Cricket

ബംഗ്ലാദേശിനെ ബാറ്റിംഗ് പഠിപ്പിക്കാന്‍ ‘ബര്‍മൂഡ’ കോച്ചിനെ എത്തിച്ചു; അടിമുടി അഴിച്ചുപണി!!

എങ്ങനെ കളിച്ചിട്ടും രക്ഷപ്പെടാന്‍ സാധിക്കാത്ത ബംഗ്ലാദേശ് ക്രിക്കറ്റില്‍ അടിമുടി മാറ്റവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കോച്ചിംഗ് സെറ്റപ്പിലാണ് പുതിയ മാറ്റങ്ങള്‍ ബിസിബി പ്രഖ്യാപിച്ചത്. പുതിയ ബാറ്റിംഗ്, ബൗളിംഗ് പരിശീലകരെ എത്തിച്ച് ടീമിനെ കരകയറ്റാമെന്നാണ് അവരുടെ പ്രതീക്ഷ.

കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്യമായി നേട്ടമൊന്നും ഉണ്ടാക്കാത്ത ശ്രീലങ്കക്കാരനായ ചന്ദിക ഹതുരുസിംഗയെ ഹെഡ് കോച്ചായി നിലനിര്‍ത്തിയാണ് പുതിയ ആളുകളെ റിക്രൂട്ട് ചെയ്തത്. ബാറ്റിംഗ് കോച്ചായി എത്തുന്നത് മുന്‍ ബെര്‍മൂഡ ക്യാപ്റ്റന്‍ ഡേവിഡ് ഹെംപ് ആണ്.

ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ആയിരുന്ന ആന്ദ്രെ ആഡംസ് ബൗളിംഗ് യൂണിറ്റിനെ പരിശീലിപ്പിക്കും. ബെര്‍മൂഡയുടെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന ഹെംപ് കഴിഞ്ഞ വര്‍ഷം മുതല്‍ ബംഗ്ലാദേശില്‍ ഉണ്ട്. ബിസിബിയുടെ ഹൈപെര്‍ഫോമന്‍സ് സെന്ററിന്റെ ഹെഡ് കോച്ചായിരുന്നു അദേഹം.

53 കാരനായ ഹെംപ് ഇന്ത്യയ്‌ക്കെതിരേ 2007 ലോകകപ്പില്‍ ബെര്‍മൂഡയുടെ ടോപ് സ്‌കോററായിരുന്നു. അന്ന് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 5 വിക്കറ്റിന് 413 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ബെര്‍മൂഡയെ 156 റണ്‍സിലെത്തിച്ചത് 105 പന്തില്‍ 76 റണ്‍സെടുത്ത ഹെംപിന്റെ മികവാണ്.

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ 15,000 ത്തിലധികം റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. 22 ഏകദിനത്തില്‍ നിന്ന് 33.34 ശരാശരിയില്‍ 641 റണ്‍സ് താരം നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 102 ആണ്. ബെര്‍മൂഡയുടെ നായകനും ആയിരുന്നു ഹെംപ്.

ഈ വര്‍ഷം അമേരിക്കയിലും വിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ബംഗ്ലാദേശ് കോച്ചിംഗ് സംഘത്തില്‍ വലിയ പരിഷ്‌കരണങ്ങള്‍ വരുത്തിയിരിക്കുന്നത്. ലോകകപ്പിലേക്ക് മികച്ച ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം.

അതേസമയം, കളിക്കാര്‍ തമ്മിലുള്ള ഒത്തൊരുമയില്ലാത്തത് ദേശീയ ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. പാര്‍ലമെന്റ് അംഗമായി ജയിച്ചു കയറിയ ഷക്കീബ് അല്‍ ഹസന്‍ ലോകകപ്പ് കളിക്കുമോയെന്ന് ഇനിയും വ്യക്തമല്ല.

കണ്ണിന് രോഗം ബാധിച്ച ഷക്കീബ് തനിക്ക് പന്തെറിയാന്‍ പറ്റില്ല ബാറ്റ്‌സ്മാനായിട്ട് മാത്രം ലോകകപ്പ് കളിക്കാമെന്ന് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പക്ഷേ ബിസിബി ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടുമില്ല.

ചന്ദിക ഹതുരുസിംഗയുടെ കീഴില്‍ ബംഗ്ലാദേശിന് കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ടീമില്‍ ഗ്രൂപ്പിസം വളര്‍ത്തുന്നതില്‍ ചന്ദികയ്‌ക്കെതിരേ കളിക്കാര്‍ ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. കോച്ചിന്റെ സേവനം നേരത്തെ അവസാനിപ്പിച്ചാല്‍ വലിയ നഷ്ടപരിഹാരം നല്‌കേണ്ടതാണ് ബോര്‍ഡ് ഇയാളെ ഒഴിവാക്കാത്തതിന് കാരണം.

Related Articles

Back to top button