Cricket

ട്വന്റി20 ലോകകപ്പില്‍ ആരാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍!! രോഹിതിനെ ഓപ്പണിംഗ് സ്ഥാനത്തു നിന്നു നീക്കുമോ ? വിദഗ്ധര്‍ പറയുന്നതിങ്ങനെ…

ട്വന്റി20 ലോകകപ്പിന് രണ്ടാഴ്ച മാത്രം സമയം ബാക്കിനില്‍ക്കെ ഇന്ത്യയുടെ ഓപ്പണിംഗ് ജോഡി ആരായിരിക്കുമെന്ന കാര്യത്തില്‍ തലപുകച്ച് ഇന്ത്യന്‍ ആരാധകര്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തുന്നത് യുവതാരം യശസ്വി ജയ്‌സ്വാളാണോ അതോ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ആണോയെന്ന കാര്യമാണ് അറിയാനുള്ളത്.

ഐപിഎല്ലില്‍ മോശം ഫോമിലാണെങ്കിലും ഇന്ത്യന്‍ ജഴ്‌സി അണിയുമ്പോള്‍ രോഹിത് വേറെ ലെവലാവുന്നതിലാണ് ആരാധകരുടെ പ്രതീക്ഷ.

ഐപിഎല്ലില്‍ ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ച കോഹ്‌ലിയെ ലോകകപ്പിലും അതേ റോളിന് പരിഗണിക്കണമെന്നാണ് പല ക്രിക്കറ്റ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ കോഹ്‌ലിക്കാകുമെന്ന് മുന്‍ താരം സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടപ്പോള്‍ ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍ ഒരു പടികൂടി കടന്ന് കോഹ്‌ലിയും ജയ്സ്വാളും ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ്് ഓപ്പണ്‍ ചെയ്യട്ടേയെന്ന് അഭിപ്രായപ്പെട്ടു.

ഓപ്പണിംഗില്‍ കോഹ്‌ലി-രോഹിത് സഖ്യം വരുന്നതിനെ ഹെയ്ഡന്‍ അനുകൂലിക്കുന്നില്ല, ഇടത്-വലത് സഖ്യമാണ് ഓപ്പണിംഗിന് മികച്ചത്, കോലിക്കൊപ്പം ജയ്സ്വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്നും മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിറങ്ങണമെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം നമ്പറിലേക്ക് മാറണമെന്നും ഹെയ്ഡന്‍ പറയുന്നു.

മധ്യനിരയിലും മികച്ച പ്രകടനം നടത്താന്‍ രോഹിതിനാവുമെന്നാണ് ഹെയ്ഡന്റെ പ്രതീക്ഷ. നിലവിലെ സ്ഥിതിയില്‍ രോഹിതിനെ ഓപ്പണിംഗില്‍ നിന്നൊഴിവാക്കാന്‍ സാധ്യതയില്ല.

രോഹിതിന്റെ പങ്കാളിയെ തീരുമാനിക്കുന്നതില്‍ മാത്രമാണ് ആശങ്ക. ഐപിഎലില്‍ കോലി മിന്നും ഫോം തുടരുന്നതും രോഹിതും ജയ്സ്വാളും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതുമാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്.

ജയ്സ്വാളിന് ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതിനാല്‍ കോഹ്‌ലി – രോഹിത് സഖ്യം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഫോമിലല്ലാത്ത രണ്ടു ബാറ്റര്‍മാരെ ഓപ്പണിംഗില്‍ ഒരുമിച്ചിറക്കാന്‍ ടീം മാനേജ്‌മെന്റ് ധൈര്യപ്പെടില്ലെന്നതു തന്നെയാണ് ഇതിനു കാരണം.

Related Articles

Back to top button