CricketIPL

മുംബൈ ഇന്ത്യന്‍സിന്റെ 4.8 ‘കോടി’ വെറുതെയാകില്ല; ലീഗിന് മുമ്പ് തീപ്പന്തമായി ലങ്കന്‍ എക്‌സ്പ്രസ്!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലങ്ങളില്‍ കളിക്കാരെ കൃത്യമായി പഠിച്ച് ലേലത്തില്‍ പങ്കെടുക്കുകയും കളിക്കാരെ ടീമിലെത്തിക്കുകയും ചെയ്യുന്ന ഫ്രാഞ്ചൈസികളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. അവരുടെ സ്‌കൗട്ടിംഗ് ടീമിന്റെ മികവാണ് മുംബൈയെ പലപ്പോഴും വ്യത്യസ്തരാക്കുന്നത്.

മുമ്പ് ഐപിഎല്ലില്‍ തങ്ങള്‍ക്കായി കളിച്ചിട്ടുള്ള കളിക്കാരെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചാണ് മുംബൈ ഇന്ത്യന്‍സ് സ്‌കൗട്ടിംഗ്, പരിശീലന സംഘങ്ങളെ കൃത്യമായി വിനിയോഗിക്കുന്നത്. അതിന്റെ റിസല്‍ട്ട് ഐപിഎല്ലില്‍ അവര്‍ക്ക് ലഭിക്കാറുമുണ്ട്.

ഇത്തവണത്തെ താരലേലത്തില്‍ മുംബൈ അപ്രതീക്ഷിതമായി ടീമിലെത്തിച്ച താരമാണ് ശ്രീലങ്കയുടെ നുവാന്‍ തുഷാര. ഇതുവരെ കേവലം 8 ട്വന്റി-20 അന്താരാഷ്ട്ര മല്‍സരങ്ങള്‍ മാത്രമാണ് ഈ എക്‌സ്പ്രസ് ബൗളര്‍ കളിച്ചിട്ടുള്ളത്. ഐപിഎല്‍ താരലേലം നടക്കുന്ന സമയത്താകട്ടെ ശ്രീലങ്കന്‍ ടീമില്‍ കളിക്കുന്നു പോലുമില്ലായിരുന്നു.

എന്നിട്ടും തുഷാരയുടെ മികവ് തിരിച്ചറിഞ്ഞ ഫ്രാഞ്ചൈസി താരലേലത്തില്‍ 4.8 കോടി രൂപ മുടക്കിയാണ് 29കാരനായ ബൗളറെ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ ടീമായ എംഐ കേപ്ടൗണിനായി 5 കളിയില്‍ നിന്നും 8 വിക്കറ്റ് വീഴ്ത്തിയതും അടുത്തിടെയാണ്.

ഇതിനെല്ലാം കാരണക്കാരന്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ച് ലസിത് മലിംഗയുടെ സാന്നിധ്യമാണ്. തുഷാരയുടെ ബൗളിംഗ് കൃത്യമായി അറിയാവുന്ന മലിംഗ താരത്തെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസി ഉടമകളോട് നിര്‍ദേശിക്കുകയായിരുന്നു.

ഇതോടെയാണ് തുഷാരയെ ലേലത്തില്‍ എടുക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചതും. ഇപ്പോഴിതാ ബംഗ്ലാദേശ് പര്യടനത്തില്‍ തീതുപ്പും ബൗളിംഗുമായി തുഷാര രംഗത്തെത്തുകയും ചെയ്തു. അവസാന ട്വന്റി-20യില്‍ ഹാട്രിക്ക് നേടിയ താരത്തിന്റെ ബൗളിംഗ് വൈറലായി മാറിയിരിക്കുകയാണ്.

ബംഗ്ലാദേശ് ടോപ് ഓര്‍ഡറിനെ കശക്കിയെറിഞ്ഞത് തുഷാരയുടെ മിന്നല്‍ യോര്‍ക്കറുകളായിരുന്നു. ഈ മല്‍സരത്തില്‍ ഹാട്രിക്ക് നേടുകയും ചെയ്തു ലങ്കന്‍ പേസര്‍. ഈ നേട്ടം കൈവരിക്കുന്ന വെറും അഞ്ചാമത്തെ ലങ്കക്കാരനായും താരം മാറി.

2016ല്‍ റാഞ്ചിയില്‍ ഇന്ത്യയ്‌ക്കെതിരേ ഹാട്രിക്ക് നേടിയ തിസാര പെരേരയാണ് പട്ടികയിലെ ഒന്നാമന്‍. ലസിത് മലിംഗ രണ്ടുതവണയും അഖില ധനഞ്ജയ, വനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ തവണയും ഹാട്രിക്ക് സ്വന്തമാക്കി. ഈ താരങ്ങളെല്ലാം ഐപിഎല്ലില്‍ തിളങ്ങുകയും ചെയ്തിട്ടുണ്ട്.

ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സംബന്ധിച്ച് തുഷാരയുടെ ഐപിഎല്‍ പ്രവേശനം അവര്‍ക്കും ഗുണം ചെയ്യും. ട്വന്റി-20 ലോകകപ്പിന് മുമ്പ് നല്ലൊരു പരിശീലന അവസരം കിട്ടുന്നതിനൊപ്പം 4.8 കോടി രൂപയില്‍ നിശ്ചിത ശതമാനം വരുമാനം ബോര്‍ഡിനും ലഭിക്കും.

Related Articles

Back to top button