.

പല്ലെക്കേല സ്റ്റേഡിയത്തിലേക്ക് ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ പോരാട്ടം മാറിയിരുന്നെങ്കില്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും അതു തിരിച്ചടിയായേനെ. കാരണം, പല്ലെക്കേലയിലെ പിച്ച് പേസര്‍മാര്‍ക്ക് നല്‍ ബൗണ്‍സും പേസും നല്കുന്നതാണ്.

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ അസാധ്യ സിംഗും ഇവിടുത്തെ പിച്ചില്‍ കിട്ടും. ഇന്ത്യയ്‌ക്കെതിരേ കാലാവസ്ഥയുടെ കൂടെ ആനുകൂല്യത്തിലാണ് പാക്കിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബൗളിംഗില്‍ മേധാവിത്വം നേടിയത്. ഈ ആനുകൂല്യം പാക്കിസ്ഥാന് കൊളംബോയില്‍ പക്ഷേ കിട്ടില്ല.

കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് പണ്ടുതൊട്ടേ സ്പിന്നിനും സ്ലോ ബൗളര്‍മാര്‍ക്കും അനുകൂലമാണ്. ടെസ്റ്റില്‍ പലപ്പോഴും ശ്രീലങ്ക ഇവിടെ ഒരൊറ്റ ഫാസ്റ്റ് ബൗളറെയും മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെയും വച്ച് ടീമിറക്കുന്നത് പതിവാണ്.

ഇത്തരത്തില്‍ ബാറ്റ്‌സ്മാന്മാരുടെയും സ്പിന്നര്‍മാരുടെയും പറുദീസയായ പിച്ചില്‍ പാക്കിസ്ഥാന്‍ മല്‍സരത്തിന് മുമ്പേ ബാക്ക്ഫൂട്ടിലാണെന്ന് പറയാം. കാരണം, മൂന്ന് പേസര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ അവരുടെ ബൗളിംഗ് ദുര്‍ബലമാണ്.

സ്പിന്നര്‍മാരായ ഷദാബ് ഖാനും മുഹമ്മദ് നവാസും ശരാശരിക്കാരാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും ഇഷാന്‍ കിഷനും തിരിച്ചു വരാന്‍ അവസരം കിട്ടിയതും ഈ ദൗര്‍ബല്യം മുതലെടുത്തതാണ്. കൊളംബോയിലേക്ക് വരുമ്പോള്‍ ബാബര്‍ അസത്തിന് തന്ത്രങ്ങള്‍ മാറ്റേണ്ടി വരുമെന്ന് ഉറപ്പാണ്.

മറുവശത്ത് കൊളംബോയിലെ വേദി ഇന്ത്യയ്ക്ക് കാണാപ്പാഠമാണ്. ഈ പിച്ചിലേക്ക് കളിവരുമ്പോള്‍ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ഇന്ത്യയ്ക്ക് മേധാവിത്വം നേടി കൊടുക്കുമെന്ന് ഉറപ്പാണ്. ബാറ്റിംഗ് അനായാസമായ പിച്ചായതിനാല്‍ വലിയ പരിക്കുകളില്ലാതെ മല്‍സരം ഇന്ത്യയ്ക്ക് ജയിച്ചു കയറാമെന്ന വിലയിരുത്തലിലാണ് ആരാധകരും.

Related Articles

Back to top button