FootballISL

ദിമിയുടെ ‘പടിയിറക്കം’ കാരണം ലൂണയുടെ പ്രതിഫലം; രണ്ടിലൊരാളെ പറ്റൂ!! കരാര്‍ പുലിവാലാകും!!

കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള താരങ്ങളുടെ കരാറുകളുടെ കാര്യത്തില്‍ നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഈ സീസണ്‍ അവസാനിച്ചില്ലെങ്കിലും എല്ലാ കാര്യത്തിലും സൂപ്പര്‍ ഫാസ്റ്റായ കരോലിസ് സ്‌കിന്‍കിസാണ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.

വിദേശ താരങ്ങളുടെ കാര്യത്തിലാണ് എസ്ഡിയുടെ പ്രധാന ഇടപെടല്‍. ഗ്രീക്ക് താരവും ബ്ലാസ്റ്റേഴ്‌സിന്റെ ഗോളടിവീരനുമായ ദിമിത്രിയോസിനെ പിടിച്ചു നിര്‍ത്തുകയെന്ന വലിയ ദൗത്യമാണ് എസ്ഡിക്ക് മുന്നില്‍ വെല്ലുവിളിയായിട്ടുള്ളത്.

ദിമിത്രിയോസിനെ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി ഐഎസ്എല്‍ ക്ലബ്ബുകള്‍ മുന്നോട്ട് വരുന്നുണ്ട്. സാലറി കൂട്ടിനല്‍കണമെന്ന ദിമിയുടെ ആവശ്യം ബ്ലാസ്റ്റേഴ്‌സ് തള്ളിയതോടെ താരം ടീം വിട്ടേക്കാനാണ് സാധ്യത.

ഒരു സീസണില്‍ 3 കോടി രൂപയിലധികമാണ് ദിമി പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും കൂടുതല്‍ സാലറി നല്‍കാനാവില്ലെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. നായകനായ ലൂണയുടെ സാലറിയാണ് ദിമിയുടെ ബ്ലാസ്റ്റേഴ്‌സ് നിലനില്‍പ്പിനെ ബാധിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയില്‍ ഏറ്റവും കൂടുതല്‍ സാലറി വാങ്ങുന്ന താരമായ ലൂണയെക്കാള്‍ കൂടുതല്‍ സാലറി മറ്റൊരു താരത്തിനും നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയില്ല. ലൂണയുമായുള്ള കരാറിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ദിമിക്ക് 3 കോടി കൊടുക്കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചാല്‍ ലൂണയുടെ പ്രതിഫലവും വലിയതോതില്‍ ഉയര്‍ത്തേണ്ടിവരും. ഇത് ടീമിനെ വലിയ ബാധ്യതയിലേക്ക് തള്ളിയിടും. ഇപ്പോള്‍ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി ടീമിനെ ബാധിക്കുന്നുണ്ട്.

കഴിഞ്ഞ സീസണിലെ ഇറങ്ങിപ്പോക്കിനെ തുടര്‍ന്നുള്ള സംഭവങ്ങളില്‍ എഐഎഫ്എഫിന് വിധി പിഴശിക്ഷ നാലുകോടിയിലധികം രൂപ അടയ്‌ക്കേണ്ടതുണ്ട്. എതിരായി വിധി വന്നതോടെ ഈ തുക അടയ്ക്കുന്ന കാര്യത്തില്‍ അമാന്തം വരുത്താന്‍ സാധിക്കില്ല.

മറ്റൊരു പ്രശ്‌നവും ബ്ലാസ്റ്റേഴ്‌സിനെ തുറിച്ചു നോക്കുന്നുണ്ട്. പ്രധാന സ്‌പോണ്‍സറായ ബൈജൂസ് ഈ സീസണോടെ കരാര്‍ അവസാനിപ്പിക്കുകയാണ്. ഇത്രയും വലിയ തുക വേറെ ഒരു കമ്പനിയും സ്‌പോണ്‍സര്‍ഷിപ്പിനായി മുടക്കാന്‍ സാധ്യതയില്ല.

അതിനാല്‍ അടുത്ത സീസണില്‍ വരുമാനത്തില്‍ വലിയ കുറവുണ്ടാകും. ദേശീയ ടീം മോശം പ്രകടനം നടത്തുന്നതും ഐഎസ്എല്‍ റേറ്റിംഗ് കുത്തനെ ഇടിഞ്ഞതും അടുത്ത സീസണില്‍ ടീമുകളെ ബാധിക്കും. പല ടീമുകളും വലിയ കടക്കെണിയിലേക്ക് വീഴാനും സാധ്യതയുണ്ട്.

Related Articles

Back to top button