Cricket

ട്വന്റി-20 പോലൊരു ടെസ്റ്റ് ജയം!! കില്ലര്‍ ത്രില്ലറില്‍ അവസാന പന്തില്‍ കിവീസ്!!

ഇൗ വര്‍ഷം ടെസ്റ്റില്‍ ത്രില്ലര്‍ പോരാട്ടങ്ങളുടെ ചാകരയാണ് നടക്കുന്നത്. ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതില്‍ ടെസ്റ്റ് രാജ്യങ്ങള്‍ മല്‍സരിക്കുകയാണോ എന്നു പോലും തോന്നിപ്പോകും.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ന്യൂസിലന്‍ഡ്-ശ്രീലങ്ക ആദ്യ ടെസ്റ്റ് അത്തരത്തിലൊന്നായിരുന്നു. അവസാന പന്തില്‍ രണ്ട് വിക്കറ്റ് ജയത്തോടെ കിവികള്‍ക്ക് നാടകീയ ജയവും. 285 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കിവികള്‍ ആദ്യ സെഷനുകളില്‍ സാദാ ടെസ്റ്റ് കളിച്ചതോടെ കളി സമനിലയില്‍ എന്നുറപ്പിച്ചതാണ്.

കളി പക്ഷേ അവസാന സെഷനില്‍ മാറിമറിഞ്ഞു. ട്വിസ്റ്റുകളുടെ ബഹളമായിരുന്നു പിന്നെ. അവസാന ഓവറിലേക്ക് കളിയെത്തിയപ്പോള്‍ 6 പന്തില്‍ 8 റണ്‍സെന്ന നിലയിലായി ലക്ഷ്യം. ക്രീസിലുള്ളത് മാറ്റ് ഹെന്‍ട്രിയും, കെയ്ന്‍ വില്യംസണും.

പന്തെറിയാനെത്തിയത് അസിത ഫെര്‍ണാണ്ടോ. ട്വിസ്റ്റിന് എരിവു കൂട്ടി മൂന്നാം പന്തില്‍ റണ്ണൗട്ട്. ഹെന്‍ട്രിയെ (4) ആണ് കിവികള്‍ക്ക് നഷ്ടമായത്. അവസാന രണ്ട് പന്തില്‍ നിന്ന് രണ്ട് റണ്‍സ് ജയിക്കാന്‍. സിംഗിളിലൂടെ അവസാന പന്തില്‍ വില്യംസണ്‍ കളി ആതിഥേയര്‍ക്ക് അനുകൂലമാക്കുകയും ചെയ്തു.

ഈ കളി കിവികള്‍ ജയിച്ചതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുകയും ചെയ്തു. ലങ്കയും ഫൈനലിലെത്താതെ പുറത്തായി. ഫൈനലില്‍ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയാണ് എതിരാളികള്‍.

Related Articles

Back to top button