Cricket

മണ്ടന്‍ കോച്ചിന്റെ ‘അബദ്ധം’ അഫ്ഗാനെ പുറത്തേക്ക് തള്ളിയിട്ടു!! വിലപ്പെട്ട 4 പന്തുകള്‍ തട്ടി തീര്‍ത്തു!!

ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക ഏഷ്യാകപ്പ് മല്‍സരത്തില്‍ ജയിച്ച് സൂപ്പര്‍ ഫോറിലെത്താമായിരുന്ന അവസരം അഫ്ഗാന്‍ കളഞ്ഞു കുളിച്ചു. കോച്ചിന്റെയും കൂടെയുള്ള കോച്ചിംഗ് സ്റ്റാഫുകളുടെയും അറിവില്ലായ്മയാണ് അഫ്ഗാനെ നാടകീയ ജയത്തില്‍ നിന്നും പിന്നോട്ടടിച്ചത്.

ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം 37.1 ഓവറില്‍ മറികടന്നാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്തി അഫ്ഗാന് സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ നിശ്ചിത ഓവറില്‍ ഇൗ ലക്ഷ്യത്തിലെത്താന്‍ അവര്‍ക്കായില്ല. അവസാനം 2 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

അഫ്ഗാന്‍ കോച്ച് ജോനാഥന്‍ ട്രോട്ടിന് സംഭവിച്ച പിഴവാണ് ടീമിന്റെ പുറത്താകലിലേക്ക് വഴിയൊരുക്കിയത്. 36 ഓവര്‍ പിന്നിടുമ്പോള്‍ 8 വിക്കറ്റിന് 277 റണ്‍സായിരുന്നു അഫ്ഗാന്‍ സമ്പാദ്യം. സൂപ്പര്‍ ഫോറിലേക്ക് 7 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്.

റഷീദ് ഖാനെതിരേ ആദ്യ രണ്ട് പന്ത് വെല്ലല്‍ഗെ നന്നായെറിഞ്ഞു. എന്നാല്‍ പിന്നീടുള്ള 4 പന്തില്‍ 3 ബൗണ്ടറി അടക്കം 12 റണ്‍സ് റഷീദ് സ്വന്തമാക്കി. 37 ഓവര്‍ പിന്നിടുമ്പോള്‍ അഫ്ഗാന് വേണ്ടത് 1 പന്തില്‍ 3 റണ്‍സ്. പക്ഷേ മറ്റൊരു രീതിയില്‍ അഫ്ഗാന് മുന്നില്‍ 4 പന്തുകള്‍ കൂടിയുണ്ടായിരുന്നു.

അതായത് 37.4 ഓവറില്‍ 295 റണ്‍സെടുത്താലും അവര്‍ സൂപ്പര്‍ ഫോറില്‍ എത്തിയേനെ. കാരണം, നെറ്റ് റണ്‍റേറ്റില്‍ കണക്കുകൂട്ടുന്നത് ആകെ സ്‌കോര്‍ ചെയ്ത റണ്‍സാണ്. 292 റണ്‍സാണ് വിജയലക്ഷ്യമെങ്കിലും സിക്‌സര്‍ അടിച്ച് സ്‌കോറും റണ്‍റേറ്റും കൂട്ടാനുള്ള അവസരം അഫ്ഗാന് ഉണ്ടായിരുന്നു.

എന്നാല്‍ 37.1 എന്ന കണക്കില്‍ മാത്രം ശ്രദ്ധിച്ച ക്രീസിലുള്ള അഫ്ഗാന്‍ ബാറ്റര്‍മാരോ ഡ്രെസിംഗ് റൂമിലെ കോച്ചിംഗ് സ്റ്റാഫോ 37.4 ഓവറിനുള്ളില്‍ 295 എടുത്താല്‍ മതിയെന്ന കാര്യം അറിഞ്ഞില്ല. അങ്ങനെ അറിഞ്ഞിരുന്നെങ്കില്‍ എന്ത് ചെയ്യാമായിരുന്നുവെന്ന് നോക്കാം–

