Cricket

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ഒറ്റയ്ക്ക് അടിച്ചുപറത്തി ഹോപ്പ് ‘മാജിക്’!!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് പടുകൂറ്റന്‍ സ്‌കോര്‍. മറ്റ് ബാറ്റര്‍മാര്‍ കാഴ്ച്ചക്കാരുടെ റോളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ഷായ് ഹോപ്പ് തകര്‍ത്തടിച്ചു നേടിയ സെഞ്ചുറിയാണ് വിന്‍ഡീസിനെ വന്‍ സ്‌കോറിലെത്തിച്ചത്.

50 ഓവറില്‍ എട്ടുവിക്കറ്റിന് 335 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചെടുത്തത്. 115 പന്തില്‍ 7 സിക്‌സറുകളും 5 ഫോറും അടക്കം 128 റണ്‍സെടുത്ത ഹോപ്പ് പുറത്താകാതെ നിന്നു. 46 റണ്‍സെടുത്ത റോവന്‍ പവലാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ലുംഗി എന്‍ഗിഡിയും (10-0-76-0), മാര്‍ക്കോ ജാന്‍സണും (10-1-77-1) നല്ല രീതിയില്‍ പ്രഹരം ഏറ്റുവാങ്ങി. 57 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജെറാല്‍ഡ് കോട്‌സെയും രണ്ട് വിക്കറ്റ് പിഴുത് ജോര്‍ ഫോര്‍ട്ടുണും മാത്രമാണ് ഭേദപ്പെട്ട ബൗളിംഗ് പ്രകടനം നടത്തിയത്.

ഒന്‍പത് ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരേയും സെഞ്ചുറി നേടുന്ന ആദ്യ വിന്‍ഡീസ് താരമെന്ന റിക്കാര്‍ഡും ഈ മല്‍സരത്തോടെ ഹോപ്പ് സ്വന്തമാക്കി. 12 മത്തെ ഏകദിന എവേ സെഞ്ചുറിയാണ് താരം ഇന്ന് പൂര്‍ത്തിയാക്കിയത്.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിന് പതിവില്‍ നിന്നും വിരുദ്ധമായി ഭേദപ്പെട്ട തുടക്കം കിട്ടി. ബ്രെണ്ടന്‍ കിംഗും (30), കെയ്ല്‍ മയേഴ്‌സും (36) ആദ്യ വിക്കറ്റില്‍ കുറിച്ചത് 67 റണ്‍സ്.

എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ മൂന്നു വിക്കറ്റുകള്‍ വീണതോടെ വിക്കറ്റ് നഷ്ടപ്പെടാതെ 67 റണ്‍സില്‍ നിന്ന് മൂന്നിന് 71 റണ്‍സിലേക്ക് അവര്‍ നിലംപൊത്തി. ഈ ഘട്ടത്തിലാണ് ക്യാപ്റ്റനായ ഹോപ്പ് ഇന്നിംഗ്‌സിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

41 പന്തില്‍ 39 റണ്‍സെടുത്ത നിക്കോളസ് പൂരനൊപ്പം ആദ്യം കൂട്ടുകെട്ട്. പൂരാനെ കോട്‌സെ വീഴ്ത്തിയതോടെ എത്തിയ റോവന്‍ പവലിനൊപ്പം അടുത്ത കൂട്ടുകെട്ട്. അഞ്ചാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

പവല്‍ 237 ല്‍ മടങ്ങിയെങ്കിലും ജാസണ്‍ ഹോള്‍ഡര്‍ (15), അല്‍സാരി ജോസഫ് (13) എന്നിവരുടെ ചെറിയ സംഭാവനകളും വിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചു. പരമ്പരയില്‍ ആകെ മൂന്ന് മല്‍സരങ്ങളാണുള്ളത്. ആദ്യ മല്‍സരം മഴയില്‍ ഉപേക്ഷിച്ചിരുന്നു.

Related Articles

Back to top button