Cricket

എന്റെ മോനേ !! സൂര്യയുടെ ഇടിവെട്ട് ക്യാച്ചിന്റെയൊപ്പം നടന്ന മറ്റൊരു സംഭവത്തില്‍ വീഡിയോ വൈറല്‍

ആവേശകരമായ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.

അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലറിന്റെ ബാറ്റില്‍ നിന്നും പറന്ന സിക്‌സര്‍ എന്നുറപ്പിച്ച പന്ത് ബൗണ്ടറിയിലെ അത്യുഗ്രന്‍ ക്യാച്ചിലൂടെ കൈപ്പിടിയിലൊതുക്കിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ രക്ഷിച്ചത്.

പിന്നീട് പലപല സംവാദങ്ങളും ആ ക്യാച്ചിനെച്ചൊല്ലിയുണ്ടാവുകയും ചെയ്തു. അവസാന ഓവറില്‍ പ്രോട്ടീസിന് 16 റണ്‍സ് വേണ്ടിയിരിക്കെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ലോ ഫുള്‍ ടോസ് ലോംഗ് ഓഫിലേക്ക് ഡേവിഡ് മില്ലര്‍ പറത്തിവിട്ടത്. എന്നാല്‍ സൂര്യയുടെ ക്യാച്ച് ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റിക്കുകയായിരുന്നു.

അസാദ്യ മെയ്വഴക്കത്തിലൂടെ സൂര്യകുമാര്‍ പൂര്‍ത്തിയാക്കിയ മില്ലറിന്റെ ക്യാച്ച് ചില വിവാദങ്ങളിലേക്കും നയിച്ചു. അതിലൊന്ന് താരത്തിന്റെ കാല് ബൗണ്ടറി ലൈനില്‍ കൊണ്ടിരുന്നു എന്നതായിരുന്നു.

പന്ത് കൈയില്‍ ഇരുന്നപ്പോള്‍ തന്നെ ബൗണ്ടറി ലൈനില്‍ കാല് കൊണ്ടോ എന്നത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അമ്പയര്‍മാര്‍ നോക്കിയില്ല എന്ന് ചിലര്‍ പരാതി ഉന്നയിച്ചു. എന്നാല്‍ സൂര്യകുമാറിന്റെ ക്യാച്ച് ഒരു പെര്‍ഫെക്ട് ക്യാച്ച് ആയിരുന്നു എന്ന കാര്യത്തില്‍ ക്രിക്കറ്റ് പണ്ഡിറ്റുകള്‍ക്കാര്‍ക്കും സംശയമില്ലായിരുന്നു.

സൂര്യകുമാര്‍ ഈ ക്യാച്ച് പൂര്‍ത്തിയാകുന്നത് സംബന്ധിച്ച് പല വീഡിയോകള്‍ പുറത്ത് വന്നിരുന്നു. അതിലൊന്നില്‍ മില്ലറുടെ ഷോട്ടിനോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണം ഉള്‍പ്പെടുന്ന ഒരു ക്ലിപ്പ് ആണ്.

ഈ വീഡിയോയില്‍ മില്ലര്‍ അടിച്ച ഷോട്ട് പറന്നുയരുമ്പോള്‍ അത് സിക്‌സ് ആകുമോ എന്ന ഭയത്തില്‍ എല്ലാം തകര്‍ന്നവന്റെ മുഖഭാവത്തിലേക്ക് നീങ്ങുന്ന രോഹിതിനെ കാണാം. എന്നാല്‍ സൂര്യ ക്യാച്ച് പൂര്‍ത്തിയാക്കിയപ്പോള്‍ ആ ദുഃഖം പൊടുന്നൊനെ സന്തോഷമായി മാറുന്നതും വീഡിയോയില്‍ കാണാം.


ലോകകപ്പിലെ മികച്ച പ്രകടനം ട്വന്റി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒന്നാമതെത്തിക്കുകയും ചെയ്തു. ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയും പാണ്ഡ്യയ്‌ക്കൊപ്പം ഒന്നാമതുണ്ട്.

ട്വന്റി20 ലോകകപ്പില്‍ ഉടനീളം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഹാര്‍ദിക് മികച്ച പ്രകടനമാണ് നടത്തിയത്. ടൂര്‍ണമെന്റില്‍ താരം 144 റണ്‍സും 11 വിക്കറ്റും നേടി. ഈ വിഭാഗത്തില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പാണ്ഡ്യ.

Related Articles

Back to top button