37.1 മത്തെ പന്തില്‍ നിലവില്‍ മുജീബ് റഹ്‌മാന്‍ സിക്‌സറിന് ശ്രമിച്ച് പുറത്താകുകയാണ് ചെയ്തത്. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത് 289 റണ്‍സ്. കൂറ്റനടിക്കു ശ്രമിക്കുന്നതിന് പകരം മുജീബ് ഈ പന്തില്‍ സിംഗിള്‍ എടുത്തിരുന്നെങ്കില്‍ സ്‌കോര്‍ 290.

അടുത്ത 3 പന്തുകളില്‍ ഒരു സിക്‌സറെങ്കിലും അടിച്ച് ജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അഫ്ഗാന്‍ സ്‌കോര്‍ 296 ആയേനെ. അങ്ങനെ വരുമ്പോള്‍ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാന്‍ ലങ്കയ്ക്ക് മുകളിലായേനെ. കോച്ചിന്റെ അശ്രദ്ധ ഒരു ടീമിന്റെ മുഴുവന്‍ പ്രതീക്ഷകളും കെടുത്തി കളഞ്ഞെന്ന് പറയാം.

സൂപ്പര്‍ സിക്‌സിലേക്ക് യോഗ്യതയെന്ന വലിയ വെല്ലുവിളിയിലേക്ക് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് വലിയ മെച്ചപ്പെട്ട തുടക്കമല്ല കിട്ടിയത്. കത്തിക്കയറിയാല്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള റഹ്‌മാനുള്ള ഗുര്‍ബാസ് മൂന്നാം ഓവറില്‍ തന്നെ പവലിയനില്‍ തിരിച്ചെത്തി.

8 പന്തില്‍ വെറും 4 റണ്‍സെടുത്ത ഗുര്‍ബാസിനെ കശുന്‍ രജിതയാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ ഇബ്രാഹിം സദ്രാനും (7) രജിതയ്ക്കു മുന്നില്‍ കീഴടങ്ങി. എന്നാല്‍ പ്രമോഷന്‍ കിട്ടി ക്രീസിലെത്തിയ ഗുല്‍ബദിന്‍ നൈബ് (22) രഹ്‌മത്ത് ഷായ്‌ക്കൊപ്പം ഇന്നിംഗ്‌സ് മുന്നോട്ടു നയിച്ചു.

ഈ ഘട്ടത്തിലൊന്നും ലങ്കയുടെ കൈയില്‍ നിന്നും കളി പോയിരുന്നില്ല. അഫ്ഗാന്‍ ജയിക്കുമെന്ന് പോലും തോന്നിപ്പിക്കാതെയായിരുന്നു ഇവരുടെ ബാറ്റിംഗ്. എന്നാല്‍ 40 പന്തില്‍ 45 റണ്‍സെടുത്ത ഷാ പുറത്തായതാണ് കളിയിലെ ടേണിംഗ് പോയിന്റായി മാറിയത്.

18.4 ഓവറില്‍ 4 വിക്കറ്റിന് 121 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് അഫ്ഗാന്‍ ഇന്നിംഗ്‌സിന് കൊടുങ്കാറ്റിന്റെ വേഗം സമ്മാനിച്ച് മുഹമ്മദ് നബിയുടെ വരവ്. അതുവരെ ജയം പോലും അകലെയായിരുന്ന അഫ്ഗാന്‍ ബാറ്റിംഗ് പിന്നെ കണ്ടത് ടോപ് ഗിയറില്‍ പോകുന്നതാണ്.

പന്തെറിയാന്‍ വന്നവരെയെല്ലാം തലങ്ങും വിലങ്ങും പായിച്ച നബി അപാര ഫോമിലായിരുന്നു. ലങ്കന്‍ ക്യാപ്റ്റന്‍ ദശുന്‍ ഷനകയ്ക്ക് എന്തു ചെയ്യണമെന്ന് പോലും അറിയാന്‍ പറ്റാത്ത അവസ്ഥ. സ്പിന്നിനെയും പേസിനെയും ഒരുപോലെ ആകാശം വഴി പായിച്ച നബി വീണ്ടും അഫ്ഗാനെ ട്രാക്കിലാക്കി.

