Cricket

എറിഞ്ഞിട്ടതെല്ലാം ഐപിഎല്‍ വിക്കറ്റുകള്‍!! വൈശാഖില്‍ കണ്ണുടക്കുമോ വമ്പന്‍ ടീമുകള്‍?

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരേ കേരളത്തിന് പന്തുകൊണ്ട് വിജയവഴി ഒരുക്കിയത് വൈശാഖ് ചന്ദ്രന്റെ കുത്തിതിരിഞ്ഞ പന്തുകള്‍. നാലോവര്‍ തുടര്‍ച്ചയായി എറിഞ്ഞ വൈശാഖിന് കിട്ടിയത് നാലു വിക്കറ്റുകളും. പേസര്‍മാരെ നന്നായി കളിക്കുന്ന കര്‍ണാടക ബാറ്റ്‌സ്മാന്മാര്‍ക്ക് മുന്നിലേക്ക് ഓഫ്‌സ്പിന്നറായ വൈശാഖിനെ നിയോഗിച്ച തീരുമാനത്തിന് ആദ്യ ഓവറില്‍ തന്നെ ഫലം കിട്ടി.

ഐപിഎല്ലിനെ മിന്നുംതാരമായ മയങ്ക് അഗര്‍വാളിനെ വീഴ്ത്തി വൈശാഖ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തീരുമാനം കൃത്യമാണെന്ന് തെളിയിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു മായങ്ക് മനുകൃഷ്ണന് ക്യാച്ച് നല്‍കി മടങ്ങിയത്. ഇംപാക്ട് പ്ലയറായി ക്രീസിലെത്തിയ ചേതന എല്‍ആറിനും വൈശാഖിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 6 പന്തില്‍ നിന്നായിരുന്നു ചേതന പൂജ്യനായി മടങ്ങിയത്.

തുടര്‍ച്ചയായി ഒരു സൈഡില്‍ സമ്മര്‍ദം ഉയര്‍ത്തി പന്തെറിയാന്‍ തുടങ്ങിയ വൈശാഖിനെ മാറ്റാന്‍ സച്ചിന്‍ ബേബി തയാറായില്ല. അതിനുള്ള ഫലം തൊട്ടടുത്ത ഓവറുകളില്‍ കിട്ടി. മലയാളി വേരുകളുള്ള ദേവ്ദത്ത് പടിക്കലും മനീഷ് പാണ്ഡ്യയും പിന്നാലെയുള്ള ഓവറുകളില്‍ വൈശാഖിന് മുന്നില്‍ കീഴടങ്ങി. വൈശാഖിന്റെ 4 ഓവറില്‍ 16 പന്തുകള്‍ ഡോട്ട് ബോളുകളായിരുന്നു. വിട്ടുകൊടുത്തത് വെറും 11 റണ്‍സ് മാത്രവും.

കേരളത്തിനായി അരങ്ങേറ്റ ട്വന്റി-20 ടൂര്‍ണമെന്റാണ് വൈശാഖിനിത്. തിരുവനന്തപുരം സ്വദേശിയായ വൈശാഖിന് ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ വലിയ വില കിട്ടുമെന്ന് ഏകദേശം ഉറപ്പായി. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആണെന്നിരിക്കെ വൈശാഖിന് ഏറെ പ്രതീക്ഷിക്കാം.

Related Articles

Back to top button