CricketIPL

പാണ്ഡ്യ ‘ഭൂലോക’ മണ്ടത്തരം മുംബൈയുടെ അടിയിളക്കി; വിഡ്ഡിത്തം കണ്ട് ഞെട്ടി സച്ചിനും!!

ആദ്യം ഗുജറാത്തില്‍ ഇപ്പോഴിതാ ഹൈദരാബാദിലും, ഗ്യാലറിയിലെ ആരാധകര്‍ മാത്രമല്ല പ്രകൃതി തന്നെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് എതിരാകുന്നു. രണ്ടിടത്തും കൂവല്‍ ഏറ്റുവാങ്ങി ഗ്രൗണ്ടിലിറങ്ങിയ പാണ്ഡ്യയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് ഐപിഎല്‍ കാണുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റിക്കാര്‍ഡ് സ്‌കോര്‍ വഴങ്ങേണ്ടി വന്നതോടെ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയും റഡാറിലാണ്. വിഡ്ഡിത്തം നിറഞ്ഞ തീരുമാനങ്ങളുമായി കളംനിറയുന്ന പാണ്ഡ്യയുടെ നീക്കങ്ങള്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ പോലും ഞെട്ടിച്ചിരിക്കുകയാണ്.

ന്യൂബോളില്‍ എതിരാളികളെ വിറപ്പിക്കുന്ന ജസ്പ്രീത് ബുംറയെ അകറ്റിനിര്‍ത്തിയ തീരുമാനമാണ് വലിയ തോതില്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ആദ്യ കളിയിലെന്ന പോലെ രണ്ടാം മല്‍സരത്തിലും ബുംറയ്ക്ക് ന്യൂബോള്‍ നല്കിയില്ല.

ഹൈദരാബാദിനെതിരേ നാലാം ഓവര്‍ വരെ കാത്തിരുന്ന ശേഷമാണ് ബുംറയ്ക്ക് പന്തുകിട്ടുന്നത്. ആ സമയത്ത് ഹൈദരാബാദ് സ്‌കോര്‍ 3 ഓവറില്‍ 40 റണ്‍സായിരുന്നു. നാലാം ഓവറില്‍ വെറും 5 റണ്‍സാണ് ബുംറ വിട്ടുകൊടുത്തത്.

ആതിഥേയരുടെ വെടിക്കെട്ട് തടഞ്ഞു നിര്‍ത്തിയ ഏക ഓവറായിരുന്നു ഇത്. നല്ലരീതിയില്‍ പന്തെറിഞ്ഞ ബുംറയെ അടുത്ത ഓവറിലും ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു ക്യാപ്റ്റന്‍ പാണ്ഡ്യ. ബുംറയെ മാറ്റി ജെറാര്‍ഡ് കോട്‌സ്വയെ പന്തേല്പിച്ചു. ഫലമോ, ഈ ഓവറില്‍ പിറന്നത് 23 റണ്‍സും!

ആദ്യ പത്തോവര്‍ പിന്നിടുമ്പോള്‍ രണ്ടുവിക്കറ്റിന് 148 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഈ പത്തോവറില്‍ ബുംറ എറിഞ്ഞത് ആകെ ഒരൊറ്റ ഓവര്‍ മാത്രം. ഏതൊരു മോശം ക്യാപ്റ്റനും, കളിയുടെ എബിസിഡി അറിയാത്ത താരം പോലും ഇത്തരമൊരു അവസ്ഥയില്‍ തന്റെ ഏറ്റവും മികച്ച ബൗളര്‍ക്ക് പന്തുകൊടുക്കുമായിരുന്നു.

എന്നാല്‍ ബുംറയെ വിശ്വാസത്തിലെടുക്കാന്‍ പോലും ഹര്‍ദിക് തയാറായില്ല. ഡഗ്ഗൗട്ടില്‍ ഇരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ പോലും അടുത്തിരുന്നവരോട് ബുംറയുടെ കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. ബുംറയുടെ രണ്ടാം ഓവര്‍ പിന്നീട് വരുന്നത് ഹൈദരാബാദ് ഇന്നിംഗ്‌സിലെ പതിമൂന്നാം ഓവറിലാണ്.

ഈ ഓവറിലും വെറും 7 റണ്‍സാണ് സൂപ്പര്‍ പേസര്‍ വിട്ടുകൊടുത്തത്. പക്ഷേ അതിനകം തന്നെ ഹൈദരാബാദ് സേഫ് സോണില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ റിലാക്‌സ് ചെയ്തു കളിക്കാന്‍ ആതിഥേയര്‍ക്ക് സാധിക്കുകയും ചെയ്തു.

മുംബൈയെ സംബന്ധിച്ച് ഹര്‍ദിക്കിന്റെ ആദ്യ ഓവര്‍ ചെയ്യാനുള്ള തീരുമാനം അവരുടെ അടിത്തറ തകര്‍ക്കുന്നതാണ്. ബുംറ നല്കുന്ന ബൗളിംഗ് സമ്മര്‍ദങ്ങളായിരുന്നു കഴിഞ്ഞ സീസണ്‍ വരെ മുംബൈയുടെ നല്ല തുടക്കത്തിന് കാരണം.

ഇപ്പോള്‍ ആദ്യ ഓവര്‍ പാണ്ഡ്യ എറിയുന്നതോടെ സമ്മര്‍ദമില്ലാതെ ബാറ്റുചെയ്യാന്‍ എതിരാളികള്‍ക്ക് കഴിയുന്നു. ബുംറ എത്തുമ്പോഴേക്കും കളിയുടെ നിയന്ത്രണം സ്വന്തമാക്കാനും സാധിക്കുന്നു. ഈ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ പാണ്ഡ്യയ്ക്കും മുംബൈയ്ക്കും പ്ലേഓഫിന് മുമ്പ് കാലിടറും.

Related Articles

Back to top button