CricketTop Stories

ഓരോരോ മണ്ടത്തരങ്ങളുമായി ബിസിസിഐ വീണ്ടും; ഇത്തവണ ഇംപാക്ട് പ്ലയര്‍ രൂപത്തില്‍!

ലോക ക്രിക്കറ്റിനെ പോലും നിയന്ത്രിക്കുന്നത് ബിസിസിഐയാണ്. സമീപകാലത്ത് ഏഷ്യാകപ്പില്‍ അടക്കം ഇന്ത്യന്‍ ടീം മോശം പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കാരണമായത് ഒരു സമയത്ത് തന്നെ രണ്ട് ടീമുകളെ കളിപ്പിക്കുകയെന്ന തന്ത്രമായിരുന്നു. ഏഷ്യാകപ്പിന് മുമ്പ് ഒരേ സമയം രണ്ടു ഇന്ത്യന്‍ ടീമുകള്‍ രണ്ട് രാജ്യങ്ങളില്‍ കളിക്കാനിറങ്ങി. ഫലമോ, നല്ലൊരു ടൂര്‍ണമെന്റ് വന്നപ്പോള്‍ കൊള്ളാവുന്നൊരു ടീമിനെ ഇറക്കാന്‍ സാധിച്ചില്ല. ഫൈനലില്‍ പോലും കയറാതെ മടങ്ങേണ്ടിയും വന്നു.

ഇപ്പോഴിതാ അടുത്ത പരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോര്‍ഡ്. ഇത്തവണ പരീക്ഷണം ടീമിലല്ല. ആഭ്യന്തര ടൂര്‍ണമെന്റില്‍ ആണെന്ന് മാത്രം. സയദ് മുഷ്താഖ് അലി ട്രോഫിയിലാണ് പുതിയ പരിഷ്‌കാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. പുതിയ പരിഷ്‌കാരത്തിന്റെ പേര് ‘ഇംപാക്ട് പ്ലയര്‍’ എന്നാണ്.

മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ പരീക്ഷിക്കുന്ന ഈ ആശയത്തിന്റെ ഒരു രൂപരേഖ ഇങ്ങനെയാണ്- ടീമുകള്‍ക്ക് തങ്ങളുടെ 11 അംഗ ടീമിന് പുറത്ത് പകരക്കാരുടെ പട്ടികയില്‍ നിന്ന് ഒരു താരത്തെ ഇംപാക്ട് പ്ലയര്‍ ആയി തെരഞ്ഞെടുക്കാം. അതു ബാറ്റ്‌സ്മാനോ ബൗളറോ ആകാം. ഈ താരത്തിന് 14 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് എപ്പോള്‍ വേണമെങ്കിലും കളത്തിലിറങ്ങാം.

20 ഓവര്‍ മല്‍സരത്തില്‍ 14 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് ആയിരിക്കണം പുതിയ താരം ഇറങ്ങേണ്ടത്. ഉദാഹരണത്തിന് കേരളവും മുംബൈയും കളിക്കുന്നു. സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ഇംപാക്ട് പ്ലയര്‍ എന്നു കരുതുക. പത്താം ഓവറില്‍ ക്രീസിലുള്ള എസ്. സുധീഷ് ഔട്ടായി. അപ്പോള്‍ കോച്ചിന് തോന്നുകയാണ്.

ഇംപാക്ട് പ്ലയര്‍ ആയ സച്ചിനെ ഇറക്കാന്‍ പറ്റിയ സമയമാണിതെന്ന്. ആ താരത്തെ അപ്പോള്‍ തന്നെ ഇറക്കുകയും ചെയ്യാം. ബൗളിംഗിലും ഈ രീതിയില്‍ തന്നെയാണ് ഇംപാക്ട് പ്ലയറെ ഉപയോഗിക്കുന്നത്. പുതിയ നീക്കത്തോട് പലരും നെഗറ്റീവ് പ്രതികരണമാണ് നടത്തിയിരിക്കുന്നത്.

മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൂപ്പര്‍ സബ് എന്നൊരു സംഭവം ഉണ്ടായിരുന്നു. സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റിയാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. കുറെ നാള്‍ ഉപയോഗിച്ച ശേഷം ഈ നിയമം മാറ്റുകയും ചെയ്തു. ബിസിസിഐയുടെ ഇംപാക്ട് പ്ലയര്‍ സംഭവവും അകാലത്തില്‍ പൊലിയാനാണ് സാധ്യത.

Related Articles

Back to top button