Cricket

ആ വിളി കേട്ട് മടുത്തു…ഇനി ജോസേട്ടന്‍ ഇല്ല!! താന്‍ ഔദ്യോഗികമായി പേരുമാറ്റിയതായി പ്രഖ്യാപിച്ച് ജോസ് ബട്‌ലര്‍

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിലെ പ്രധാന താരമാണ് ഇംഗ്ലീഷ് ക്രിക്കറ്റര്‍ ജോസ് ബട്‌ലര്‍. മലയാളി ആരാധകര്‍ സ്‌നേഹപൂര്‍വം ജോസേട്ടന്‍ എന്നു വിളിച്ചിരുന്ന താരത്തെ ഇനി അങ്ങനെ വിളിക്കാനാവില്ല.

താന്‍ പേരുമാറ്റിയതായും ഇനി മുതല്‍ ജോസ് ബട്‌ലര്‍ അല്ല ജോഷ് ബട്‌ലറാണ് താനെന്നുമാണ് ജോസ് ബട്ട്‌ലര്‍ അറിയിച്ചിരിക്കുന്നത്. മുംബൈയ്‌ക്കെതിരായ മത്സരത്തിനു തൊട്ടു മുമ്പായിരുന്നു ബട്‌ലറുടെ ഈ പ്രഖ്യാപനം.

30 വര്‍ഷമായി തന്റെ ജീവിത്തില്‍ തുടര്‍ന്നു വരുന്നൊരു തെറ്റിന് ഒടുവില്‍ താന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയാണെന്ന് പ്രഖ്യാപിച്ചാണ് ബട്ലര്‍ ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബട്ലര്‍ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

അങ്ങനെ ആ പ്രശ്‌നം പരിഹരിച്ചു. കഴിഞ്ഞ 30 വര്‍ഷമായി എല്ലാവരും എന്നെ ജോഷ് എന്നാണ് തെറ്റായി വിളിച്ചിരുന്നത്. പലരെയും തിരുത്താന്‍ നോക്കിയിട്ടും നടന്നില്ല. എന്നാല്‍ പിന്നെ ജോഷ് ഔദ്യോഗികമാക്കാമെന്ന് കരുതുകയായിരുന്നുവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീം നായകനായ ബട്ലര്‍ പറഞ്ഞു.

പ്രിയപ്പെട്ടവരെ ഞാന്‍ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ നിങ്ങളുടെ സ്വന്തം ജോസ് ബട്ലര്‍.എന്റെ ജീവിതകാലം മുഴുവന്‍ എന്നെ തെറ്റായ പേരാണ് ആളുകള്‍ വിളിച്ചത്, തെരുവിലെ ആളുകള്‍ മുതല്‍ എന്റെ അമ്മ വരെ, എന്റെ ജന്മദിന കാര്‍ഡില്‍. പ്രിയപ്പെട്ട ജോഷ്, നിനക്ക് വയസാവുന്നു, ജന്മദിനാശംസകള്‍. ഒരുപാട് സ്‌നേഹം എന്നാണ് ആളുകള്‍ കുറിച്ചത്.

അങ്ങനെ, 13 വര്‍ഷത്തിന് ശേഷം എന്റെ രാജ്യത്തിനായി രണ്ട് ലോകകപ്പ് വിജയങ്ങള്‍ നേടിയശേഷം, ഞാനാ പ്രശ്‌നത്തിന് പരിഹാരം കാണുകയാാണ്. ഞാന്‍ ഇനി മുതല്‍ ഔദ്യോഗികമായും ജോഷ് ബട്ലറാണ്. ബട്ലര്‍ പറഞ്ഞു.

അതേസമയം ജോഷ് ബട്ട്‌ലര്‍ എന്ന പേരുള്ള മറ്റൊരു ക്രിക്കറ്ററുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഗ്വേണ്‍സിയ്ക്കായി കളിക്കുന്ന 27കാരനാണ് ആ ജോഷ് ബട്ട്‌ലര്‍. ആ ജോഷ് ബട്ട്‌ലര്‍ അത്ര പ്രശസ്തനല്ലെന്നതാണ് ഏക ആശ്വാസം.

Related Articles

Back to top button