Cricket

സഞ്ജുവിനെയും പന്തിനെയും ഉള്‍പ്പെടുത്തി ഹര്‍ഭജന്റെ ലോകകപ്പ് ടീം!! പാണ്ഡ്യയും രാഹുലും പുറത്ത്; മൂന്നാം നമ്പരില്‍ സൂപ്പര്‍താരം

ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിറ്റുകളുമെല്ലാം തങ്ങളുടേതായ ടീമിനെ പ്രഖ്യാപിക്കുന്ന തിരിക്കിലാണ്.

മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിക്കുമോയെന്ന ആകാംക്ഷയിലാണ് മലയാളികളെല്ലാം. കഴിഞ്ഞ ദിവസം മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ തെരഞ്ഞെടുത്ത ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. പകരം റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇടംപിടിച്ചത്.

രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്യാപ്റ്റനായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ട മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും തന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.

പ്രതീക്ഷിച്ചതു പോലെ മലയാളി താരം സഞ്ജു സാംസണ് ഹര്‍ഭജന്‍ ലോകകപ്പ് ടീമിലിടം നല്‍കിയപ്പോള്‍ വൈസ് ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിലേക്ക് ഹര്‍ഭജന്‍ പരിഗണിച്ചില്ല.

സഞ്ജുവിനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും ഹര്‍ഭജന്‍ ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പറായി ഇടം നല്‍കിയപ്പോള്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഹര്‍ഭജന്‍ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമായി.

അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ മായങ്ക് യാദവിന് ഹര്‍ഭജന്‍ ലോകകപ്പ് ടീമിലിടം നല്‍കി. ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ്(156.9) മായങ്ക് ഏവരെയും ഞെട്ടിച്ചിരുന്നു. നിലവില്‍ ചെറിയ പരിക്കിന്റെ പിടിയിലാണ് താരം.

രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ഓപ്പണര്‍മാരാകുന്ന ഹര്‍ഭജന്റെ ലോകകപ്പ് ടീമില്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയാണുള്ളത്. സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശിവം ദുബെ എന്നിവര്‍ക്ക് പുറമെ സഞ്ജുവും റിഷഭ് പന്തുമാണ് ഹര്‍ഭജന്റെ ലോകകപ്പ് ടീമിലെ ബാറ്റര്‍മാര്‍.

സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയെ ടീമിലെടുത്തപ്പോള്‍ സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണ് ടീമിലെത്തിയത്. പേസര്‍മാരായി ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, മായങ്ക് യാദവ് എന്നിവരും ഹര്‍ഭജന്റെ ടീമില്‍ ഇടംപിടിച്ചു.

മെയ് ഒന്നിനാണ് ടീമിനെ പ്രഖ്യാപിക്കുക എന്ന് സൂചനയുണ്ട്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് ഏറ്റവുമധികം മത്സരം നടക്കുന്നത്. ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ധ്രുവ് ജൂറല്‍, ജിതേഷ് ശര്‍മ എന്നിവരാണ് തുടക്കത്തില്‍ മത്സരരംഗത്ത് ഉണ്ടായിരുന്നതെങ്കില്‍ ഐപിഎല്‍ സീസണ്‍ പാതിവഴി പിന്നിട്ടതോടെ ധ്രുവ് ജൂറലും ജിതേഷ് ശര്‍മയും മത്സരത്തില്‍ നിന്ന് ഏറെക്കുറെ പുറത്തായി.

പകരം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. റിഷഭ് പന്താണ് സീസണില്‍ ഇതുവരെ ഏറ്റവുമധികം റണ്‍സ് നേടിയ വിക്കറ്റ്കീപ്പര്‍.

Related Articles

Back to top button