Cricket

ഇഷാന്‍ കിഷന് ‘മാനസികാസ്വാസ്ഥ്യം’ ഉണ്ടാക്കിയത് ആ താരം!! ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതിയില്‍ ഉപേക്ഷിച്ചതിന്റെ കാരണം പുറത്ത്

മാനസികാരോഗ്യം വീണ്ടെടുക്കണമെന്നു പറഞ്ഞാണ് ഇഷാന്‍ കിഷന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതി വഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയത്. അതിനു ശേഷം വിശ്രമിക്കുന്നതിനു പകരം ദുബായില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായാണ് താരം പോയത്.

ഇത് ഏറെ കോലാഹലങ്ങളുണ്ടാക്കുകയും താരത്തിന് ടീമില്‍ സ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തു.

ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഇഷാന് ടീമില്‍ മടങ്ങിയെത്താമെന്ന് ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞെങ്കിലും രഞ്ജി ട്രോഫില്‍ കളിക്കാന്‍ പോയിട്ട്, കളി കാണാന്‍ പോലും ഇഷാന്‍ എത്തിയില്ല.

ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരക്കിട്ട് താരം പോന്നതിന്റെ കാരണം വെളിപ്പെട്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ജിതേഷ് ശര്‍മയെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഇഷാന്‍ കിഷന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതിയില്‍ ഉപേക്ഷിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയില്‍നിന്നും വിട്ടുനില്‍ക്കാനുള്ള കിഷന്റെ തീരുമാനത്തില്‍ ഈ അതൃപ്തി ഒരു പങ്കുവഹിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.

ടീമിനോടൊപ്പമുള്ള നിരന്തരമായ യാത്രകളും അവസരമില്ലായ്മയും മൂലമുള്ള മാനസിക സംഘര്‍ഷമാണ് വിട്ടുനില്‍ക്കാനുള്ള കാരണമായി ഇഷാന്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ കെ.എല്‍ രാഹുലിന്റെ പരിക്കും കെ.എസ് ഭരത് വളരെ മോശം ഫോമിലായിരുന്നിട്ടും ടെസ്റ്റ് ടീമില്‍ തുടരുന്നതും കൂട്ടിവായിക്കുമ്പോള്‍ ഇഷാന്‍ കിഷന്‍ ടീമിലേക്ക് വരേണ്ടത് തന്നെയാണ്. എന്നിട്ടും കിഷനെ ടീമിലെടുക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാണെന്നു തന്നെ കരുതാം.

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച ശേഷം ഇന്ത്യന്‍ ടീമിലേക്ക് കിഷന് മടങ്ങിയെത്താമെന്ന് ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും താരം അത് ഗൗനിച്ച മട്ടില്ല.

രഞ്ജി ട്രോഫിയില്‍ കളിക്കാനായി ഇഷാന്‍ കിഷന്‍ വരുമോയെന്ന കാര്യത്തില്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനും യാതൊരു ധാരണയുമില്ല. ഇഷാന്‍ കിഷനെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ദ്രാവിഡ് പറഞ്ഞത് താരത്തിനുള്ള അവസാന മുന്നറിപ്പായാണ് കരുതുന്നത്.

Related Articles

Back to top button