Cricket

ഇംഗ്ലണ്ട് ക്ലബിനെ വിലയ്ക്കു വാങ്ങാന്‍ രാജസ്ഥാന്‍ റോയല്‍സ് നീക്കം!! സഞ്ജുവിന് കൗണ്ടി ഭാഗ്യം വരും?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ സീസണ്‍ മുതല്‍ അത്ഭുതങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഏവരെയും ഞെട്ടിച്ച് എത്തിയ രാജസ്ഥാന്‍ ആദ്യ സീസണില്‍ തന്നെ കിരീടത്തില്‍ മുത്തമിട്ടു. ആരാലും അറിയപ്പെടാത്ത ഒരുപിടി താരങ്ങളുമായിട്ടായിരുന്നു ജയ്പൂര്‍ ആസ്ഥാനമായ ടീമിന്റെ മിന്നും പ്രകടനം.

പിന്നീടുള്ള സീസണുകളിലും വലിയ പേരുകാരായ താരങ്ങളുടെ പുറകെ പോകാതെ തന്ത്രപരമായിട്ടായിരുന്നു ടീമിന്റെ നീക്കങ്ങള്‍. മികച്ച കളിക്കാരെ അവരുടെ സ്റ്റാര്‍ഡം നോക്കാതെ ടീമിലെത്തിക്കാന്‍ രാജസ്ഥാന്റെ സ്‌കൗട്ടിംഗ് ടീമിന് പ്രത്യേക കഴിവുണ്ടായിരുന്നു.

എല്ലാ ടീമുകളും ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളെയും വിദേശ താരങ്ങളെയും ക്യാപ്റ്റന്‍മാരാക്കിയപ്പോള്‍ രാജസ്ഥാന്‍ രണ്ടു സീസണുകളിലായി സഞ്ജു സാംസണിനെയാണ് ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. സഞ്ജുവിന്റെ വളര്‍ച്ചയിലും രാജസ്ഥാന് കൃത്യമായ സ്ഥാനമുണ്ട്.

ഇടയ്ക്ക് വാതുവയ്പില്‍ പുറത്തു പോകേണ്ടി വന്നത് രാജസ്ഥാന് തിരിച്ചടിയായെങ്കിലും തിരിച്ചുവരവിലും ടീം ആരാധകരുടെ പിന്തുണ നിലനിര്‍ത്തി. ഇപ്പോഴിതാ വലിയൊരു വാര്‍ത്ത രാജസ്ഥാനില്‍ നിന്നും വരുന്നുണ്ട്. അതൊരു ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ്.

ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മുന്‍നിര ടീമുകളില്‍ ഒന്നായ യോര്‍ക്ക്‌ഷെയര്‍ ക്രിക്കറ്റ് ക്ലബിനെ സ്വന്തമാക്കാനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റിലെ ഒരു ടീമിനെ ആദ്യമായിട്ടായിരിക്കും ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ആലോചിക്കുന്നത് തന്നെ.

യോര്‍ക്ക്‌ഷെയറിന്റെ മുഴുവന്‍ ഓഹരികളും വാങ്ങാന്‍ ഏകദേശം 260 കോടി രൂപയാണ് രാജസ്ഥാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 160 വര്‍ഷം പഴക്കമുള്ള ഹെഡിംഗ്‌ലീ ആസ്ഥാനമായ ക്ലബിന് സ്വന്തമായി സ്റ്റേഡിയവും വലിയ അക്കാഡമി സെറ്റപ്പുമുണ്ട്.

നിലവില്‍ ഇൗ ക്ലബ് ഒരു ഫൗണ്ടേഷന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് ക്ലബിന്റെ ചെയര്‍മാനായിരുന്ന കോളിന്‍ ഗ്രേവ്‌സിന്റെ കുടുംബ ട്രസ്റ്റാണ് ക്ലബിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. മുന്‍ ന്യൂകാസില്‍ ഉടമകയായ മൈക് ആഷ്‌ലിയും സൗദിയിലെ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദും ഈ കൗണ്ടി ക്ലബിനെ സ്വന്തമാക്കാന്‍ മുന്നിലുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് യോര്‍ക്ക്‌ഷെയറിനെ സ്വന്തമാക്കിയാല്‍ അത് സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കും ഗുണം ചെയ്യും. ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാമെന്നതിന് ഒപ്പം അവിടുത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ച് പരിശീലനം നടത്താനും സാധിക്കും.

നിലവില്‍ ബിസിസിഐ ഇന്ത്യയ്ക്ക് പുറത്ത് സ്വന്തം താരങ്ങളെ കളിക്കാന്‍ അനുവദിക്കുന്നത് ഇംഗ്ലണ്ടില്‍ മാത്രമാണ്. പണ്ടുമുതലേ നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോഴും ആ പതിവ് തുടരുന്നു.

ഇംഗ്ലീഷ് സാഹചര്യങ്ങള്‍ ഏറ്റവും ദുഷ്‌കരമായതാണ്. അവിടുത്തെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിക്കുന്നത് വഴി കളിക്കാര്‍ക്ക് കൂടുതല്‍ അനുഭവസമ്പത്ത് ഉണ്ടാകുമെന്നതാണ് ഇത്തരത്തില്‍ ബോര്‍ഡ് അനുവദിക്കാന്‍ കാരണം. എന്തായാലും രാജസ്ഥാന്‍ യോര്‍ക്ക്‌ഷെയറിനെ ഏറ്റെടുത്താല്‍ അത് പുതിയ ചരിത്രമാകും.

Related Articles

Back to top button