മറുവശത്ത് ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിക്ക് വെറുതെ സിംഗിളെടുത്ത് സ്‌ട്രൈക്ക് കൈമാറേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. മാരക ഷോട്ടുകളിലൂടെ വെറും 24 പന്തില്‍ നബി അര്‍ധസെഞ്ചുറി തികച്ചു. നബി അഫ്ഗാനെ സൂപ്പര്‍ ഫോറിലേക്ക് എത്തിക്കുന്നുവെന്ന് തോന്നിച്ച നിമിഷത്തിലാണ് മതീഷാ തീക്ഷണ നബിയെ ധനഞ്ജയ ഡിസില്‍വയുടെ കൈയിലെത്തിക്കുന്നത്.

32 പന്തില്‍ 65 റണ്‍സെടുത്തായിരുന്നു നബിയുടെ മടക്കം. 5 സിക്‌സറുകളും 6 ഫോറുകളും ആ ഇന്നിംഗ്‌സിന് ചാരുതയേകി. നബിക്ക് പിന്നാലെയെത്തിയ കരീം ജനത്ത് 13 പന്തില്‍ 22 റണ്‍സെടുത്ത് നന്നായി തുടങ്ങിയെങ്കിലും ധുനിത് വെല്ലാല്‍ഗെയുടെ ഓവറില്‍ അഫ്ഗാന് തിരിച്ചടിയേറ്റു.

ജനത്തിനൊപ്പം ഈ ഓവറില്‍ ക്യാപ്റ്റന്‍ ഷാഹിദിയും പുറത്തായി. 66 പന്തില്‍ 59 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. 7 വിക്കറ്റ് നഷ്ടമായി ലക്ഷ്യം അപ്രാവ്യമെന്ന് തോന്നിച്ച ഘട്ടത്തിലാണ് നജീബുള്ള സദ്രാനൊപ്പം റഷീദ് ഖാന്‍ എത്തുന്നത്.

7 ഓവറില്‍ 71 റണ്‍സ് വേണം സൂപ്പര്‍ ഫോറിലെത്താന്‍ എന്ന അവസ്ഥയില്‍ ഒന്നിച്ച ഇരുവരും തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് ഷോട്ടുകളുതിര്‍ക്കാന്‍ തുടങ്ങി. ഇതോടെ വീണ്ടും ടെന്‍ഷന്‍ ലങ്കന്‍ പക്ഷത്തേക്കായി. 37.1 ഓവറില്‍ ലക്ഷ്യമെന്ന അവസ്ഥ ഏതു പക്ഷത്തേക്കും തിരിയാമെന്ന അവസ്ഥ.

34 ഓവര്‍ പിന്നിടുമ്പോള്‍ 7 വിക്കറ്റിന് 259 റണ്‍സെന്ന നിലയിലായിരുന്നു അഫ്ഗാന്‍. വേണ്ടത് 19 പന്തില്‍ 33 റണ്‍സ്. 35 മത്തെ ഓവര്‍ എറിയാനെത്തിയത് പതിരാന. തകര്‍പ്പന്‍ യോര്‍ക്കറുകളുമായി ചെന്നൈ സൂപ്പര്‍കിംഗ്‌സ് ബൗളര്‍ കളംനിറഞ്ഞതോടെ ലങ്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ലാതെയായി. കളി അവസാന ഓവറുകളിലേക്ക് നീങ്ങിയപ്പോള്‍ ലക്ഷ്യം കുറഞ്ഞെങ്കിലും ഒടുവില്‍ കണ്ണീരായി അഫ്ഗാന്‍ മാറി.

Related Articles

Back to top button