Cricket

അശ്വിനെ നേരത്തെ ഇറക്കിയത് ഒന്നാന്തരം മണ്ടത്തരം !! സഞ്ജു സാംസണ് വീണ്ടും വിമര്‍ശനം

ഈ ഐപിഎല്ലില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് രാജസ്ഥാന്‍ റോയല്‍സ്. നിലവില്‍ കളിച്ച ഏഴു കളികളില്‍ ആറിലും വിജയിച്ച രാജസ്ഥാന് 12 പോയിന്റുമുണ്ട്.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും സഹതാരങ്ങളോടുള്ള ഇടപെടലും പ്രശംസ പിടിച്ചു പറ്റുന്നുമുണ്ട്. എന്നാല്‍ സഞ്ജുവിന്റെ ചില തീരുമാനങ്ങളെങ്കിലും വിമര്‍ശനങ്ങള്‍ക്കും പാത്രീഭവിക്കാറുണ്ട്.

പഞ്ചാബിനെതിരായ മത്സരത്തില്‍ തനുഷ് കോട്ടിയാനെ ഓപ്പണറായി ഇറക്കിയത് തന്നെ ഉദാഹരണം. മുംബൈയ്ക്കായി എട്ടില്‍ താഴെയുള്ള പൊസിഷനുകളില്‍ കളിക്കുന്ന താരത്തെ ഓപ്പണറാക്കിയത് പലരുടെയും നെറ്റി ചുളിച്ചിരുന്നു.

താരത്തിന്റെ മെല്ലെപ്പോക്ക് രാജസ്ഥാന്റെ ചേസിംഗില്‍ പ്രശ്‌നം സൃഷ്ടിച്ചെങ്കിലും കളി വിജയിച്ചതിനാല്‍ അത് വലിയ ചര്‍ച്ചയായില്ല.

അതുപോലെ തന്നെയാണ് സീസണില്‍ പല തവണ അശ്വിനെ ബാറ്റിംഗില്‍ നേരത്തെ ഇറക്കി നടത്തിയ പരീക്ഷണങ്ങള്‍.
ഇത്തരം പരീക്ഷണങ്ങള്‍ ടീമിന്റെ സമ്മര്‍ദം വര്‍ധിപ്പിക്കാന്‍ ഇടയാകുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പടുകൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്യുന്നതിനിടെയാണ് അശ്വിന് വീണ്ടും പ്രൊമോഷന്‍ നല്‍കിയത്.

224 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുമ്പോള്‍ ടീം സ്‌കോര്‍ 4ന് 100 എന്ന നിലയില്‍ നില്‍ക്കവെയാണ് അശ്വന്‍ ക്രീസിലെത്തിയത്.

രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ 9-ാം ഓവറിലായിരുന്നു ഇത്. റണ്‍റേറ്റ് ഉയര്‍ത്തേണ്ട നിര്‍ണായക സമയത്ത് സ്‌കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന അശ്വിനെയാണ് പിന്നീടു കണ്ടത്. ഇതോടെ റോയല്‍സ് ക്യാംപില്‍ സമ്മര്‍ദമേറുകയും ചെയ്തു.

ആറാമനായിറങ്ങിയ അശ്വിന്‍ 11 പന്തില്‍ 8 റണ്‍സ് മാത്രം നേടി വരുണ്‍ ചക്രവര്‍ത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ആകെ ഒരു ബൗണ്ടറി മാത്രമാണ് താരത്തിന് നേടാനായത്. വമ്പനടികള്‍ക്ക് കെല്‍പ്പുള്ള റോവ്മാന്‍ പവലും ഷിമ്‌റോണ്‍ ഹെറ്റ്‌മെയറും ഇരിക്കെയാണ് അശ്വിനെ ഇറക്കാനുള്ള തീരുമാനമെടുത്തതെന്നും ഇതു ന്യായീകരിക്കാനാവില്ലെന്നും ആരാധകര്‍ പറയുന്നത്.

നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ കളിയിലും അശ്വിനെ ബാറ്റിംഗ് പൊസിഷനില്‍ മുകളിലേക്ക് കയറ്റി ഇറക്കിയിരുന്നു. അന്ന് അഞ്ചാമത് ബാറ്റിംഗിന് ഇറങ്ങിയ അശ്വിന്‍ 19 പന്തില്‍ നിന്ന് 29 റണ്‍സ് നേടി.

കൊല്‍ക്കത്തയ്‌ക്കെതിരെ ഏഴാമനായി ക്രീസിലെത്തിയ ഹെറ്റ്‌മെയര്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായെങ്കിലും 13 പന്തില്‍ 26 റണ്‍സെടുത്ത പവലിന്റെ പ്രകടനം റോയല്‍സിന്റെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.

അപരാജിത സെഞ്ചുറിയുമായി തിളങ്ങിയ ജോസ് ബട്ലറാണ് (60 പന്തില്‍ 107*) രാജസ്ഥാനെ രക്ഷിച്ചത്. അവസാന പന്തിലാണ് രാജസ്ഥാന്‍ വിജയത്തിലെത്തിയത്. മത്സരം വിജയിച്ചതിനാല്‍ ഇത്തവണയും സഞ്ജു വന്‍വിമര്‍ശങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു.

Related Articles

Back to top button