Cricket

അവന്‍ എന്തിനും പോന്നവനാണ് !! ഗുജറാത്ത് ടൈറ്റന്‍സിന്റെ സൂപ്പര്‍താരത്തെ പുകഴ്ത്തി ഇര്‍ഫാന്‍ പത്താന്‍

ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു.

ആതിഥേയരായ ഗുജറാത്തിനെതിരെ ആറ് വിക്കറ്റിന്റെ അനായാസ വിജയമാണ് ഡല്‍ഹി നേടിയത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 90 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 8.5 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടുകയായിരുന്നു.

കാപ്പിറ്റല്‍സിനു വേണ്ടി ജേക് ഫ്രേസര്‍ 10 പന്തില്‍ 20 റണ്‍സും ഷായി ഹോപ്പ് 10 പന്തില്‍ 19 റണ്‍സ് ക്യാപ്റ്റന്‍ റിഷബ് പന്ത് 11 പന്തില്‍ 16 റണ്‍സ് നേടി. റിഷഭ് പന്താണ് മാന്‍ ഓഫ് ദി മാച്ച്.

സീസണില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് ഗുജറാത്തിന്റെ നാലാമത്തെ തോല്‍വിയാണിത്. ഈ അവസരത്തില്‍ ശേഷിക്കുന്ന കളികളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ടീമിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

‘ഞാന്‍ ഗുജറാത്തില്‍ നിന്നാണ്, അതിനാല്‍ ഫ്രാഞ്ചൈസിയുമായി വൈകാരിക ബന്ധമുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ ജയിക്കാന്‍ കഴിയുന്ന കളിക്കാര്‍ അവര്‍ക്കുണ്ട്. ശേഷിക്കുന്ന മത്സരങ്ങളില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്ക് തോന്നുന്നു,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ടൈറ്റന്‍സിന്റെ മികച്ച താരമായ റഷീദ് ഖാനെയും പത്താന്‍ പ്രശംസിച്ചു. ആറ് കളികളില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം തന്റെ ബൗളിംഗ് പ്രകടനത്തില്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ് വിചാരിക്കുന്നു.

‘ഖാന്‍ ഷെയ്ബ് അവരുടെ ഏറ്റവും വലിയ താരമാണ്. ഐ.പി.എല്‍ 2022ല്‍ അവരോടൊപ്പം ചേര്‍ന്നത് മുതല്‍ അദ്ദേഹം ആവേശഭരിതനാണ്. ബാറ്റ് ഉപയോഗിച്ച് റണ്‍സ് നേടാനും വിക്കറ്റുകള്‍ വീഴ്ത്താനും റാഷിദിന് കഴിയും.

അവന്‍ ടൈറ്റന്‍സിന് ഒരു സമ്പൂര്‍ണ്ണ പാക്കേജാണ്. ടീമിന് വേണ്ടി ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും,’ ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.

ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തില്‍ 31 റണ്‍സെടുത്ത റഷീദ് ഖാന്റെ ഒറ്റയാള്‍ പ്രകടനമാണ് ഗുജറാത്തിന്റെ സ്‌കോര്‍ ഇത്രയെങ്കിലും എത്തിച്ചത്. 12 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്ത് ഇന്നിംഗ്‌സിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.

Related Articles

Back to top button