Cricket

ട്വന്റി20 ലോകകപ്പില്‍ ബുംറ സ്വന്തമാക്കിയത് ചരിത്ര നേട്ടം !! ഈ റെക്കോഡ് ഒരിക്കലും തകര്‍ക്കപ്പെടുകയില്ല

ട്വന്റി20 ലോകകിരീടം നേടിയതിന്റെ സന്തോഷത്തിലാണ് ടീം ഇന്ത്യ. രണ്ടാമതൊരു ട്വന്റി20 കിരീടത്തിനായുള്ള നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനാണ് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ വിരാമമായത്.

ഫൈനലില്‍ ഏഴു റണ്‍സിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ ആണ് ബുംറ നേടിയത്.

ട്വന്റി20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരമായി മാറാനും ബുംറക്ക് സാധിച്ചിരുന്നു. 8.3 ആവറേജിലാണ് ബുംറ ഈ ലോകകപ്പില്‍ പന്തെറിഞ്ഞത്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും മറ്റാരുമായിരുന്നില്ല. ഇതോടെ മറ്റൊരു നേട്ടവും ബുംറ സ്വന്തമാക്കി. ടി-20 ലോകകപ്പില്‍ ഒരു റണ്‍സ് പോലും നേടാതെ പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്ന ആദ്യ താരമായി മാറാനാണ് ബുംറക്ക് സാധിച്ചത്.

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ മാത്രമായിരുന്നു ബുംറ ബാറ്റ് ചെയ്യേണ്ടി വന്നത്. എന്നാല്‍ ആ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്താവുകയായിരുന്നു. ക്രിക്കറ്റില്‍ തകര്‍ക്കപ്പെടാന്‍ ബുദ്ധിമുട്ടുള്ള റെക്കോഡുകളുടെ ഗണത്തിലാണ് ബുംറയുടെ ഈ നേട്ടം ഇടംപിടിച്ചിരിക്കുന്നത്.

Related Articles

Back to top button