Cricket

ബംഗ്ലാദേശ് കീപ്പറിന്റെ കള്ളക്കളി കൈയോടെ പിടിച്ച് അംപയര്‍; പണിയും കൊടുത്തു!

എതിര്‍ ബാറ്റ്‌സ്മാനെ പറ്റിക്കാമെന്ന ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹസന്റെ നീക്കം പര്യവസാനിച്ചത് 5 റണ്‍സ് പെനാല്‍റ്റിയില്‍. ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മല്‍സരത്തിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു സംഭവം. ഷക്കീബ് അല്‍ ഹസന്‍ പന്തെറിയാന്‍ എത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ നടത്തിയ കൗശലമാണ് ബംഗ്ലാദേശിന് പെനാല്‍റ്റി ലഭിക്കാന്‍ കാരണം.

ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ റിലീ റോസോ ആയിരുന്നു ഈ സമയം ക്രീസില്‍. ഷക്കീബ് പന്തെറിയാന്‍ ചുവടുവച്ചപ്പോള്‍ നൂറുല്‍ തന്റെ ഇടതുവശത്തെ നീങ്ങി. ബാറ്റ്‌സ്മാനെ കബളിപ്പിക്കാനുള്ള ഈ നീക്കമാണ് അംപയര്‍ കൈയോടെ പിടികൂടിയത്. റോഡ് ടക്കര്‍ ആയിരുന്നു ഈ സമയം പ്രധാന അംപയര്‍. കൈയോടെ തന്നെ 5 റണ്‍സ് പെനാല്‍റ്റിയും നല്‍കി.

ക്രിക്കറ്റിലെ നിയമപ്രകാരം ബൗളര്‍ പന്തെറിയാന്‍ റണ്ണപ്പ് തുടങ്ങി കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ ചലിക്കാന്‍ പാടില്ല. ഇത് ലംഘിച്ചതിനാണ് നൂറുലിന് പെനാല്‍റ്റിയടിച്ചത്. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുന്ന മല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലാണ് അംപയര്‍ പെനാല്‍റ്റി നല്‍കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 5 പെനാല്‍റ്റി കിട്ടിയിരുന്നു.

Related Articles

Back to top button