Cricket

ശ്രേയസിനായി ‘ നമ്പര്‍ 3’ വിരാട് വഴിമാറേണ്ടി വന്നേക്കും!! അയ്യരുടെ വണ്‍ഡൗണ്‍ റിക്കാര്‍ഡ് അതുക്കും മേലെ!!

ലോകകപ്പ് അടുത്തതോടെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ടെന്‍ഷന്‍ എല്ലാം പതിയെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു മാസം മുമ്പ് ഏഷ്യാകപ്പിന് പോകുമ്പോള്‍ പ്രശ്‌നങ്ങളുടെ കുത്തൊഴുക്കായിരുന്നു. കെഎല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും പരിക്ക്. ബൗളിംഗില്‍ ആകെ കൂടി ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ.

ഏഷ്യാകപ്പും കഴിഞ്ഞ് ഓസീസ് പരമ്പരയില്‍ എത്തിയപ്പോള്‍ എല്ലാം സെറ്റാകുന്നതാണ് കാണുന്നത്. ബൗളിംഗില്‍ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കുന്നു.

സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കുല്‍ദീപ് യാദവ്-രവീന്ദ്ര ജഡേജയും റണ്‍സ് വഴങ്ങാന്‍ മടിക്കുന്നു. വിക്കറ്റുകളും നിര്‍ണായക സമയത്ത് വീഴ്ത്തുന്നു. ജഡേജ ബാറ്റിംഗില്‍ പതറുന്നത് മാത്രമാണ് ടീമിന് ആകെയുള്ള പ്രശ്‌നം.

ശ്രേയസ് അയ്യര്‍ ഇന്‍ഡോറില്‍ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഫോമിലേക്ക് വന്നതോടെ മധ്യനിരയിലെ ആശങ്കയ്ക്കും അവസാനമായിരിക്കുന്നു. തന്റെ പ്രിയപ്പെട്ട മൂന്നാം നമ്പറിലാണ് ശ്രേയസ് അടിക്കടി തിളങ്ങുന്നതെന്നത് ടീം മാനേജ്‌മെന്റിന് വലിയ വെല്ലുവിളിയാണ്.

കാരണം, മൂന്നാം നമ്പറിലെ സ്ഥിര സാന്നിധ്യം വിരാട് കോഹ്ലിയാണ്. ശ്രേയസ് തിരിച്ചുവരവില്‍ മൂന്നാം നമ്പറില്‍ സെഞ്ചുറി നേടിയെങ്കിലും വിരാട് വരുമ്പോള്‍ ആ സ്ഥാനം ഉറപ്പില്ല. നാലാം നമ്പറിലേക്ക് വിരാടിന് മാറ്റുന്നത് ചിലപ്പോള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യും.

അതേസമയം, മൂന്നാം നമ്പറില്‍ ശ്രേയസിന്റെ റിക്കാര്‍ഡ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മൂന്നാം നമ്പറില്‍ ശ്രേയസ് ഇതുവരെ കളിച്ചത് 11 ഇന്നിംഗ്‌സുകളാണ്. ഇതില്‍ വെറും 2 തവണ മാത്രമാണ് താരം രണ്ടക്കം കടക്കാതെ ഇരുന്നത്.

മൂന്നാം നമ്പറില്‍ കളിച്ചപ്പോള്‍ 1 സെഞ്ചുറിയും 6 അര്‍ധസെഞ്ചുറിയും 11 ഇന്നിംഗ്‌സുകളില്‍ നിന്നും താരം സ്വന്തമാക്കിയിട്ടുണ്ട്. അതെല്ലാം മികച്ച സ്‌ട്രൈക്ക് റേറ്റിലും. ഇവിടെയാണ് കോച്ച് രാഹുലിന് തലവേദന വര്‍ധിക്കുന്നത്.

ശ്രേയസ് നല്ലൊരു ഫിനിഷര്‍ കൂടിയാണ്. അതുകൊണ്ട് തന്നെ നാലാം നമ്പറിലേക്ക് താരത്തെ മാറ്റിയാലും വലിയ പ്രശ്‌നം ഉണ്ടായേക്കില്ല. മറിച്ച്, വിരാടിനെ നാലിലേക്ക് മാറ്റിയാല്‍ ചിലപ്പോള്‍ റോള്‍മാറ്റം വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

നിലവിലെ അവസ്ഥയില്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗില്‍ വലിയ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയില്ല. ഓസീസിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലേതു പോലെ മികച്ച ബാറ്റിംഗ് വിക്കറ്റ് തന്നെയാണ് ലോകകപ്പിനും ഒരുക്കിയിരിക്കുന്നത്.

ശ്രേയസും രാഹുലും ഗില്ലുമെല്ലാം ആവശ്യ നേരത്ത് കൃത്യമായി ഫോമിലായത് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ക്ക് പകരുന്ന ഊര്‍ജ്ജം വളരെ വലുതാണ്. ശ്രേയസ് വെറും 90 പന്തില്‍ 105 റണ്‍സടിച്ച് ഫോമിലായതോടെ ഇന്ത്യയുടെ ടോപ് 6 താരങ്ങളും ഒരു വര്‍ഷത്തിനിടെ സെഞ്ചുറി നേടിയെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button