CricketIPL

രഞ്ജി ഉപേക്ഷിച്ച് ട്വന്റി-20 കളിച്ച കിഷന് വന്‍ നാണക്കേട്; എതിരാളികള്‍ അടിച്ച് നിലംപരിശാക്കി!!

കഴിഞ്ഞ കുറച്ചുനാളുകളായി ബിസിസിഐയുടെ നോട്ടപ്പുള്ളിയാണ് ഇഷാന്‍ കിഷന്‍. രാജ്യാന്തര പരമ്പരകള്‍ക്കിടയില്‍ സൈഡ് ബെഞ്ചിലിരുത്തിയെന്ന് പറഞ്ഞ് ഇടയ്ക്കുവച്ച് മുങ്ങുക, രഞ്ജി ട്രോഫി കളിക്കാന്‍ താല്പര്യമില്ലാതെ നൈറ്റ് പാര്‍ട്ടികളില്‍ പാറിനടക്കുക തുടങ്ങി പലവിധ വിവാദങ്ങളിലൂടെയാണ് ഈ ഇടംകൈയന്‍ ബാറ്ററുടെ മുന്നോട്ടുപോക്ക്.

ഇക്കാര്യത്തില്‍ ബിസിസിഐ വലിയ മുന്നറിയിപ്പും താരത്തിന് നല്കിയിട്ടുണ്ട്. അടുത്ത കരാറില്‍ താരത്തെ ഉള്‍പ്പെടുത്തില്ലെന്ന് ജയ്ഷാ തന്നെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നിട്ടും മാറാന്‍ കിഷന്‍ തയാറായിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ കിഷനെ ഉള്‍പ്പെടുത്തില്ലെന്നാണ് വാര്‍ത്ത.

ഇപ്പോഴിതാ ഐപിഎല്ലിന് തയാറെടുക്കുന്നതിന്റെ ഭാഗമായി മുംബൈയില്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ കിഷന് നാണംകെട്ട് തിരിച്ചു കയറേണ്ടി വന്നു. ബാറ്റിംഗില്‍ തിളങ്ങാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല വിക്കറ്റിന് പിന്നില്‍ രണ്ട് സ്റ്റംപിംഗ് നഷ്ടപ്പെടുത്തുകയും ചെയ്തു താരം.

ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു വേണ്ടിയാണ് കിഷന്‍ കളിക്കാനിറങ്ങിയത്. റൂട്ട് മൊബൈല്‍ ലിമിറ്റഡ് ആയിരുന്നു എതിരാളികള്‍. മല്‍സരത്തില്‍ 89 റണ്‍സിന്റെ മാരക തോല്‍വിയാണ് റിസര്‍വ് ബാങ്കിന് നേരിടേണ്ടി വന്നത്.

റൂട്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കിഷന്റെ ടീമിന് 16.3 ഓവറില്‍ 103 റണ്‍സിന് പുറത്താകേണ്ടിവന്നു. വിക്കറ്റിന് പിന്നില്‍ രണ്ട് സ്റ്റംപിംഗ് ചാന്‍സുകള്‍ കളഞ്ഞ കിഷന്‍ ഒരാളെ ഇത്തരത്തില്‍ പുറത്താക്കുകയും ചെയ്തു.

ബാറ്റിംഗില്‍ ഇറങ്ങിയിട്ടും താളംകണ്ടെത്താന്‍ താരത്തിനായില്ല. 12 പന്തില്‍ 19 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ഒരു സിക്‌സറും 2 ഫോറും ആ ബാറ്റില്‍ നിന്നും പ്രവഹിച്ചു. അടിച്ച ഒരു സിക്‌സറാകട്ടെ ഭാഗ്യം കൊണ്ട് കിട്ടിയതും.

മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ താരങ്ങളില്‍ പലരും ഈ ടൂര്‍ണമെന്റില്‍ വ്യത്യസ്ത ടീമുകളിലായി കളിക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും കളത്തിലിറങ്ങിയിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം കളിക്കാനിറങ്ങിയ പാണ്ഡ്യ ബൗളിംഗില്‍ തിളങ്ങുകയും ചെയ്തു.

ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സമീപകാലത്തെങ്ങും കിഷന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കില്ല. റിഷാഭ് പന്ത് കൂടി തിരിച്ചെത്താനിരിക്കേ ധ്രുവ് ജൂറലും ജിതേഷ് ശര്‍മയും സഞ്ജു സാംസണും അടക്കം ക്യൂനില്‍പ്പുണ്ട്.

കോച്ച് രാഹുല്‍ ദ്രാവിഡിനും കിഷന്റെ കാര്യത്തില്‍ വലിയ താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. തന്റെ അനിഷ്ടം അദേഹം ബോര്‍ഡിനെ നേരിട്ട് അറിയിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണിലാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്.

Related Articles

Back to top button