Cricket

ഇംഗ്ലണ്ടിന്റെ ‘ആയുധം’ അവര്‍ക്കെതിരേ തൊടുത്ത് രോഹിതിന്റെ ഗെയിംപ്ലാന്‍; അടിച്ചത് ഉച്ചിയില്‍ തന്നെ!!

സമീപകാലത്ത് ടെസ്റ്റില്‍ വലിയ വിപ്ലവം സൃഷ്ടിച്ച ടീമാണ് ഇംഗ്ലണ്ട്. ബ്രെണ്ടന്‍ മക്കല്ലം കോച്ചായി വന്ന ശേഷം ബാസ്‌ബോള്‍ ക്രിക്കറ്റ് അവര്‍ എല്ലായിടത്തും വിജയകരമായി തന്നെ പരീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലും ഇത്തരത്തിലൊരു തന്ത്രം തന്നെ അവര്‍ പുറത്തെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

എന്നാല്‍ ഹൈദരാബാദില്‍ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ അവരുടെ പദ്ധതികള്‍ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. ബാസ്‌ബോള്‍ ക്രിക്കറ്റിലൂടെ അതിവേഗം ഒന്നാം ഇന്നിംഗ്‌സില്‍ സുരക്ഷിത സ്‌കോറിലെത്താമെന്ന ഇംഗ്ലീഷ് പ്രതീക്ഷ ആദ്യം തകര്‍ത്തത് ഇന്ത്യന്‍ ബൗളര്‍മാരാണെങ്കില്‍ അവസാന സെഷനിലെ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റിംഗാണ് അവരെ മല്‍സരത്തില്‍ നിന്ന് പോലും പുറത്താക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.

ബാസ്‌ബോളിന് അതേരീതിയില്‍ തിരിച്ചടി കൊടുത്ത രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 246 റണ്‍സിനെതിരേ വെറും 127 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ.

ഒരു വിക്കറ്റിന് 119 റണ്‍സെന്ന നിലയിലാണ് ആദ്യ ദിനം ഇന്ത്യ അവസാനിപ്പിച്ചത്. വെറും 70 പന്തില്‍ 76 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ജയ്‌സ്വാള്‍ തന്നെയാണ് ബാസ്‌ബോളിന്റെ ഇന്ത്യന്‍ വേര്‍ഷന് നേതൃത്വം നല്കുന്നത്.

നാലും അഞ്ചും ദിവസങ്ങളില്‍ ടേണിംഗിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുന്ന ഹൈദരാബാദിലെ പിച്ചില്‍ 150 റണ്‍സ് പോലും നാലാം ഇന്നിംഗ്‌സില്‍ പിന്തുടരുക ഹിമാലയന്‍ ടാസ്‌കാണ്. അതു തിരിച്ചറിഞ്ഞ് തന്നെയാണ് വലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇന്ത്യ ലക്ഷ്യമിടുന്നതും.

വലിയ തോതില്‍ പ്രതിരോധ ക്രിക്കറ്റ് കളിച്ചാല്‍ അവസാന ദിവസങ്ങളില്‍ ചിലപ്പോള്‍ തിരിച്ചടിയായേക്കുമെന്ന ഭയം തന്നെയാണ് അടിക്ക് തിരിച്ചടിയെന്ന രീതിയില്‍ ബാറ്റുവീശാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. 200 റണ്‍സിന് മുകളിലൊരു ലീഡ് എടുക്കാനായാല്‍ കളി ഇന്ത്യയുടെ കൈയിലിരിക്കും.

ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ വീണ പത്തില്‍ എട്ടു വിക്കറ്റുകളുടെയും അവകാശി ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. ഈ അവസ്ഥയില്‍ രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍-ജഡേജ-അക്‌സര്‍ ത്രയത്തെ നേരിടുന്നത് ഇംഗ്ലണ്ടിന് എളുപ്പമാകില്ല. അതിനിടയിലാണ് ഇന്ത്യയുടെ അതിവേഗ ബാറ്റിംഗും.

ഈ മല്‍സരത്തിന്റെ വിജയപരാജങ്ങളെ തീരുമാനിക്കുക ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് തന്നെയാകും. വലിയൊരു ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇന്ത്യയ്ക്ക് നേടാനായാല്‍ ഇന്നിംഗ്‌സ് പരാജയം പോലും ഇംഗ്ലണ്ട് നേരിടേണ്ടി വരും.

ഇന്ത്യന്‍ സ്പിന്നര്‍മാരുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ കുത്തിത്തിരുപ്പുകാര്‍ അത്രത്തോളം പരിചയസമ്പന്നരല്ല ഏഷ്യന്‍ പിച്ചുകളില്‍. ഇത് തന്നെയാകും രണ്ട് ടീമുകളെയും തമ്മില്‍ വേര്‍തിരിക്കുന്ന വലിയ വ്യത്യാസവും.

Related Articles

Back to top button