CricketTop Stories

4 ഓവറില്‍ വിട്ടുകൊടുത്തത് വെറും 4 റണ്‍സ്!! മുജീബ് വണ്ടര്‍ വീണ്ടും !!

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു അത്ഭുത പ്രകടനം കൂടി നടത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാന്‍. ബാര്‍ബഡോസ് റോയല്‍സിനുവേണ്ടി ഗയാന ആമസോണ്‍ വാരിയേഴ്‌സിനു എതിരേയാണ് മുജീബിന്റെ കിടിലന്‍ പ്രകടനം.

മല്‍സരത്തില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്ത മുജീബിന്റെ 21 പന്തിലും റണ്‍സ് കണ്ടെത്താന്‍ ഗയാന താരങ്ങള്‍ക്ക് സാധിച്ചില്ല. ഒരു വിക്കറ്റും താരം സ്വന്തമാക്കി. മഴമൂലം 16 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ബാറ്റുകൊണ്ടും ഈ അഫ്ഗാന്‍ താരം തിളങ്ങി.

കേവലം 9 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് ബാര്‍ബഡോസിനെ മാന്യമായ സ്‌കോറിലെത്തിക്കാന്‍ സ്പിന്നര്‍ക്കായി. മൂന്നു ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. ബാര്‍ബഡോസ് 16 ഓവറില്‍ 107 റണ്‍സെടുത്തപ്പോള്‍ ഗയാന മറുപടി 81 റണ്‍സിലൊതുങ്ങി. 33 പന്തില്‍ 40 റണ്‍സും രണ്ടോവറില്‍ ഒരു വിക്കറ്റും നേടിയ ജാസണ്‍ ഹോള്‍ഡറാണ് കളിയിലെ താരം.

കരീബിയന്‍ പ്രീമിയര്‍ ലീഗ് ആദ്യ റൗണ്ട് പിന്നിടാനിരിക്കേ ബാര്‍ബഡോസാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. എട്ടു കളിയില്‍ നിന്ന് 14 പോയിന്റ്. തോറ്റത് കേവലം ഒരു മല്‍സരത്തില്‍ മാത്രം. ഗയാന ആമസോണ്‍ വാരിയേഴ്‌സ് ഏറ്റവും പിന്നിലാണ്. വെറും 3 പോയിന്റ് മാത്രമാണ് അവര്‍ക്ക് നേടാനായത്.

Related Articles

Back to top button