Cricket

കോഹ്‌ലി നാലോവര്‍ ചെയ്യട്ടെ…ഡുപ്ലസിയ്ക്കും ബൗള്‍ ചെയ്യാം!! 11 ബാറ്റര്‍മാരുമായി കളിക്കുന്നതാണ് ആര്‍സിബിയ്ക്ക് നല്ലതെന്ന് ഇതിഹാസ താരം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ റെക്കോഡ് സ്‌കോര്‍ വഴങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ ആര്‍സിബി 11 ബാറ്റര്‍മാരുമായി മൈതാനത്ത് ഇറങ്ങണമെന്നും എല്ലാവരും ബൗളിംഗിനു കൂടി തയാറായിരിക്കണമെന്നുമായിരുന്നു മുന്‍ വെടിക്കെട്ട് ഓപ്പണറുടെ പരിഹാസം.

287 റണ്‍സ് വഴങ്ങിയ ബൗളര്‍മാരെക്കാള്‍ നന്നായി വിരാട് കോഹ്‌ലിക്ക് പന്തെറിയാനാവുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

”റീസ് ടോപ്ലി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ക്കെല്ലാം നല്ല രീതിയില്‍ അടികിട്ടി. വില്‍ ജാക്‌സാണ് പിന്നെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 11 ബാറ്റര്‍മാരുമായി കളിക്കുന്നതാണ് ആര്‍സിബിക്ക് നല്ലത്. ഫാഫ് ഡൂപ്ലസി രണ്ടും കാമറൂണ്‍ ഗ്രീന്‍ നാലും വീതം ഓവറുകള്‍ എറിയണം. നാല് ഓവര്‍ എറിഞ്ഞാല്‍ സ്‌പെഷലിസ്റ്റ് ബോളര്‍മാരെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാകും വിരാട് കോലി പുറത്തെടുക്കുക.

പന്തുകള്‍ ഗാലറിയിലിലേക്ക് പോകുന്നതു നോക്കി നില്‍ക്കുന്ന കോഹ്‌ലിയുടെ അവസ്ഥ കണ്ടപ്പോള്‍ ഒരുഘട്ടത്തില്‍ എനിക്ക് വിഷമം തോന്നി. ബാറ്റിംഗിന് എത്തിയപ്പോഴും കോഹ്‌ലി ദേഷ്യത്തിലായിരുന്നു.

സണ്‍റൈസേഴ്‌സിനായി ഹെഡ്, ക്ലാസന്‍ തുടങ്ങി എല്ലാവരും അടിച്ചു തകര്‍ത്തു. അബ്ദുല്‍ സമദിന്റെ ബാറ്റിംഗ് അവസാനത്തെ ആണിയടിക്കുന്നതിനു സമമായിരുന്നു” ശ്രീകാന്ത് പറഞ്ഞു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലാണ് ഹൈദരാബാദ് ബെംഗളൂരുവിനെതിരെ അടിച്ചെടുത്ത 287 റണ്‍സ്.

ഐപിഎല്ലിലെ എന്നല്ല ഫ്രാഞ്ചൈസി ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മുംബൈക്കെതിരെ നേടിയ തങ്ങളുടെ തന്നെ 277 റണ്‍സിന്റെ റെക്കോര്‍ഡാണ് എസ്ആര്‍എച്ച് തകര്‍ത്തത്.

ഓഫ് സ്പിന്നര്‍ വില്‍ ജാക്‌സ് 3 ഓവറില്‍ 32 റണ്‍സാണ് വിട്ടുകൊടുത്തത്. എന്നാല്‍ പേസ് ബോളര്‍മാരായ ടോപ്‌ലി, യാഷ് ദയാല്‍, ഫെര്‍ഗൂസന്‍, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ 4 വീതം ഓവറില്‍ 50നു മേലെ റണ്‍സ് വഴങ്ങി. ആര്‍സിബിയുടെ മറുപടി 262ല്‍ അവസാനിച്ചു.

സീസണില്‍ കളിച്ച ഏഴു മത്സരങ്ങളില്‍ ആറും തോറ്റ ആര്‍സിബിയുടെ പ്ലേ ഓഫ് മോഹങ്ങള്‍ ഏറെക്കുറെ അടഞ്ഞ മട്ടാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് പ്ലേഓഫിലെത്താനാവൂ. ഞായറാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം.

Related Articles

Back to top button