Cricket

സിംഹളവീര്യത്തെ അവസാന ലാപ്പില്‍ കീഴടക്കി ബംഗ്ലാദേശ്!! ശ്രീലങ്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ആവേശോജ്ജ്വലമായ മത്സരത്തിനൊടുവില്‍ ശ്രീലങ്കയെ രണ്ടു വിക്കറ്റിന് തകര്‍ത്ത് ലോകകപ്പില്‍ വിജയത്തുടക്കം കുറിച്ച് ബംഗ്ലാദേശ്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശ്രീലങ്ക നിലനില്‍പ്പിന്റെ പോരാട്ടത്തിനാണിറങ്ങിയതെങ്കിലും ബംഗ്ലാക്കടുവകളുടെ പോരാട്ടവീര്യത്തിനു മുമ്പില്‍ അവര്‍ അടിപതറുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ഒമ്പതു വിക്കറ്റിന് 124ല്‍ ചുരുട്ടിക്കെട്ടിയ ബംഗ്ലാദേശ് 19 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഡാലസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ താരതമ്യേന മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. മൂന്നാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെ നഷ്ടമായെങ്കിലും അഞ്ചോവറില്‍ ലങ്കന്‍ സ്‌കോര്‍ 48ല്‍ എത്തിയതോടെ ബംഗ്ലാദേശിന്റെ തീരുമാനം പിഴച്ചുവെന്ന് മിക്കവരും കരുതി.

എന്നാല്‍ പിന്നീടങ്ങോട്ട് ബംഗ്ലാദേശ് മത്സരത്തില്‍ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്. ആറാം ഓവറിലെ ആദ്യ പന്തില്‍ കാമിന്ദു മെന്‍ഡിസ് പുറത്തായതോടെ ലങ്കന്‍ സ്‌കോറിന്റെ വേഗം കുറഞ്ഞു. ഒമ്പതാം ഓവറിന്റെ അഞ്ചാം പന്തില്‍ ഓപ്പണര്‍ പാത്തും നിസംഗ പുറത്തായപ്പോള്‍ സ്‌കോര്‍ 70.

28 പന്തില്‍ 48 റണ്‍സ് നേടിയ ശേഷമായിരുന്നു നിസങ്കയുടെ മടക്കം. എങ്കിലും 14 ഓവറില്‍ ടീം സ്‌കോര്‍ 100ല്‍ എത്തി.

എന്നാല്‍ 15-ാം ഓവറിന്റെ ആദ്യ പന്തില്‍ ചരിത് അസലങ്ക(19) പുറത്തായതിനു പിന്നാലെ ലങ്ക തകരുകയായിരുന്നു. ഒടുവില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സില്‍ അവര്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 21 റണ്‍സ് നേടിയ ധനഞ്ജയ ഡിസില്‍വയാണ് ലങ്കന്‍ നിരയിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. എയ്ഞ്ചലോ മാത്യൂസ് 16 റണ്‍സ് നേടി.

നാലോവറില്‍ 17 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുര്‍ റഹ്‌മാനും നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ റിഷാദ് ഹുസൈനും ചേര്‍ന്നാണ് ശ്രീലങ്കയെ തകര്‍ത്തത്. ടസ്‌കിന്‍ അഹമ്മദ് രണ്ടും തന്‍സിം ഹസന്‍ സാകിബ് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ആറു റണ്‍സ് എത്തിയപ്പോഴേക്കും ഓപ്പണര്‍മാര്‍ പുറത്ത്. ടീം സ്‌കോര്‍ 28 റണ്‍സില്‍ എത്തിയപ്പോഴേക്കും മൂന്നാമത്തെ വിക്കറ്റും അവര്‍ക്ക് നഷ്ടമായി.

എന്നാല്‍ നാലാം വിക്കറ്റില്‍ ലിട്ടന്‍ ദാസും തൗഹിദ് ഹൃദോയിയും ചേര്‍ന്നെടുത്ത 63 റണ്‍സ് ബംഗ്ലാദേശ് ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. ലിട്ടണ്‍ ദാസ് 38 പന്തില്‍ 36 റണ്‍സ് നേടിയപ്പോള്‍ 20 പന്തില്‍ ഒരു ഫോറും നാലു സിക്‌സറും സഹിതം 40 റണ്‍സെടുത്ത് വെടിക്കെട്ട് ബാറ്റിംഗാണ് ഹൃദോയ് പുറത്തെടുത്തത്. ഇരുവരും പുറത്തായ ശേഷം 113ന് എട്ട് എന്ന നിലയിലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തിയതോടെ ശ്രീലങ്കയ്ക്ക് വിജയപ്രതീക്ഷ കൈവന്നു.

എന്നാല്‍ വെറ്ററന്‍ താരം മഹമ്മദുള്ള(16) വാലറ്റക്കാരന്‍ തന്‍സിം ഹസന്‍ സക്കീബിനെ കൂട്ടുപിടിച്ച് 19 ഓവറില്‍ ബംഗ്ലാദേശിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

തോറ്റെങ്കിലും ലങ്കന്‍ പേസര്‍ നുവാന്‍ തുഷാര പുറത്തെടുത്ത ഉജ്ജ്വല ബൗളിംഗാണ് മത്സരത്തെ ആവേശകരമാക്കിയത്. നാലോവറില്‍ വെറും 18 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകളാണ് തുഷാര പിഴുതത്. ക്യാപ്റ്റന്‍ വാനിന്ദു ഹസരംഗ രണ്ടും ധനഞ്ജയ ഡിസില്‍വ, മതിഷാ പതിരാന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഈ മത്സരത്തോടെ ശ്രീലങ്കയ്ക്കായി ട്വന്റി20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരമായും ഹസരംഗ മാറി. 108 വിക്കറ്റുകളാണ് നിലവില്‍ താരത്തിനുള്ളത്. 107 വിക്കറ്റുകള്‍ നേടിയ ഇതിഹാസ താരം ലസിത് മലിംഗയെയാണ് ഹസരംഗ മറികടന്നത്.

റിഷാദ് ഹുസൈനാണ് മത്സരത്തിലെ താരം. തോല്‍വിയോടെ ശ്രീലങ്കയുടെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. ആദ്യ മത്സരത്തില്‍ അവര്‍ ദക്ഷിണാഫ്രിക്കയോടും തോറ്റിരുന്നു. 12ന് നേപ്പാളുമായാണ് അവരുടെ അടുത്ത മത്സരം.

Related Articles

Back to top button