CricketIPL

പാണ്ഡ്യ ഉപയോഗിച്ച ‘കുഴി’ ധോണി ഡബിള്‍ എന്‍ജിന്‍ ആയുധമാക്കി; കൂര്‍മബുദ്ധിയില്‍ ഗുജറാത്ത് വീണതിങ്ങനെ!!

ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിന് ഒരു കുഴപ്പമുണ്ട്. സ്പിന്നര്‍മാരോട് വല്ലാത്തൊരു സ്‌നേഹമുണ്ട് അവിടുത്തെ 22 വാരയിലെ പിച്ചിന്. മനസുതുറന്നു സ്‌നേഹിക്കുന്ന തമിഴരെ പോലെ.

ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയതും ചെന്നൈയിലെ പിച്ചും എംഎസ് ധോണിയെ ക്യാപ്റ്റന്റെ ബ്രില്യന്‍സും തന്നെയാണ്. ടോസ് നേടിയപ്പോള്‍ അമിത ആത്മവിശ്വാസത്തില്‍ ബൗളിംഗ് തെരഞ്ഞെടുത്ത ഹര്‍ദിക് പാണ്ഡ്യയ്ക്ക് ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ആശ്വാസമായതാണ്.

എന്നാല്‍ ചെന്നൈയിലെ പിച്ചിനെ റാഞ്ചിയിലെ തന്റെ വീടിനേക്കാള്‍ അടുത്തറിഞ്ഞ ധോണിക്ക് തെറ്റിയില്ല. സ്വയം സ്ഥാനക്കയറ്റം നേടിയെത്തിയ ഹര്‍ദിക് പാണ്ഡ്യയെ വീഴ്ത്താന്‍ ധോണി പ്രയോഗിച്ച തന്ത്രം ഏവരെയും അമ്പരപ്പിക്കുന്നതാണ്.

ആദ്യം ചെന്നൈയെ ഒതുക്കാന്‍ സ്വന്തം സ്പിന്നര്‍മാരെയാണ് പാണ്ഡ്യ ഉപയോഗിച്ചത്. അഫ്ഗാന്‍ സ്പിന്‍ ദ്വയം റഷീദ് ഖാന്‍-നൂര്‍ അഹമ്മദ് സഖ്യത്തെയാണ് ഉപയോഗിച്ചത്. വലിയ സ്‌കോറിലേക്ക് നീങ്ങിയ ചെന്നൈയ്ക്ക് ഇരുവരും ചേര്‍ന്നെറിഞ്ഞ എട്ടോവറില്‍ നേടാനായത് വെറും 66 റണ്‍സ് മാത്രമാണ്.

സ്പിന്നിനെ നേരിടാന്‍ വിക്കറ്റുകള്‍ കളയാതെ കളിക്കുകയെന്നത് മാത്രമായിരുന്നു മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് മുന്നിലുണ്ടായിരുന്നത്. തുടക്കത്തില്‍ തന്നെ റണ്‍സ് വന്‍തോതില്‍ കയറുന്നത് നിയന്ത്രിച്ച ധോണിക്ക് സ്പിന്നര്‍മാര്‍ വരുന്നതു വരെ സ്‌കോറിംഗ് നിയന്ത്രിക്കാനും സാധിച്ചു.

അതിനിടെ ഹര്‍ദിക്കിന്റെ വിക്കറ്റ് ലോട്ടറി പോലെ കിട്ടിയത് ചെന്നൈയുടെ ആത്മവിശ്വാസം വല്ലാതെ ഉയര്‍ത്തുകയും ഗുജറാത്തിന്റെ മനസാന്നിധ്യം വല്ലാതെ ഇടിയ്ക്കുകയും ചെയ്തു.

മുന്‍കളികളിലെല്ലാം ആറു മുതല്‍ 14 വരെയുള്ള ഓവറുകളില്‍ ഗുജറാത്ത് മധ്യനിര എതിര്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ആധിപത്യം നേടുന്നതായിരുന്നു കാഴ്ച്ച. ഇവിടെ കൃത്യമായി തന്റെ വിശ്വസ്ത സ്പിന്നര്‍മാരെ നിയോഗിച്ച് റണ്ണൊഴുക്ക് ധോണി തടഞ്ഞു.

പവര്‍പ്ലേ കഴിയുമ്പോള്‍ രണ്ടുവിക്കറ്റിന് 42 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഗുജറാത്ത്. എന്നാല്‍ പിന്നീടുള്ള എട്ടോവറുകള്‍ ചെന്നൈയുടെ അതി നിയന്ത്രണത്തില്‍ നിന്ന് ഗുജറാത്തിന് പുറത്തു കടക്കാനേ സാധിച്ചില്ല.

സ്പിന്നര്‍മാരെ കളംനിറച്ച ധോണിക്ക് കൃത്യമായ റിസല്‍ട്ട് കിട്ടി. മഹേഷ് തീഷ്ണയെയും രവീന്ദ്ര ജഡേജയെയും കളിക്കാന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുന്നുവെന്ന് വ്യക്തമായി മനസിലാക്കിയ ധോണി ഇരുവരെയും പരമാവധി ഉപയോഗപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്.

ഈ സീസണിന്റെ തുടക്കത്തില്‍ ഏറ്റവും മോശം ബൗളിംഗ് നിരയെന്ന് വിശേഷിപ്പിക്കപ്പെട്ടത് ചെന്നൈയുടേത് ആയിരുന്നു. പ്രധാന താരങ്ങള്‍ക്ക് പരിക്ക് പറ്റിയതോടെ കിട്ടിയ വിഭവങ്ങളെ ഉപയോഗിക്കാന്‍ ധോണിയും നിര്‍ബന്ധിതനായി.

മറ്റേതൊരു ടീമിലായിരുന്നെങ്കിലും തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് ഇത്രയധികം അവസരങ്ങള്‍ കിട്ടില്ലായിരുന്നു. തുടക്കത്തിലേ പതര്‍ച്ചയ്ക്കു ശേഷം ഈ എക്‌സ്പ്രസ് പേസര്‍ തിരിച്ചു വന്നതിനു കാരണം ധോണി നല്‍കിയ കോണ്‍ഫിഡന്‍സ് തന്നെയെന്ന് വ്യക്തമായി പറയാം.

ആരും ശ്രദ്ധിക്കാത്ത താരങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും ധോണി കാണിക്കുന്ന ഉള്‍ക്കണ്ണ് തന്നെയാണ് ഇതുവരെയുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ വിജയക്കുതിപ്പിന് അടിത്തറയെന്ന് ഏവരും തുറന്നു സമ്മതിക്കും.

Related Articles

Back to top button