Cricket

29 പന്തില്‍ അടിച്ച് ജയിച്ച് കേരളം!! സഞ്ജുവില്ലെങ്കിലും മലയാളികള്‍ സൂപ്പറാ!!

സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. അരുണാചല്‍പ്രദേശിനെ പത്തുവിക്കറ്റിനാണ് തോല്‍പ്പിച്ചത്. 54 റണ്‍സിന്റെ വിജയലക്ഷ്യം കേരളം 29 പന്തില്‍ മറികടന്നു. 13 പന്തില്‍ 32 റണ്‍സെടുത്ത ഓപ്പണര്‍ രോഹന്‍ കുന്നുമ്മേലാണ് കളിയിലെ താരം.

ടോസ് നേടിയ കേരളം അരുണാചല്‍പ്രദേശിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സഞ്ജു സാംസണിന്റെ അസാന്നിധ്യത്തില്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിച്ചത്. മഴമൂലം 11 ഓവറാക്കി മല്‍സരം ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത അരുണാചലിന് തുടക്കത്തില്‍ തന്നെ വലിയ അടികളുമായി മുന്നേറാനായില്ല.

ആദ്യ വിക്കറ്റ് വീണത് 5.5 ഓവറിലാണ്. എന്നാല്‍ 34 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ കാര്‍ഡില്‍ ഉണ്ടായിരുന്നത്. വിക്കറ്റെടുക്കുന്നതിലും റണ്‍സ് വഴങ്ങാതെ പന്തെറിയാനാണ് കേരള ബൗളര്‍മാര്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒരിക്കലും വമ്പനടികള്‍ക്ക് എതിരാളികള്‍ക്ക് അവസരം ലഭിച്ചതുമില്ല. സിജോമോന്‍ ജോസഫും എസ്. മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ചെറിയ ലക്ഷ്യത്തിലേക്ക് യാതൊരു പരിഭ്രാന്തിയും ഇല്ലാതെയാണ് കേരളം ബാറ്റിംഗ് തുടങ്ങിയത്. 4.5 ഓവറില്‍ തന്നെ കേരളം ലക്ഷ്യം മറികടന്നു. വിഷ്ണു വിനോദ് 16 പന്തില്‍ 23 റണ്‍സെടുത്തു. 13 പന്തില്‍ 32 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മേലാണ് കൂടുതല്‍ ആക്രമിച്ചു കളിച്ചത്.

Related Articles

Back to top button