Cricket

ഏത് ഡക്കറ്റ് വന്നാലും വീരുവിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും!! ഇളക്കമില്ലാത്ത റെക്കോഡുമായി വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ മുന്‍ താരവും ഇതിഹാസ ഓപ്പണറുമായ വീരേന്ദര്‍ സെവാഗ് ഒരു ജിന്നാണ്. ഇന്ന് ഇംഗ്ലണ്ട് ബാസ്‌ബോള്‍ കളിക്കുമ്പോള്‍ അതിനും ദശാബ്ദങ്ങള്‍ക്കു മുമ്പു തന്നെ പ്രത്യേകിച്ച് പേരൊന്നും ഇടാത്ത വെടിക്കെട്ടു ശൈലിയുമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇടിമുഴക്കം സൃഷ്ടിച്ച താരമായിരുന്നു സെവാഗ്.

ഇപ്പോഴിതാ ഇന്ത്യയില്‍ വന്ന് ഇന്ത്യയ്‌ക്കെതിരേ ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കറ്റ് വെടിക്കെട്ട് സെഞ്ചുറി നേടിയപ്പോഴും തകരാതെ നില്‍ക്കുകയാണ് സെവാഗിന്റെ ഒരു റെക്കോഡ്.

ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളില്‍ ഒരു സെഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയ താരമെന്ന റെക്കോര്‍ഡാണ് 15 വര്‍ഷമായിട്ടും ആരാലും തകര്‍ക്കപ്പെടാതെ ഇന്നും നിലനില്‍ക്കുന്നത്.

ഇന്ത്യക്കെതിരേ ഇപ്പോള്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം അവസാന സെഷനില്‍ ട്വന്റി20 ശൈലിയില്‍ ബാറ്റ് വീശിയിട്ടും ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന് ആ റെക്കോഡിനെ സ്പര്‍ശിക്കാന്‍ പോലുമായില്ല.

എങ്കിലും ആ ലിസ്റ്റില്‍ സെവാഗിനു പിറകില്‍ രണ്ടാംസ്ഥാനത്തേക്കു എത്താന്‍ സാധിച്ചു എന്നതില്‍ ഇംഗ്ലീഷ് താരത്തിന് അഭിമാനിക്കാം.

2009ല്‍ ശ്രീലങ്കയ്ക്കെതിരേ മുംബൈയില്‍ നടന്ന ടെസ്റ്റിലായിരുന്നു സെവാഗിന്റെ തീപ്പൊരി ഇന്നിംഗ്‌സ്. അന്ന് ഒരു സെഷനില്‍ അദ്ദേഹം വാരിക്കൂട്ടിയത് 133 റണ്‍സാണ്.

പിന്നീട് മറ്റൊരു താരത്തിനും ഇന്ത്യയില്‍ ഒരു സെഷനില്‍ ഇത്രയുമധികം റണ്‍സ് അടിച്ചെടുക്കാനായിട്ടില്ല. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയായിരുന്നു നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്നത്.

2013ല്‍ ഓസ്ട്രേലിയക്കെതിരേ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ ഒരു സെഷനില്‍ 109 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ധോണിക്ക് കഴിഞ്ഞിരുന്നു.

രാജ്‌കോട്ട് ടെസ്റ്റില്‍ ഒരു സെഷനില്‍ 114 റണ്‍സ് അടിച്ചു കൂട്ടിയാണ് ബെന്‍ ഡക്കറ്റ് ധോണിയെ മറികടന്നത്. ഡക്കറ്റും ധോണിയും കഴിഞ്ഞാല്‍ ലിസ്റ്റില്‍ നാലാംസ്ഥാനത്തുള്ളത് കര്‍ണാടകയില്‍ നിന്നുള്ള മലയാളി താരമായ കരുണ്‍ നായരാണ്.

2016ല്‍ ഇംഗ്ലണ്ടുമായി ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ടെസ്റ്റില്‍ കരുണ്‍ ഒരു സെഷനില്‍ നേടിയത് 108 റണ്‍സായിരുന്നു. അദ്ദേഹം ട്രിപ്പിള്‍ സെഞ്ചുറി നേടിയ ടെസ്റ്റായിരുന്നു അത്.

ലിസ്റ്റില്‍ അഞ്ചാം സ്ഥാനവും സെവാഗിനു തന്നെയാണ്. 108 റണ്‍സുമായാണ് അദ്ദേഹം ഒരിക്കല്‍ക്കൂടി എലൈറ്റ് ക്ലബ്ബില്‍ സാന്നിധ്യമറിയിച്ചത്. 2008ല്‍ സൗത്താഫ്രിക്കയുമായി ചെന്നൈയില്‍ നടന്ന ടെസ്റ്റിലായിരുന്നു അത്.

അതേസമയം രാജ്‌കോട്ട് ടെസ്റ്റില്‍ 126 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 445 പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് 319 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

151 പന്തില്‍ 153 റണ്‍സ് നേടിയെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനു പുറമെ ഒല്ലി പോപ്പ്(39), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്(41) എന്നിവര്‍ക്ക് മാത്രമേ ഇംഗ്ലീഷ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായുള്ളൂ.

ഇംഗ്ലണ്ടിന്റെ അവസാന അഞ്ചു വിക്കറ്റുകള്‍ വെറും 20 റണ്‍സിനിടയിലാണ് നഷ്ടമായത്. നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും അടിയന്തരമായി ടീമില്‍ നിന്നു പുറത്തു പോയ രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതമുണ്ട്.

രണ്ടാമിന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സ് എന്ന നിലയിലാണ്. രോഹിത് ശര്‍മ(13),യശസ്വി ജയ്‌സ്വാള്‍(7) എന്നിവരാണ് ക്രീസില്‍.

Related Articles

Back to top button