Cricket

ഒരു കാരണവശാലും സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കരുത് !! കാരണം തുറന്നു പറഞ്ഞ് കെ. ശ്രീകാന്ത്

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ തങ്ങളുടേതായ ടീം പ്രഖ്യാപനങ്ങളുമായി മുന്‍താരങ്ങളടക്കം സജീവമാണ്.

ഈ സാഹചര്യത്തില്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ കെ. ശ്രീകാന്ത് നടത്തിയ ഒരു പ്രസ്താവനയാണ് മലയാളി ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

മലയാളി താരം സഞ്ജു സാംസനെ ഒരു കാരണവശാലും ഇന്ത്യ തങ്ങളുടെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തരുത് എന്നാണ് ശ്രീകാന്ത് പറയുന്നത്.

നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ എല്ലാ സാധ്യതയുമുള്ള താരമാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വളരെ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച വയ്ക്കുന്നത്.

അതുകൊണ്ടുതന്നെ ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പറായെങ്കിലും സഞ്ജു ടീമിലെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനിടയാണ് ശ്രീകാന്ത് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

എന്തുകൊണ്ട് സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കണമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടുകയുണ്ടായി.

”സഞ്ജു സാംസണെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ പാടില്ല എന്നാണ് എന്റെ വിലയിരുത്തല്‍. കാരണം സഞ്ജുവിന് മൂന്നാം നമ്പറിലോ നാലാം നമ്പറിലോ മാത്രമേ ബാറ്റ് ചെയ്യാന്‍ സാധിക്കൂ.

എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ ഈ രണ്ട് സ്ലോട്ടുകളിലും യാതൊരു ഒഴിവുമില്ല. നിലവില്‍ ഇന്ത്യയുടെ വെടിക്കെട്ട് താരങ്ങളായ സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഈ രണ്ടു സ്ലോട്ടുകളും ഇതിനോടകം തന്നെ റിസര്‍വ് ചെയ്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിന് ആവശ്യമില്ല.

നിലവില്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ലോട്ടിലേക്ക് രോഹിത് ശര്‍മയും വിരാട് കോഹ്ലിയും സ്ഥാനമുറപ്പിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ട്വന്റി20 ലോകകപ്പില്‍ റിഷഭ് പന്ത് ഇന്ത്യയുടെ ആദ്യ ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിക്കണം.

ബാക്കപ്പ് വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിനെ ഇന്ത്യ ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും ഉത്തമം.” ശ്രീകാന്ത് വ്യക്തമാക്കി.
എന്നാല്‍ ഈ സീസണിലെ റണ്‍ വേട്ടക്കാരില്‍ രണ്ടാമതുള്ള സഞ്ജുവിനെ ഒഴിവാക്കിയത് നീതീകരിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതു പറഞ്ഞതിനൊപ്പം തന്റെ 15 അംഗ ലോകകപ്പ് സ്‌ക്വാഡിനെ തിരഞ്ഞെടുക്കാനും ശ്രീകാന്ത് മറന്നില്ല. ആരാധകരില്‍ അമ്പരപ്പുളവാക്കുന്ന ചില തീരുമാനങ്ങളും ശ്രീകാന്ത് സ്‌ക്വാഡ് തെരഞ്ഞെടുപ്പില്‍ കൈക്കൊണ്ടിട്ടുണ്ട്.

സമീപ സമയങ്ങളില്‍ ഇന്ത്യയ്ക്കായി വമ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്ത ജയസ്വാളിനെ തന്റെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ശ്രീകാന്ത് തഴഞ്ഞിട്ടുണ്ട്. മാത്രമല്ല രാജസ്ഥാന്‍ റോയല്‍സിനായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ചഹലിനെയും ശ്രീകാന്ത് തന്റെ ടീമില്‍ നിന്ന് ഒഴിവാക്കി.

ഇന്ത്യന്‍ നായകന്‍ രോഹിത്തും സൂപ്പര്‍താരം കോഹ്‌ലിയുമാണ് ശ്രീകാന്തിന്റെ ടീമിലെ ഓപ്പണര്‍മാര്‍. സൂര്യകുമാര്‍ യാദവും ശിവം ദുബെയും അടുത്ത സ്ഥാനങ്ങളില്‍ ബാറ്റിംഗിന് എത്തും.

എന്നാല്‍ മുംബൈക്കായി ഈ ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന ഹാര്‍ദിക് പാണ്ഡ്യ ശ്രീകാന്തിന്റെയും ടീമിലുണ്ട്. തമിഴ്‌നാടിന്റെ ഇടംകയ്യന്‍ പേസര്‍ നടരാജനെ ഉള്‍പ്പെടുത്തിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Related Articles

Back to top button