Cricket

അടിയോടടി!! ഏകദിനത്തില്‍ ട്വന്റി-20 അടിയുമായി സഞ്ജുവിന്റെ പിന്‍ഗാമി!!

വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കേരളത്തിന്റെ കൗമാര താരം രോഹന്‍ എസ് കുന്നുമ്മേല്‍. ഗോവ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളത്തിന്റെ യാത്ര അനായാസമാക്കിയത് രോഹന്റെ വെടിക്കെട്ടാണ്. വെറും 74 പന്തില്‍ നിന്നാണ് രോഹന്‍ സെഞ്ചുറി തികച്ചത്.

അടുത്ത കാലത്ത് ഒരു കേരള താരത്തില്‍ നിന്നുണ്ടായ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്‌സാണ് രോഹനില്‍ നിന്നുണ്ടായത്. ഒന്‍പതാം ഓവറില്‍ പി. രാഹുല്‍ (14) പുറത്താകുമ്പോള്‍ വെറും 39 റണ്‍സായിരുന്നു കേരള സ്‌കോര്‍.

എന്നാല്‍ പിന്നീട് ടോപ് ഗിയറിലേക്ക് മാറിയ രോഹന്‍ ഗോവന്‍ ബൗളര്‍മാരെ ശരിക്കും പെരുമാറി വിട്ടു. ഒരുവശത്ത് വല്‍സലിനെ (22) കാഴ്ച്ചക്കാരനാക്കി നിര്‍ത്തിയാണ് രോഹന്റെ വെടിക്കെട്ട്.

101 പന്തില്‍ നിന്ന് 134 റണ്‍സാണ് യുവതാരം പുറത്തായത്. 17 ഫോറും 4 സിക്‌സറുകളും രോഹന്റെ ഇന്നിംഗ്‌സിന് ചാരുതയേകി. കഴിഞ്ഞ മാസം നടന്ന സയിദ് മുഷ്താഖ് അലി ട്രോഫിയിലും രോഹന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഡിസംബറില്‍ നടക്കുന്ന താരലേലത്തില്‍ രോഹനെ വിവിധ ടീമുകള്‍ നോട്ടമിട്ടിട്ടുണ്ട്.

ആദ്യം ബാറ്റുചെയ്ത ഗോവയെ ശരാശരി സ്‌കോറില്‍ ഒതുക്കിയത് കേരള ബൗളര്‍മാരുടെ മികവായിരുന്നു. പുതുമുഖ താരം അഖില്‍ സ്‌കറിയ 34 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. എന്‍പി ബേസില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 69 റണ്‍സെടുത്ത ദര്‍ഷന്‍ മിഷല്‍ ആണ് ഗോവയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇത് കേരളത്തിന്റെ രണ്ടാം ജയമാണ്.

Related Articles

Back to top button