Cricket

ചെന്നൈയുടെ മോശം പ്രകടനത്തിനു കാരണം ആ താരമാണ്!! അവനെ ടീമിന് വെളിയില്‍ കളയണമെന്ന് ആകാശ് ചോപ്ര

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ രചിന്‍ രവീന്ദ്ര ടീമിന് ബാധ്യതയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

സമീപ മത്സരങ്ങളിലൊന്നും രവീന്ദ്രയ്ക്ക് തിളങ്ങായിരുന്നില്ല. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ സീസണിലെ രണ്ടാം പോരാട്ടത്തിന് ചെന്നൈ ചെപ്പോക്കില്‍ സിഎസ്‌കെ ഇറങ്ങുന്നതിനു മുമ്പായിരുന്നു ചോപ്രയുടെ പ്രതികരണം.

എന്തായാലും ലഖ്‌നൗവിനെതിരേ ഇന്നലെ രവീന്ദ്രയെ സിഎസ്‌കെ കളിപ്പിച്ചില്ല. തന്റെ യൂട്യൂബ് ചാനലില്‍ പങ്കിട്ട ഒരു വീഡിയോയില്‍ ഗെയിമിന്റെ പ്രിവ്യൂവിലായിരുന്നു ചോപ്രയുടെ അഭിപ്രായ പ്രകടനം.

”ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പുകള്‍ നടക്കുന്നില്ല എന്നതാണ് ചെന്നൈയുടെ പ്രശ്‌നം. നിര്‍ഭാഗ്യവശാല്‍, അവരുടെ ഓപ്പണിംഗ് ഇതുവരെ ശരിയായി പ്രവര്‍ത്തിച്ചില്ല. അവര്‍ ഒരുപാട് കോമ്പിനേഷനുകള്‍ പരീക്ഷിച്ചു. രഹാനയെ ഓപ്പണിംഗിന് ഇറക്കി പരീക്ഷിച്ചു. പ്രശ്നം പക്ഷേ രച്ചിന്‍ രവീന്ദ്രയ്ക്ക് റണ്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നാണ്” അദ്ദേഹം പറഞ്ഞു

അജിങ്ക്യ രഹാനെ, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ സിഎസ്‌കെയ്ക്കായി ഓപ്പണ്‍ ചെയ്യണമെന്നും രവീന്ദ്രയെ ഒഴിവാക്കണം എന്നും ഡാരില്‍ മിച്ചലിനെ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ചോപ്രയുടെ ഉപദേശം. ”രചിന്‍ മോശം ഫോമിലാണ്. അവനെ ഒഴിവാകുന്നത് നന്നായിരിക്കും. പകരം മിച്ചല്‍ ടീമില്‍ വരണം ‘ ചോപ്ര നിരീക്ഷിച്ചു.

മൊയീന്‍ അലിയെ ബാറ്റിംഗിലും ബൗളിംഗിലും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നും ചോപ്ര ചെന്നൈയോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

എന്തായാലും ചോപ്രയുടെ നിര്‍ദേശം പോലെ തന്നെയായിരുന്നു കഴിഞ്ഞ ദിവസത്തെ ചെന്നൈ ടീം. രവീന്ദ്രയെ ഒഴിവാക്കിയ അവര്‍ ഡാരില്‍ മിച്ചലിന് ടീമില്‍ ഇടം നല്‍കി. ചോപ്ര പറഞ്ഞതു പോലെ ഋതുരാജ് ഗെയ്ക് വാദും അജിങ്ക്യ രഹാനെയും ചേര്‍ന്നായിരുന്നു ഓപ്പണിംഗ്. മോയീന്‍ അലി രണ്ടോവര്‍ എറിഞ്ഞുവെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.

Related Articles

Back to top button