Cricket

ഇന്ത്യന്‍ സമ്മര്‍ദത്തിന് വഴങ്ങി പാക്കിസ്ഥാന്‍; ലോകകപ്പിന് ആരാധകര്‍ക്ക് ആശ്വാസ തീരുമാനം!!

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഈ വര്‍ഷം നടക്കേണ്ട ഐസിസി ലോകകപ്പിനെയും ഏഷ്യാകപ്പിനെയും ബാധിക്കുമെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ഏഷ്യാകപ്പ് ഇത്തവണ പാക്കിസ്ഥാനാണ് അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ പാക്കിസ്ഥാനിലേക്ക് പോകില്ലെന്നും വേറെ നിഷ്പക്ഷ വേദിയിലേക്ക് ടൂര്‍ണമെന്റ് മൊത്തത്തില്‍ മാറ്റണമെന്നുമാണ് ബിസിസിഐ നിലപാട്. ആദ്യം എതിര്‍ത്തു നിന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പലവിധത്തിലുള്ള ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു.

അതിലൊന്ന് ആദ്യത്തെ നാല് മല്‍സരങ്ങള്‍ ഇന്ത്യയുടെ ഒഴികെ പാക്കിസ്ഥാനില്‍ നടത്തി പിന്നീട് ടൂര്‍ണമെന്റ് യുഎഇയിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റുകയെന്നതാണ്. ഇന്ത്യന്‍ ബോര്‍ഡ് ഈ നിര്‍ദേശത്തോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ ടീമുകള്‍ക്ക് ഈ പ്ലാനിനോട് താല്പര്യക്കുറവില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇന്ത്യയും അവസാനഘട്ടത്തില്‍ ഈ പാക് നിലപാടിനെ അംഗീകരിക്കാനാണ് സാധ്യത.

കാരണം, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത് തന്നെ കാരണം. പാക്കിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ആദ്യം വീമ്പിളക്കിയെങ്കിലും പിന്നീട് അവര്‍ അതില്‍ നിന്നും പിന്തിരിഞ്ഞു.

ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത അനുസരിച്ച് ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാന്‍ സമ്മതമാണെന്ന് പിസിബി ഐസിസിയെ അറിയിച്ചെന്നതാണ്. ഐസിസിയുടെയും മറ്റ് അംഗരാജ്യങ്ങളുടെയും സമ്മര്‍ദമാണ് പാക്കിസ്ഥാനെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചത്.

ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ പാക്കിസ്ഥാന് ചിലപ്പോള്‍ ഐസിസി വിലക്ക് ഉള്‍പ്പെടെ നേരിടേണ്ടി വന്നേക്കും. അങ്ങനെ സംഭവിച്ചാല്‍ പാക് ക്രിക്കറ്റിന്റെ പതനത്തിനു പോലും അതു കാരണമാകും. ഇതാണ് തീരുമാനം മാറ്റാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.

Related Articles

Back to top button