Cricket

ഡ്രസിംഗ് റൂമില്‍ പരസ്പരം ആക്രോശിച്ച് ഹാര്‍ദിക്കും തിലക് വര്‍മയും !! മറ്റുള്ളവര്‍ പിടിച്ചു മാറ്റിയതു കൊണ്ട് അടി പൊട്ടിയില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫിലേക്ക് വിദൂര സാധ്യത മാത്രമാണുള്ളത്. ഇതുവരെ കളിച്ച പത്തു കളികളില്‍ ഏഴിലും പരാജയപ്പെടാനായിരുന്നു അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയുടെ വിധി.

ഇനിയുള്ള നാലുകളികളും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലെത്താന്‍ എന്തെങ്കിലും സാധ്യതയുള്ളൂ. മാത്രമല്ല മറ്റു ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമാവണം.

വെറ്ററന്‍ താരം രോഹിത് ശര്‍മ്മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചതിന് ശേഷം മുംബൈ ക്യാമ്പിലെ അന്തരീക്ഷം ഒട്ടും ശുഭകരമല്ല.

മാത്രമല്ല, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മുംബൈയുടെ അവസാന തോല്‍വി ഡ്രസിങ് റൂമിലെ കലഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വീര്യം കൂട്ടി.

ഡിസിക്കെതിരായ തോല്‍വിക്ക് ശേഷം, 258 റണ്‍സ് പിന്തുടരുന്നതില്‍ ടീമിന്റെ പരാജയത്തിന് യുവതാരം തിലക് വര്‍മ്മയെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പരസ്യമായി കുറ്റപ്പെടുത്തി. ഇടംകയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിനെതിരെ വേണ്ടത്ര ആക്രമണോത്സുകത കാണിക്കാത്തതിനായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വര്‍മ്മയെ ആക്ഷേപിച്ചത്.

ഡിസിയോട് ടീം തോറ്റതിന് ശേഷം പാണ്ഡ്യയും വര്‍മ്മയും തമ്മില്‍ ഇക്കാര്യം ചൊല്ലി തര്‍ക്കം നടന്നതായും ഒടുവില്‍ സഹതാരങ്ങള്‍ ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നുവെന്നും വിവരമുണ്ട്.

മത്സരത്തിലെ ടോപ് സ്‌കോറര്‍ ആയിട്ടും തന്നെ കുറ്റപ്പെടുത്തിയ ഹാര്‍ദിക്കിന്റെ സംസാരം തിലക് വര്‍മയ്ക്ക് ഇഷ്ടപ്പെടാതെ വരികയായിരുന്നു. എന്തായാലും വലിയ വാക്കേറ്റത്തിന് ശേഷം രോഹിതും ടീം ഉടമകളും വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംഭവം ഒതുങ്ങിയതെന്നും വിവരമുണ്ട്.

Related Articles

Back to top button